പെട്ടി പെട്ടി ബാലറ്റ് പെട്ടി...
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തന്നെ മതി എന്നും വോട്ടിംഗ് മെഷീൻ ഒഴിവാക്കണം എന്നുമുള്ള ആവശ്യം ഇന്ത്യയിലെ പ്രതിപക്ഷം അടക്കമുള്ള പാർട്ടികൾ ഉന്നയിച്ചിരിക്കുകയാണ്. ഈ ആവശ്യത്തോട് ബഹ്റൈനിലെ വിവിധ മേഖലകളിൽ ഉള്ളവർ പ്രതികരിച്ചപ്പോൾ...
പ്രദീപ് പതേരി
2019-ൽ നടത്തേണ്ടുന്ന തിരഞ്ഞെടുപ്പ് വീണ്ടും പടിവാതിൽക്കൽ വന്നുനിൽക്കുന്പോൾ, പരന്പരാഗതമായ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയിലേയ്ക്ക് തിരിച്ചുപോകേണ്ടതുണ്ടോ, മറിച്ച് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് വേണ്ടതുണ്ടോ എന്ന വിഷയത്തിന് വളരെ സാംഗത്യം ഉണ്ടെന്ന് തോന്നുന്നു.
ഇത്രയും വലിയ തിരഞ്ഞെടുപ്പ് നടത്താൻ വേണ്ട സാന്പത്തിക ചിലവും (2014-ൽ 3426 കോടി രൂപ, 2009-ൽ ഇത് 1483 കോടി രൂപയായിരുന്നു) മനുഷ്യ കായിക വ്യയവും മറ്റ് സങ്കീർണ്ണതകളും വെച്ചുനോക്കുന്പോൾ, ലോകത്തിൽ ആദ്യമായി എസ്തോണിയയിൽ 2007-ൽ നടന്ന പൊതുപാർലമെന്റ് തിരഞ്ഞെടുപ്പ് പോലെ ഓൺലൈൻ ഇലക്ട്രോണിക് തിരഞ്ഞെടുപ്പോ, ഇന്ത്യയിൽ ഈയ്യിടെ പലപ്പോഴായി പരീക്ഷിച്ചു വന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയോ നടത്താവുന്നതേ ഉള്ളൂ എന്ന് സ്വാഭാവികമായും ചിന്തിക്കാവുന്നതാണ്. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് സന്പ്രദായം ഇന്ത്യൻ അനുഭവത്തിൽ ബാക്കിവെയ്ക്കുന്നതായി കാണുന്ന പരാധീനതകളിലൂടെയും പരാതികളിലൂടെയും ഒന്ന് കണ്ണോടിക്കുന്നത് ഇത്തരുണത്തിൽ അഭികാമ്യമാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും ഇന്ത്യയിലെ വരുന്ന പൊതുതിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആയിരിക്കും എന്നും ആക്കേണമെന്നും പരിഗണിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ.
ബ്ലാക്ക് ബോക്സ് സോഫ്റ്റ്വെയർ സന്പ്രദായത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നത്. മെഷീൻ പ്രവർത്തിപ്പിച്ചാൽ കിട്ടുന്ന ഔട്ട്പുട്ട് പരിശോധിക്കാൻ മാത്രമേ ജനങ്ങൾക്ക് (അല്ലെങ്കിൽ തേർഡ് പാർട്ടിക്ക്) അനുവാദം ഉള്ളൂ. എന്നുവെച്ചാൽ, ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ എന്താണെന്നോ അതിന്റെ പ്രവർത്തനം എങ്ങനെയാണെന്നോ പരിശോധിച്ച് അറിയാൻ നിർമ്മാതാക്കൾക്കല്ലാതെ മറ്റൊരാൾക്ക് അനുവാദം ഉണ്ടാകില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സോഫ്റ്റ്വെയർ നിർമ്മാതാവിന് കൃത്രിമം കാണിക്കാൻ അവസരം ഉണ്ട്. ഭയം കൊണ്ടോ, അനുകന്പ കൊണ്ടോ, ആനുകൂല്യം പ്രതീക്ഷിച്ചോ, മറ്റെന്തെങ്കിലും കാരണത്താലോ സോഫ്റ്റ്വെയർ നിർമ്മാതാവിന് ഏതെങ്കിലും സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായോ പ്രതികൂലമായോ കൃത്രിമം കാണിക്കാമെന്ന് സാരം. രണ്ടാമതായി, വോട്ടർക്ക് താൻ നൽകിയിരിക്കുന്ന വോട്ട് താൻ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണോ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാൻ വോട്ടിംഗ് മെഷീനിൽ അവസരമില്ല. മൂന്നാമതായി, സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലൂടെ, ആര് ആർക്ക് വോട്ട് ചെയ്തിരിക്കുന്നു എന്ന് മറ്റൊരാൾക്ക് അറിയാൻ കഴിയുമെന്നതിനാൽ രഹസ്യ വോട്ടിംഗ് എന്ന പരമതത്വംതന്നെ ലംഘിക്കപ്പെടാവുന്നതാണ്. ഇങ്ങിനെ പട്ടികപ്പെടുത്തിയാൽ നിരവധിയായ പോരായ്മകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗത്തിൽ ഉണ്ട്. ഏറ്റവും വലിയ സാന്പത്തിക ശക്തിയും സാങ്കേതിക തികവുള്ളവർ എന്നും അഹങ്കരിക്കുന്ന അമേരിക്കയിൽ നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ, തങ്ങളുടെ ശത്രുരാജ്യത്തിന് ഇടപെടാൻ കഴിഞ്ഞു എന്ന വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതിക തികവുകൊണ്ടും സാന്പത്തിക ഭദ്രതകൊണ്ടും തുലോം താഴെയുള്ള ഇന്ത്യയിൽ ഇത്തരം കൃത്രിമങ്ങൾ നടത്താനുള്ള സാധ്യതകൾ കൂടുതലാണെന്നത് കാണേണ്ടതുണ്ട്. എന്ത് തെറ്റായി പോകാമോ അത് തെറ്റായി സംഭവിച്ചിരിക്കും എന്ന മർഫിയുടെ നിയമം (Murphy’s Law) ഇവിടെ ഓർത്തുപോവുകയാണ്!!
എന്നിരുന്നാലും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെ ഭീമമായ സാന്പത്തിക ഭാരം പൊതുജനങ്ങൾക്ക് നൽകാതെ, ഏറ്റവും എളുപ്പത്തിൽ പ്രാപ്യമായതും മേൽപറഞ്ഞത്പോലുള്ള പോരായ്മകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കിയും; സ്വതന്ത്രവും, നീതിപൂർവ്വവും, രഹസ്യവും ആയ രീതിയിൽ പൊതുതിരഞ്ഞെടുപ്പ് നടത്താൻ, നൂതനവും സാങ്കേതിക തികവോടെയുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് സന്പ്രദായം തന്നെയാണ് അഭികാമ്യം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നിരുന്നാലും, വോട്ട് ചെയ്തുകഴിഞ്ഞാൽ താൻ ചെയ്ത വോട്ടിന്റെ സ്ഥിരീകരണത്തിന് ഒരു പ്രിന്റ്ഔട്ട് വോട്ടർക്ക് ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. വീട്ടിലിരുന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടാകുന്ന കാലവും അതിവിദൂരമാകില്ല എന്ന് പ്രത്യാശിക്കുന്നു.
എന്തൊക്കെ വോട്ടിംഗ് സന്പ്രദായം സ്വീകരിച്ചാലും, ഭരണഘടനയിൽ അധിഷ്ഠിതമായി ആർജ്ജവത്തോടെയും നിർഭയമായും പ്രവർത്തിക്കാൻ സന്നദ്ധരാകുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ മുതൽ താഴോട്ട് പോളിംഗ് ഓഫീസർമാർ വരെ ഇല്ലാതെ, ഇന്ത്യയിലെ ഒരു പൊതു തിരഞ്ഞെടുപ്പ് നീതിപൂർവ്വവും സ്വതന്ത്രവും ആകുമെന്ന് സ്വപ്നം കാണുക കൂടി സാധ്യമല്ല. പ്രത്യേകിച്ചും ഭയം അല്ലെങ്കിൽ പ്രീതിപ്പെടുത്തൽ എന്നിവയാണ് ഇന്ത്യയുടെ ഭരണനിർവ്വഹണത്തിൽ നിലവിലത്തെ ചാലക ശക്തികൾ എന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോൾ!!
