പ്രതിമ തകർത്തവർക്കെതിരെ പ്രതികരിക്കാത്തതെന്ത് ?
ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. അതിൽ പല പല നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ശ്രീനാരായണ ഗുരുവിന്റെ ഫ്ളോട്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മന്ത്രം ഉരുവിട്ട് ഗുരുവിനെ വർഗ്ഗീയ കക്ഷിയായ ആർ.എസ്.എസ്സിന്റെ കൈകളിലേക്ക് കൊണ്ട് പോകുന്ന രംഗമാണ് അവിടെ ചിത്രീകരിച്ചത്. അല്ലാതെ ഗുരുവിനെ തേജോവധം ചെയ്യാനോ നിന്ദിക്കാനോ അതിന്റെ അണിയറ പ്രവത്തകർ ഉദ്ദേശിച്ചിട്ടില്ല എന്ന് വളരെ വ്യക്തമാണ്. അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും അത് ബോധ്യപ്പെടും. അല്ലാത്തവർക്ക് മനസ്സിലാവില്ല. മഞ്ഞക്കണ്ണ് കൊണ്ട് കാണുന്നവർക്ക് എല്ലാം മഞ്ഞ തന്നെയായിരിക്കും. തലശ്ശേരിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത ആർ.എസ്.എസ്സുകാർക്കെതിരെ കമ എന്ന ഒരക്ഷരം വെള്ളാപ്പള്ളി മിണ്ടിയിട്ടില്ല. ഇതിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് എല്ലാവർക്കും അറിയാം. ആർ.എസ്.എസ്സിന്റെ നേതാക്കളുമായി വെള്ളാപ്പള്ളി രഹസ്യ ചർച്ച നടത്തി എസ്.എൻ.ഡി.പിയെ ആർ.എസ്.എസ്സിന്റെ കൈകളിൽ എത്തിച്ച് അതിൽ നിന്നും ലാഭം കൊയ്യാൻ നോക്കിയ ആളാണ് വെള്ളാപ്പള്ളി. അത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് സി.പി.ഐ(എം) അതിനെതിരെ പ്രതികരിച്ചത്. ഗത്യന്തരമില്ലാതെ വെള്ളപ്പള്ളിക്ക് അതിൽ നിന്നും പിന്മാറേണ്ടി വന്നു. അവിടുന്നിങ്ങോട്ട് സി.പി.ഐ(എം) നെ ഏതെങ്കിലും വിധത്തിൽ താറടിച്ച് കാണിക്കണമെന്ന് വിചാരിക്കുന്പോഴാണ് ഈ ഒരു സംഭവം വെള്ളാപ്പള്ളിക്ക് വീണു കിട്ടിയത്. മലബാർ മേഖലയിൽ തീയ്യ സമുദായം കൂടുതലുണ്ടെങ്കിലും വെള്ളാപ്പാള്ളിക്ക് അവിടെ വേരോട്ടമുണ്ടാക്കാൻ കഴിയുന്നില്ല. അത് സി.പി.ഐ(എം) ന്റെ കോട്ടകൾ ആയതുകൊണ്ട് തന്നെയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഗുരുവിനെ സ്നേഹിക്കുന്നവരാണ് അവിടങ്ങളിൽ ഉള്ളത്. അത് പക്ഷെ വെള്ളാപ്പള്ളി വിചാരിക്കും പോലെ ലാഭം കൊയ്യുന്നവരല്ല അവിടുത്തെ ഗുരു സ്നേഹികൾ എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ...