സ്വാതന്ത്ര്യം എന്ന വാക്ക് അശ്ലീലമാവുന്ന നേരങ്ങൾ
കെ.പി റഷീദ്
ജയിലറകളിൽ, ഇനിയെന്ന് പുറത്തിറങ്ങാനാവും എന്നുറപ്പില്ലാതെ നിരന്തര പീഡനം ഏറ്റുവാങ്ങുന്ന മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നം സ്വാതന്ത്ര്യം ആയിരിക്കുമോ?
ആവും എന്നായിരുന്നു, ഒരാളെ ജീവിപ്പിക്കുന്ന ഏറ്റവും നിർണായകമായ ഘടകം സ്വാതന്ത്ര്യമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ എന്റെയും തോന്നൽ. എന്നാൽ, അതല്ലെന്നാണ് ഈയടുത്ത് വായിച്ച ചില പുസ്തകങ്ങൾ പറഞ്ഞു തരുന്നത്. അതെ, പുസ്തകങ്ങൾ! ജയിലിപ്പോഴും സിനിമയിലും പുസ്തകങ്ങളിലും മാത്രമായി അറിയുന്നവർക്ക് അത് തന്നെയാവും കണ്ണു തുറപ്പിക്കുന്ന പ്രധാന നിമിത്തം.
അലക്സാണ്ടർ സോൾ ഷെനിറ്റ്സന്റെ പ്രശസ്തമായ 'ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം' എന്ന പുസ്തകമായിരുന്നു അതിലൊന്ന്. സ്റ്റാലിന്റെ ഭരണകാലമാണ് അതിൽ. രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും പാർപ്പിക്കുന്ന ' ഗുലാഗ്' എന്ന കുപ്രസിദ്ധമായ ലേബർ ക്യാമ്പിലെ ജീവിതം.
ഷുഹോവ് എന്ന് വിളിക്കപ്പെടുന്ന ഇവാൻ ഡെനിസോവിച്ചിന്റെ ഒരു ദിവസത്തെ ജയിൽ ജീവിതമാണ് നോവൽ പറയുന്നത്. 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഒരാളാണ് ഷുഹോവ്. യുദ്ധത്തിനിടെ ജർമൻ സൈന്യത്തിന്റെ പിടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട റഷ്യൻ സൈനികൻ ആയിരുന്നു അയാൾ. തിരിച്ചെത്തിയതും അയാളെ ജർമൻ ചാരനെന്ന് മുദ്രകുത്തി സൈബീരിയൻ തടവറയിൽ അടക്കുകയായിരുന്നു.
അനിശ്ചിതത്വമാണ് അവിടെയുള്ള എല്ലാ തടവുകാരുടെയും പൊതു വികാരം. എന്ന് രക്ഷപ്പെടുമെന്ന് ഒരുറപ്പുമില്ല. ഏത് നിമിഷവും ശിക്ഷ വീണ്ടും കൂട്ടാം. ഏതെങ്കിലും മേലുദ്യോഗസ്ഥന്റെ ഏറ്റവും ചെറിയ നീരസമോ ചിട്ടകളിൽ ഒരു ചെറിയ വ്യതിയാനമോ ദൈനംദിന പീഡനങ്ങൾക്കിടെ വന്നു പെടാവുന്ന അധികമായ ഒരു നിലവിളിയോ മതിയാവും ശിക്ഷ കഠിനമാവാൻ.
ഒരു തടവു പുള്ളിയുടെ ആദ്യ ചോയ്സ് സ്വാതന്ത്ര്യമേ അല്ലെന്നാണ് അയാളുടെ പക്ഷം. രാപ്പകൽ പീഡനവും അതികഠിനമായ തണുപ്പിലെ കഠിനജോലികളും സ്ഥിരമാവുമ്പോൾ, സ്വാതന്ത്യം എന്ന വാക്കേ മറന്നു പോവും എന്നാണയാൾ പറയുന്നത്. ഇത്തിരി കൂടുതൽ റൊട്ടി, സൂപ്പെന്ന പേരിൽ കിട്ടുന്ന വെള്ളത്തിൽ വല്ലപ്പോഴും തടയുന്ന പഴകിയ മീനിന്റെ ഒരു മുള്ള്, കീറിയ ബൂട്ടിന്റെ ഇടയിലൂടെ കുത്തിക്കീറുന്ന തണുപ്പിന് ഇത്തിരി ആശ്വാസം, മെസിലെ ക്യൂവിൽ അടികൊള്ളാതെ നിൽക്കുന്ന ഇത്തിരി നേരം, ആശുപത്രിയിൽ ഒരാഴ്ച കിടപ്പ്....ഇത്രയൊക്കെയേ ഉണ്ടാവൂ സ്വപ്നങ്ങൾ എന്നാണയാൾ വിശദീകരിക്കുന്നത്.
അതെ. അതിജീവനം മാത്രമേ ഉള്ളൂ അവരുടെ മുന്നിൽ. പച്ച ജീവിതത്തിന്റെ പിടച്ചിൽ. അന്നന്നേരങ്ങൾ കടന്നു പോവൽ. കൊല്ലപ്പെടാനും പീഡിപ്പിക്കപ്പെടാനുമുള്ള നിരന്തര സാധ്യതകളുടെ മുനമ്പിൽ കഴിയുന്ന മറ്റു തടവുകാർക്കും ഇത്രയേ ഉള്ളൂ ആഗ്രഹങ്ങൾ. വീടോ അവിടെ കാത്തിരിക്കുന്നവരോ പുറം ലോകത്തെ ആർഭാടപൂർവ്വമായ സ്വാതന്ത്ര്യമോ അവരെ ഭ്രമിപ്പിക്കുന്നേയില്ല.