ഹീരാ ജോസഫ്
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഉപയോഗിച്ചാൽ ഒരുപാട് പ്രയോജനങ്ങളുണ്ടെന്നത് വാസ്തവമാണ്. തിരഞ്ഞെടുപ്പിെന്റ മൊത്തം ചിലവ് കുറയും എന്നതാണ് ഒന്ന്. വോട്ടിംഗിനും വോെട്ടണ്ണലിനും വേണ്ടിവരുന്ന സമയവും ഗണ്യമായി കുറയ്ക്കാൻ ഇതുവഴി കഴിയുന്നുണ്ട്. എന്നാൽ, സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ച രാജ്യമാണ് ജപ്പാൻ എന്ന് ഏവർക്കും അറിയാം. 2000ത്തിന്റെ തുടക്കത്തിൽ പോലും ജപ്പാൻ പ്രധാനമന്ത്രിയെ കാണാനെത്തിയ വിദേശ പ്രതിനിധികളെ, പ്രൈവറ്റ് സെക്രട്ടറിക്ക് പകരം അസിമോ എന്ന റോബോട്ടിനെ കൊണ്ട് സ്വീകരിച്ചിരുത്തി അവരെ ഞെട്ടിച്ച് കളഞ്ഞ രാജ്യമാണ് ജപ്പാൻ. അന്ന് 2000ത്തിൽ സ്മാർട്ട് ഫോണും ഫേസ്ബുക്കും പോലും ജനിച്ചിട്ടില്ല. ആ ജപ്പാൻ ഇന്നും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് ബാലറ്റ് പേപ്പറാണ്. കാരണം വോട്ടിംഗ് മെഷീനുകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല എന്ന് സാങ്കേതിക വിദ്യ അരച്ചുകലക്കി കുടിച്ച ജപ്പാൻ എന്നേ മനസ്സിലാക്കി.
സമ്മതിദായകർ ഏത് ചിഹ്നത്തിൽ വോട്ട് ചെയ്താലും അതെല്ലാം ഒരു ചിഹ്നത്തിൽ മാത്രം വീഴുന്ന സ്ഥിതിവരെ ഉണ്ടായി. ശ്രദ്ധയിൽ വന്ന തകരാറുകൾ അപ്പപ്പോൾ പരിഹരിച്ചെന്ന് പറയാമെങ്കിലും പരാതിക്കാർക്ക് തൃപ്തികരമായ പരിഹാരം പലപ്പോഴും ഉണ്ടായിട്ടില്ല. ജനങ്ങളുടെ വോട്ടിന് വില കൽപ്പിക്കുന്ന രാജ്യങ്ങൾ മുഴുവൻ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യുന്പോൾ, നമുക്കും വേണ്ടേ ആ സുതാര്യത? അതോ വോട്ടും ചെയ്ത് വോട്ടിംഗ് യന്ത്രത്തിലെ ലൈറ്റ് തെളിയുന്പോഴുള്ള ഒച്ചയും കേട്ട്, എങ്ങോട്ടാണ് ആ വോട്ട് പോയത് എന്ന് പോലും അറിയാതെ തിരിച്ചു പോന്നാൽ മതിയോ?
