വന്ന വഴി മറക്കരുത്...
മൂന്നാറിെല തോട്ടം േമഖലയിൽ നടന്ന സമരം കേരളത്തിലെന്നല്ല ഇന്ത്യയാകെ ചർച്ചാവിഷയമായ ഒരു സമരമാണ്. രാഷ്ട്രീയ ഭേദമന്യേ യോജിച്ചു കൊണ്ടുള്ള ഒരു സമരമായതിനാലാണ് അത് വിജയത്തിലേയ്ക്ക് എത്തി ചേർന്നതും. ഇത്തരത്തിൽ ഒരു സമരം സംഘടിപ്പിക്കാനുള്ള പ്രചോദനം എങ്ങിനെയുണ്ടായി എന്ന് തൊഴിലാളികൾക്കറിയില്ല എന്ന് തോന്നുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്താണെന്ന് എനിക്കറിയില്ല. മലബാർ മേഖലകളിൽ എഴുപത് എഴുപത്തഞ്ച് കാലഘട്ടങ്ങളിൽ പറന്പിലും പാടങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കൂലി ചോദിക്കാൻ അവകാശം ഉണ്ടായിരുന്നില്ല. ജന്മിമാർ കൊടുക്കുന്ന കൂലി വാങ്ങി പോവുകയാണ് പാവപ്പെട്ട തൊഴിലാളികളുടെ സ്ഥിതി.
ആട്മാടുകളെ പോലെ ഭക്ഷണം പോലും കൊടുക്കാതെ പാടത്തും പറന്പിലും പാവപ്പെട്ട തൊഴിലാളികൾ വിയർപ്പൊഴുക്കിയിട്ടുണ്ട്. ഇതിനൊരു അറുതി വരുത്തണമെന്ന് മുന്നിൽക്കണ്ടുകൊണ്ടാണ് കർഷക, കർഷകത്തൊഴിലാളി സംഘടനകൾ രംഗത്ത് വന്നത്. ജന്മിമാടന്പിമാരുടെ ആക്രമണത്തിൽ യൂണിയൻ പ്രവർത്തകർക്ക് രക്തസാക്ഷിയാകേണ്ടി വന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. ഒരു രൂപ കൂടുതൽ കൂലി കിട്ടണമെങ്കിൽ മാസങ്ങളോളം പണി നിർത്തി സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ സ്ഥിതി എന്താണ്, തൊഴിലാളി തന്നെ കൂലി പ്രഖ്യാപിക്കുകയാണ് എന്റെ കൂലി ഇത്ര വേണമെന്ന്. യൂണിയനോ നേതാക്കളോ ആരും തന്നെ വേണ്ട. ഇതിനുള്ള ചങ്കൂറ്റം എങ്ങിനെയുണ്ടായി എന്ന് തൊഴിലാളികൾ വിലയിരുത്തിയാൽ നല്ലതാണ്. ഇന്ന് മാധ്യമങ്ങളും ചാനലുകളും ലൈവായി സമരമുഖം കാണിക്കുന്പോൾ തൊഴിലാളികൾ ഒന്നോർക്കണം ഞങ്ങളുടെ പൂർവ്വികൻമാർ വന്നവഴി ഇങ്ങനെയല്ല എന്ന്. ഓരോ തൊഴിലാളിയുടേയും ശക്തി അതാത് തൊഴിലാളിയുടെ പ്രസ്ഥാനം തന്നെയാണ്. അതിനെ വില കുറച്ച് കാണരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
കുമാരൻ പെരുമുണ്ടച്ചേരി