ഭൂമി പൂജ: കർസേവകരാകുന്ന കോൺഗ്രസ് പ്രസ്ഥാനം
അബൂബക്കർ ഇരിങ്ങണ്ണൂർ (ബഹ്റൈൻ)
ബാബ്റി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചും ഭൂമിപൂജക്ക് വിളിക്കാത്തതിൽ പരിഭവിച്ചും മുതിർന്ന കോൺഗ്രസ്സ് മുൻ മുഖ്യമന്ത്രിമാർ രംഗത്ത് വന്നിരിക്കുകയാണ്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് 1989 കാലത്ത് ബാബരി പള്ളി ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാന്യാസത്തിനായ് തുറന്നു കൊടുത്തത്. അന്നു മുതലാണ് കോൺഗ്രസ്സിൻ്റെ മൗനാനുവാദത്തോടെ രാജ്യം മുഴക്കെ വർഗ്ഗീയ ദ്രുവീകരണത്തിന് തുടക്കമിടുന്നത്. പണ്ട് കോൺഗ്രസ്സായിരുന്നു ദേശത്താകെ വേരുകളുള്ള പാർട്ടി. കോൺഗ്രസ്സിനോട് ഏറ്റുമുട്ടിയ വിവിധ പാർട്ടികൾ അകാല ചരമ മടയുകയായിരുന്നു പതിവ്.
ഇന്ന് ആ സ്ഥാനങ്ങൾ ഒക്കെയും ഫാസിസ്റ്റ് ശക്തികൾ കീഴടക്കിയിരിക്കുന്നു. ഫാസിസ്റ്റ് ശക്തികൾ എപ്പോഴൊക്കെ പ്രതിപക്ഷത്തിരുന്നിട്ടുണ്ടോ അപ്പോഴൊക്കെയും അവരുടെ അദൃശ്യ ഭരണം കോൺഗ്രസ്സിൻ്റ സഹായത്താൽ ഇന്ത്യയിൽ എന്നും നടത്തിയിട്ടുണ്ട്.സായുധ വ്യോമ കരസേനയിലും മാധ്യമങ്ങളിലും മറ്റു ഉന്നതങ്ങളിലും എന്തിനേറെ ജുഡീഷ്യറിയിൽ പോലും ഈ ഭരണത്തിന്റെ നേർക്കാഴ്ചകൾ ഇന്നും കണ്ടു കൊണ്ടിരിക്കുകയാണ്.
1992 ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്പോൾ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു കോൺഗ്രസ്സ് മന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. എന്നിട്ടു പോലും ബാബരി മസ്ജിദ് തകർക്കപ്പെടുന്നത് എന്തുകൊണ്ട് റാവു സർക്കാരിന് തടയാൻ കഴിഞ്ഞില്ലന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പിൻഗാമികളിലൂടെ കാണാൻ കഴിയുന്നത്. ഇവരെയൊക്കെ കോൺഗ്രസ്സ് കർസേവക സംഘത്തിൻ്റെ നേതാക്കളായി വിലയിരുത്തപ്പെടുന്നതിൽ ആരെയും കുറ്റപ്പെടുത്തരുത്. രാഷ്ട്രം പ്രത്യേകമായൊരു മതത്തിന് മാത്രം അവകാശപ്പെട്ടതാണന്ന് പരോക്ഷമായി തന്നെ ഫാസിസം വിളിച്ചു പറയുംന്പോഴും പ്രതിപക്ഷത്തുള്ളവരെല്ലാം മൗനമാചരിക്കുന്നു. ഈ മൗനത്തിന്റെ മറവിൽ തന്നെയാണ് ഫാസിസം തടിച്ചു കൊഴുത്ത് വളർന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇതൊന്നും പ്രതിരോധിക്കാനുള്ള ശക്തിയുമില്ല.
മതനിരപേക്ഷ നിലപാടുള്ളവരെ അസ്വസ്ഥരപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതുമാണ് ഇതൊക്കെയും. രാജ്യത്ത് അരങ്ങേറുന്ന ചെറിയ അനിഷ്ട സംഭവങ്ങളിലേക്ക് പോലും കണ്ണ് തുറന്ന് പിടിച്ചു പ്രതികരിക്കുന്ന ഒരു ജനത രൂപപ്പെട്ടു വരിക എന്നതാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള ഏകമാർഗ്ഗം. അതാണിന്ന് രാജ്യത്തിന്റെ തെരുവുകളിലും കാന്പസുകളിലും രാപകൽ സമരങ്ങളായി രൂപം കൊള്ളുന്ന പ്രതിഷേധങ്ങൾ. പക്ഷെ ഈ സമരങ്ങളെ പോലും എകീകരണമില്ലാതെയും കൊടിയുടെ നിറമേതാണന്ന് നോക്കിയും രാഷ്ടീയവൽക്കരിച്ചു കൊണ്ടും വെവ്വേറെ സമരം ചെയ്തു ദുർബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭിന്നാഭിപ്രായം വെച്ചു പുലർത്തുന്നവരെയെല്ലാം ചേർത്തു പിടിച്ചും അവരെ ബോധ്യപ്പെടുത്തിയും വർഗ്ഗീയ ചിന്താശക്തികൾക്കെതിരെ മുന്നേറുകയാണ് നമുക്കിന്നാവശ്യം. അങ്ങനെ മൊത്തം മനുഷ്യരെയും ഫാസിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടിലേക്ക് കണ്ണി ചേർക്കാൻ കഴിയുക എന്ന ഏറ്റവും വലിയ മുന്നേറ്റം സാധ്യമാകണം. അതല്ല, ഇനിയും ഫാസിസത്തിനെതിരെ മൗനം പാലിച്ചും സങ്കുചിതമായ പ്രതിരോധങ്ങൾ തീർത്തുമാണ് ഒരു ജനത മുന്നോട്ട് പോകുന്നതെങ്കിൽ നമ്മുടെ രാജ്യം ഫാസിസത്തിന്റെ കീടങ്ങൾ പെറ്റു പെരുകുന്ന അഴുക്ക് ചാലുകളായി മാറുന്നത് കാണാൻ അധികനാളുകൾ വേണ്ടി വരില്ല.