ഗണേശ് കുമാർ എം.കെ
ബാലറ്റ് പേപ്പർ ഒഴിവാക്കണം എന്നുള്ള അഭിപ്രായത്തോടാണ് ഞാൻ യോജിക്കുന്നത്. ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങി പോകണം എന്ന അഭിപ്രായം പൊങ്ങി വന്നത് സമീപകാലത്ത്, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ ജയിച്ച് വന്നപ്പോഴാണ്. അതിന് ശേഷം ഇങ്ങനെ ജയിച്ചു വന്ന രാഷ്ട്രീയ പാർട്ടി തന്നെ അടുത്തിടെ പരാജയം നേരിട്ടതും നമ്മൾ കണ്ടതാണ്. അപ്പോൾ വോട്ടിംഗ് മെഷിനോ, ബാലറ്റ് പേപ്പ റോ അല്ല പ്രശ്നം, മറിച്ച് ജനങ്ങളുടെ സമ്മതിദാനം തന്നെയാണ് മുന്നിൽ വന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. പിന്നെ, എന്തടിസ്ഥാനത്തിലാണ് നാം ബാലറ്റ് പേപ്പറിന് പകരം വോട്ടിംഗ് മെഷീൻ നടപ്പിലാക്കിയത് എന്നത് പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന കാര്യമാണ്. ബാലറ്റ് പേപ്പറായിരുന്ന കാലത്ത് വോട്ട് ചെയ്തിരുന്നത്, അഡ്രസ് വേരിഫിക്കേഷന് ശേഷം ബാലറ്റ് പേപ്പറുമായി നാം വോട്ടിംഗ് സ്ഥലത്തേയ്ക്ക് പോകുന്നു, സമ്മതിദാനാവകാശം സീൽ മുദ്രയിലൂടെ ചിഹ്നത്തിൽ പതിപ്പിച്ച ശേഷം ചതുരാകൃതിയിൽ മടക്കി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നു. പിന്നീട് വോട്ടെണ്ണൽ കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോക്കുവാൻ ഈ ബാലറ്റ് പെട്ടികൾ വലിപ്പത്തിലും എണ്ണത്തിലും കൂടിയവയും കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുള്ളതുമാണ്. പിന്നീട് വോട്ടെണ്ണൽ തുടങ്ങുന്പോഴുള്ള തരംതിരിക്കൽ, വോട്ടെണ്ണൽ, റീ കൗണ്ടിംഗ് ഇവയൊക്കെ ഏറ്റവും അധികം സമയമെടുക്കുന്നതും മാത്രമല്ല പ്രയാസമേറിയതുമായുള്ള പ്രവർത്തിയാണ്.
നമുക്കറിയാം വികസനത്തിന്റെ തോത് ഇന്ന് സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെയാണ് ത്വരിതപ്പെടുത്തുന്നത്. വോട്ടിംഗ് മെഷിനുകൾ വന്നപ്പോൾ വോട്ട് ചെയ്യൽ, വോട്ടിംഗ് മെഷിനുകളുടെ എണ്ണം, വലിപ്പം, കൈകാര്യം ചെയ്യുവാനുള്ള അനായാസ രീതി, വോട്ടെണ്ണലിനുള്ള വേഗത, വേണ്ടി വന്നാൽ റീ കൗണ്ടിംഗ് ഇവയൊക്കെ എത്ര ലഘൂകരിക്കപ്പെട്ടുവെന്നുള്ളത് പ്രസക്തമായ കാര്യങ്ങളാണ്. നമുക്ക് വേണ്ടത്, വർഷങ്ങൾക്ക് പിന്നിലേയ്ക്ക് നമ്മെ എത്തിക്കുന്ന ബാലറ്റ് പേപറുകളല്ല, മറിച്ച് കൂടുതൽ പ്രവർത്തന ക്ഷമതയുള്ള വോട്ടിംഗ് മെഷീനുകളും, അടിയന്തര ഘട്ടത്തിൽ പ്രശ്നങ്ങൾ വന്നാൽ, അതിന് ഉടൻ തന്നെ പരിഹാരം കാണുവാൻ കഴിവുള്ള സാങ്കേതിക ജ്ഞാനവും, അത് ഭംഗിയായി നടപ്പാക്കുവാനുള്ള മനുഷ്യവിഭവവുമാണ്.