കമ്യൂണിസ്റ്റ് തടവറയ്ക്ക് മാത്രമല്ല ഈ സ്ഥിതി. നാസി ജർമനിയിലെ തടവറ ജീവിതം പച്ചയായി പകർത്തിയ സിനിമകളിലും പുസ്തകങ്ങളിലുമെല്ലാം മനുഷ്യർ ജീവിക്കുന്നത് സ്വാതന്ത്ര്യം എന്ന കൊതിയുമായല്ല. ഓഷ് വിറ്റ്സ് തടങ്കൽപ്പാളയത്തിൽ മരണം പോലെ വിജനമായ ജീവിതങ്ങളിൽ കുരുങ്ങിപ്പോയവരുടെ കഥ പറയുന്ന പ്രിമോ ലെവിയുടെ 'ഇതോ മനുഷ്യൻ' എന്ന പുസ്തകവും ഓർക്കുന്നു. അന്നന്നേരങ്ങളുടെ അതിജീവനം മാത്രമാണ് ഓഷ് വിറ്റ്സ് തടവുകാരുടെ ജീവന്റെ തിരി കെടുത്താതെ സൂക്ഷിക്കുന്നത്. ജീവൻ പിടിച്ചു നിർത്താനുള്ള ഇത്തിരി സൂത്രങ്ങളും കൊല്ലപ്പെടാതിരിക്കാനുള്ള തുറുകണ്ണും മാത്രമേ അവർ ഒപ്പം കൊണ്ടു നടക്കുന്നുള്ളൂ. നാസി പീഡന മുറികളിലെ രക്തമുറയുന്ന ഭീതിയെ മറികടക്കാൻ കറുത്ത നർമ്മം അസാമാന്യ ചാരുതയോടെ ഉപയോഗിക്കുന്ന റോബർട്ടോ ബെനിഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന സിനിമയിലും കണ്ടത് ഇതേ ആവൃത്തിയിൽ മിടിക്കുന്ന നെഞ്ചകങ്ങളെയാണ്. തൊട്ടു മുന്നിലുള്ള നിമിഷം. അതിനപ്പുറം മറ്റൊന്നുമില്ല അവരുടെ ഉള്ളിലും പുറത്തും. പിടിച്ചുനിൽക്കുക എന്നതിനപ്പുറം മറ്റൊരാഗ്രഹങ്ങളുമില്ല അതിലെ തടവു പുള്ളികൾക്കാർക്കും.
കഠിന ജീവിതങ്ങളിൽ കുരുങ്ങിപ്പോവുന്ന സഹജീവികളായ മനുഷ്യരുടെ മുന്നിലും ഇതൊക്കെയാവണം സാധ്യതകൾ. നിരന്തര മാനസിക ശാരീരിക പീഡനങ്ങളിൽ തുടരാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് സ്വാതന്ത്ര്യം എന്ന വാക്ക് പോലും ആഡംബരമോ അശ്ലീലമോ ആവണം. പിടിച്ചു നിൽക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ മാത്രമോടുന്ന വണ്ടികൾ. ഏത് സമയത്തും നിലം പതിക്കാവുന്ന കൊടും വിഷാദങ്ങളിൽ സ്ഥിരവാസമാക്കുന്നവർക്കും മുന്നിലുണ്ടാവുക അന്നന്നേരം മാത്രമാവും. മരിക്കാതിരിക്കാനുള്ള കുതറലുകൾ. പിടച്ചിലുകൾ. അത് മാത്രമാവണം അവർക്ക് ജീവിതം.
പർവതാരോഹകരെ കുറിച്ച് പറയാറുള്ളൊരു കാര്യമുണ്ട്. അവരെപ്പോഴും തൊട്ടുമുന്നിലേ നോക്കൂ. മുകളിലേക്ക് നോക്കില്ല. താഴേക്കും. മുകളിലേക്ക് നോക്കിയാൽ ഇനിയിത്ര കയറാനുണ്ടല്ലോ എന്ന നെഞ്ചിടിപ്പും ഭയവുമാവും മിച്ചം. മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്ന ഒരു സാധ്യത. താഴേക്ക് നോക്കിയാലും ഇത് തന്നെ അവസ്ഥ. ഇത്രയും ആഴമാണല്ലോ അടിയിൽ എന്ന ഞെട്ടലാവും ഫലം. അതും മരണത്തെ വലിച്ചടുപ്പിക്കുന്ന സാധ്യത.
അതിനാൽ തൊട്ടു മുന്നിലേക്ക് മാത്രം നോക്കി നടക്കാനാണ് പർവതാരോഹകർ പഠിക്കുന്നത്. പഠിപ്പിക്കുന്നത്. തൊട്ടടുത്ത കാൽ വെപ്പ് മാത്രം നോക്കിയുള്ള നടത്തം. ഇത് പോലെ, കഠിന യാഥാർത്ഥ്യങ്ങളുടെ ഒരു കാലത്ത് അത് തന്നെയാവും കൂട്ടരേ നമുക്കും അതിജീവനത്തിന്റെ പാതയാവുക. സാഹചര്യങ്ങൾ കൂട്ടിവായിച്ചാൽ ജീവിക്കാനാവില്ലെന്ന നിഗമനം മാത്രം ബാക്കിയാവുന്ന കാലത്ത് തൊട്ടു മുന്നിലെ ചുവട് മാത്രം കണ്ട് ചലിക്കുന്നതാവും നമ്മെ ബാക്കിയാക്കുക