ദുർഗാ കാശിനാഥ്
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്നെ ആയിരിക്കും നല്ലത് എന്ന അഭിപ്രായം ആണ് എനിക്കുള്ളത്. കാരണം ഇന്ത്യൻ വോട്ടിംഗ് യന്ത്രം ഒരു വൈഫൈ ഉപയോഗിച്ചോ ഇന്റർനെറ്റ് ഉപയോഗിച്ചോ അല്ല ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരുധി വരെ സുരക്ഷിതം ആണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യുന്പോൾ അഴിമതി നടക്കാം. കൂടാതെ സമയ നഷ്ടവും ഉണ്ടാകുന്നു. അതുവഴി ദേശീയനഷ്ടം ഉണ്ടാകും. ഇപ്പോൾ ബാലറ്റ് പേപ്പർ വേണം എന്ന് ശഠിച്ച് ഇലക്ഷൻ വൈകിക്കാനും ഒരു തിരഞ്ഞെടുപ്പ് ആക്രമണം ഉണ്ടാവാനും ഇടയാക്കും. അതുകൊണ്ട് ഈ വരുന്ന തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ആവട്ടെ വോട്ടിംഗ്. ഇലക്ട്രോണിക് യന്ത്രത്തിന് ഓരോ രഹസ്യ കോഡ് ഉണ്ട്. ആ കോഡ് ഇലക്ഷൻ കമ്മീഷനും ഓരോ ജില്ലാ ഇലക്ഷൻ ഹെഡ്ഡിനും മാത്രമേ അറിയൂ. ഇപ്പോൾ വരുന്ന ഇലക്ഷന് നമ്മൾ ഓരോരുത്തർക്കും ആരേയും ഭയപ്പെടാതെ വോട്ട് ചെയ്യാനുള്ള സംവിധാനവും, വോട്ട് ചെയ്യുന്നതിനോടൊപ്പം വോട്ട് ചെയ്തതിനുള്ള പേപ്പർ കൂടി നൽകുവാൻ സംവിധാനം ഉണ്ടാകണം. സാധാരണക്കാരന്റെ അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. അത് ഇലക്ട്രോണിക് യന്ത്രത്തിലൂടെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ ചെയ്യാം.
കുഞ്ഞിരാമൻ
2019ലെ പാർലിമെന്റ് തിരഞ്ഞടുപ്പിൽ കേരളത്തെ സംബന്ധിച്ച് പറയുകയാണങ്കിൽ ബാലറ്റ് പേപ്പർ തന്നെ മതി.പക്ഷെ ഇന്ത്യയുടെ വടക്ക് കിഴക്കൻ േസ്റ്ററ്റുകളിൽ ബൂത്ത് പിടിത്തവും ബാലറ്റ് ബോക്സ് തന്നെ തട്ടികൊണ്ടു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം സംസ്ഥാനങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പോലുള്ളവയാണ് ഉചിതം.
വിനോദ് അളിയത്ത്
എല്ലാ രാഷ്ട്രീയ പാർട്ടികളും അവർക്കെതിരെ ഫലം വരുന്പോൾ, വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ‘തിരഞ്ഞെടുപ്പ് കമ്മീഷൻ’ പോലുള്ള സ്വതന്ത്ര സംഘടനകളെ നാം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാവർക്കും അറിയാവുന്ന പോലെ ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ താഴെ അല്ല ഈ സംഘടനകൾ പ്രവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും അത് അംഗീകരിക്കണം. ഇന്ത്യയിൽ ഇ.വി.എം ഉപയോഗം 1998 മുതൽ തുടങ്ങിയതാണ്. പക്ഷെ അതിനെ കുറ്റംപറയുന്ന പ്രവണത അടുത്തിടെയായി വളരെ കൂടുതലായി. എന്റെ കാഴ്ചപ്പാടിൽ, ഇ.വി.എം ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ ഇക്കോ ഫ്രൻഡ്ലി സ്വഭാവമാണ്. പേപ്പർ വേണ്ട, പ്രിന്റിംഗ് ചിലവില്ല, വേഗത്തിലുള്ള വോട്ടിംഗ്, അസാധു വോട്ടുകൾ തീരെ ഇല്ല, എളുപ്പവും വേഗത്തിലുമുള്ള എണ്ണൽ തുടങ്ങിയവ എല്ലാവരുടെയും സമയം ലാഭിക്കുന്നു. ബാലറ്റ് പേപ്പറിലേയ്ക്ക് തിരിച്ച് പോകുന്നത് നിങ്ങളുടെ കൈയിൽ കന്പ്യൂട്ടർ ഇരിക്കുന്പോൾ, കാൽക്കുലേറ്റർ തപ്പി നടക്കുന്നതുപോലാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ പാടുന്നതല്ല. ഇവിഎമ്മിൽ എന്തെങ്കിലും മെച്ചപ്പെടുത്തൽ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെയും മുന്നിൽ അവതരിപ്പിക്കുകയും അത് പഠനത്തിന് വിധേയമാക്കുകയും സാധ്യമെങ്കിൽ നടപ്പിലാക്കുകയും ചെയ്യാവുന്നതാണ്.
ബോണി ജോസ് ചിറ്റാട്ടുകര
പൊതു തിരഞ്ഞെടുപ്പിന് എട്ട് മാസകാലം മാത്രം അകലമുള്ളപ്പോൾ ഈ ആഗ്രഹത്തിന് എത്ര കണ്ട് സാധ്യതയുണ്ട് എന്ന് അറിയില്ല. എങ്കിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പഴയ ബാലറ്റ് സംവിധാനം തിരിച്ചെത്തണം.
2009ൽ EVS (Electronic Voting System) ഇന്ത്യയിൽ നടപ്പിലാക്കിയപ്പോൾ സാങ്കേതികത്വം നമ്മുടെ നാടിനെ വലിയ പുരോഗതിയിലേയ്ക്ക് നയിക്കുമെന്നതിൽ വലിയ അഭിമാനം തോന്നിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അതിസങ്കീർണ്ണവും ചിലവേറിയതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും എളുപ്പവും താരതമ്യേന പണച്ചിലവ് കുറയ്ക്കുന്നതും ആയതിനാൽ EVS സംവിധാനം പൊതുവെ സ്വീകരിക്കപ്പെട്ടു. പക്ഷെ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ സംവിധാനം എത്ര കണ്ട് സുരക്ഷിതമായിരിക്കുമെന്ന് അന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചുവെങ്കിലും അത് പുതിയ രീതികളോടുള്ള സ്വാഭാവികമായ എതിർപ്പ് മാത്രമായി പരക്കെ വിലയിരുത്തപ്പെട്ടു.
പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ന് മറ്റൊരു മഹാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം അപ്പാടെ സംശയത്തിന് മുകളിലാണ്. പണ്ട് ഉത്സവപറന്പുകളിൽ കണ്ടിരുന്ന നിരോധിത ‘കറക്കികുത്തു കളി’ പോലെ ഇന്ന് പലയിടത്തും EVS-ൽ എന്ത് കുത്തിയാലും വീഴുന്നത് ഗുലാൻ മാത്രമാണെന്ന സ്ഥിതി വിശേഷമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ശക്തിയേയോ വളർച്ചയെയോ ഇകഴ്ത്തി കാട്ടാനോ അവരുടെ വിജയത്തെ പരിഹസിക്കാനോ അല്ല മറിച്ച് സുതാര്യതയും വിശ്വസ്തതയും ചോദ്യം ചെയ്യപ്പെടുന്നുവെങ്കിൽ ജനാധിപത്യ സംവിധാനങ്ങളുടെ യാന്ത്രികവശം നവീകരിക്കപ്പെടേണ്ടതുണ്ട്. അന്തർദേശീയ തലത്തിൽ നിരവധി രഹസ്യങ്ങൾ ചുരുളഴിഞ്ഞ വർഷമാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സന്ദർഭോചിതമായി വിറ്റ് കാശാക്കിയ കുത്തകകളുടെയും മറ്റ് വിശ്വസ്തരുടെയുമെല്ലാം മൂടുപടം വീണുടഞ്ഞതിന് നാം സാക്ഷികളാണ്. ആധാർ, ഫേസ്ബുക്ക് പോലുള്ള ജനകീയ പ്രസ്ഥാനങ്ങളൊന്നും ഇന്ന് ഒട്ടും വിശ്വസനീയമല്ല എന്ന് അതിൽ അഭിരമിക്കുന്ന സാധാരണക്കാർ പോലും വിശ്വസിക്കുന്നു. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ സ്വതന്ത്രചിപ്പുകൾ ഘടിപ്പിച്ച നമ്മുടെ EVS സംവിധാനങ്ങൾ, എൻക്രിപ്റ്റഡ് ആണെന്ന് പറയുന്നുണ്ടെങ്കിലും അവ നമ്മുടെ രാജ്യത്ത് അത്ര സുരക്ഷിതമല്ല. കാരണം അത്രയ്ക്കും മലീനമസമാണ് നമ്മുടെ രാഷ്രീയ ബ്യുറോക്രസി സംവിധാനങ്ങൾ എന്ന് വേദനയോടെ പറയട്ടെ.
ഈ സാഹചര്യങ്ങൾ വളരെ അസ്വസ്ഥപ്പെടുത്തുന്നതിനാലാണ് പഴയ ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചു വരണമെന്ന് രാജ്യത്തെ കുറെ പേരെങ്കിലും ആഗ്രഹിക്കുന്നത്. കാലം ഇത്രയും പുരോഗമിച്ചിട്ടും എമിഗ്രേഷൻ സംവിധാനങ്ങൾ ഇപ്പോഴും ബുക്കും സ്റ്റാന്പും തുടരുന്നത് അതിന്റെ വിശ്വസ്തയും സുരക്ഷിതത്വവും ഒരു പരിധിവരെ നിലനിർത്തുന്നു. കൂടുതൽ ഫലപ്രദവും വിശ്വസ്തവുമായ മറ്റ് സംവിധാനങ്ങൾ ഉയർന്നു വരുന്നതുവരെയെങ്കിലും നമ്മുടെ പൊതുതിരഞ്ഞെടുപ്പുകളിൽ പഴയ ബാലറ്റ് പേപ്പർ സംവിധാനങ്ങൾ തിരികെയെത്തട്ടെ...
രമ്യ ഗിരീഷ്
ഇനിവരുന്ന വോട്ടെടുപ്പിൽ ബാലറ്റ് പേപ്പർ മതി എന്ന അഭിപ്രായക്കാരിയാണ് ഞാൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വലിയ തോതിൽ ഹാക്ക് ചെയ്യപ്പെടുന്നുവെന്നും അട്ടിമറി നടത്തുന്നു എന്നുമുള്ള ആരോപണങ്ങൾ പ്രചരണങ്ങൾ എന്നിവ തടയാൻ ബാലറ്റ് പേപ്പറിന് കഴിയും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച അന്നുത്തൊട്ടിങ്ങോട്ട് കേൾക്കുന്ന ഒരു വാർത്തയാണ് വോട്ടിംഗ് യന്ത്രം തകരാറിലായി എന്നത്. ജനവിധിയിൽ തിരിമറി നടത്താൻ വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് എല്ലാ പാർട്ടിക്കാരും ജനങ്ങളും ആശങ്കപ്പെടുന്നു. വോട്ടെടുപ്പും വോട്ടെണ്ണലും നീതിപൂർവ്വവും സുതാര്യവും ആക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. വോട്ടിംഗ് മെഷീനിൽ ഉണ്ടാകുന്ന തകരാറുകൾ രാജ്യത്ത് വിദ്വേഷം വളർത്തുവാനും, പാർട്ടികൾ തമ്മിലുള്ള വിദ്വേഷത്തിനും കാരണമാകുന്നു. എന്നാൽ ബാലറ്റ് പേപ്പറിലേയ്ക്ക് മാറുന്പോൾ ചിന്തിക്കേണ്ട ഒന്നാണ് സമയം. ഇതുമൂലം തിരഞ്ഞെടുപ്പ് വൈകാൻ കാരണമാകുന്നു. എന്നിരുന്നാലും ബാലറ്റ് പേപ്പർ തിരിച്ചെത്തിയാൽ മാത്രമേ ജനാധിപത്യ പ്രക്രിയ കാര്യമാകയുള്ളൂ. ദുരൂഹമായ അകങ്ങളുണ്ട് യന്ത്രങ്ങൾക്ക്. വോട്ടിംഗ് യന്ത്രത്തിന്റെ വലിയ പരിമിതിയും അതുതന്നെയാണ്. അതിനാൽ ജനാധിപത്യ വ്യവസ്ഥയിൽ മൂല്യങ്ങൾ ലജ്ജിക്കാത്ത തരത്തിൽ ഒരു പൊതുസമ്മതി നേടൽ വളരെ പ്രയാസമായി മാറിയിരിക്കുന്നു.