മിസ്റ്റർ ബിശ്വാസ് ലോക സാഹിത്യത്തിൽ കെട്ടിയ വീട്
ജെയിംസ് വുഡ് ഓഗസ്റ്റ്
കോളനി വാഴ്ചയുടെ ശക്തിവൃത്തങ്ങൾക്കിടയിലും മാനുഷിക വികാരങ്ങളെ അസാധാരണമായ വൈരുദ്ധ്യാത്മക ദർശനത്തോടെ തന്റെ കൃതികളിലൂടെ വരച്ചു കാട്ടിയ സാഹിത്യപ്രതിഭയായിരുന്നു ശനിയാഴ്ച അന്തരിച്ച വി.എസ് നയ്പാൽ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും നിറമുള്ള ചിത്രം, 1958ൽ തെക്കൻ ലണ്ടനിലെ സ്ട്രീത്തം ഹിൽ എന്ന സ്ഥലത്തെ ഒരു കുടുസ്സ് മുറിയിൽ താമസിക്കുന്ന ഇരുപത്താറ് വയസ്സുള്ള ഇന്ത്യക്കാരനായ ഒരു യുവ എഴുത്തുകാരന്റെതാണ്. ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ നോവലുകളിൽ ഒന്നായ ഒരു വലിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അന്ന് അദ്ദേഹം. ഓക്സ്ഫോർഡിൽ പഠിക്കുകയും തന്റെ സമകാലീനരായ സാഹിത്യകാരന്മാരെക്കാളും കഴിവുള്ളവനാണ് എന്ന തിരിച്ചരിവുണ്ടായിരിക്കുകയും ഒക്കെ ചെയ്തതിനാൽ മറ്റ് ഇന്ത്യൻ വംശജരിൽ നിന്നും വിഭിന്നമായി അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ട്രിനിഡാഡിൽ കുടിയേറി ഒരു സാധാരണ കരിന്പിൻ തോട്ടത്തിലെ തൊഴിലാളിയായ ഒരു മുത്തശ്ശന്റെ ചെറുമകനായിട്ട് പോലും ആ ആത്മവിശ്വാസം അദ്ദേഹത്തിന്റെ എഴുത്തിലും ജീവിതത്തിലും നിറഞ്ഞു നിന്നിരുന്നു.
എന്റെ നോട്ടത്തിൽ വി.എസ് നെയ്പാലിന്റെ ആദ്യത്തെ അസാധാരണമായ കൃതിയാണ് ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’. ഒരാൾ തന്റെ ആയുഷ്കാലം മുഴുവൻ എടുത്ത് നേടുന്ന, തന്റെ ചുറ്റുമുള്ള മനുഷ്യരുടെ ഇച്ഛകളും സമൂഹത്തിന്റെ നൈരന്തര്യവും മനസ്സിലാക്കുന്നതിലൂടെ ആർജ്ജിക്കുന്ന പക്വത ഇരുപതുകളുടെ അവാസാനത്തിൽ തന്നെ നയ്പാൽ തന്റെ എഴുത്തിലൂടെ കൈവരിച്ചിരുന്നു. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’ അത്തരത്തിൽ ജീവിതത്തെ വൈര്യനിര്യാതന ബുദ്ധിയോടെയും, ഹാസ്യാത്മകമായ നിരീക്ഷണത്തോടെയും കണ്ട്, ഉള്ളുലയ്ക്കുന്ന വേദനാനുഭവങ്ങളിലൂടെ എഴുത്തിന്റെ ലാവണ്യനുഭവം പ്രദാനം ചെയ്യുന്ന ഒരു സൃഷ്ടിയാണ്. എനിക്ക് തോന്നുന്നു തോമസ് മാൻ ഇരുപത്തി ആറാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച ‘ബുദ്ധൻ ബ്രൂക്ക്സ്’ ആണ് ഇതുമായി താരതമ്യം ചെയ്യാൻ പറ്റുന്ന മറ്റൊരു സൃഷ്ടി.
പിതാവ് സീപെർസാദ് നെയ്പാലിന്റെ ജീവിതമായിരുന്നു യുവാവായ വിദ്യദർ നെയ്പാൽ മാതൃകയായി സ്വീകരിച്ചത്. ഒരു ചെറിയ സമൂഹത്തിൽനിന്നും വളരെ പരിമിതമായ അവസരങ്ങളിൽ നിന്നും ഒരു എഴുത്തുകാരനായി സ്വയം ഉയർത്തപ്പെടാൻ അദ്ദേഹത്തിനായി. സീപെർസാദ് നയ്പാലിനെപ്പോലെ മിസ്റ്റർ ബിശ്വാസും (‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’ എന്ന നോവലിലെ കഥാപാത്രം) ട്രിനിഡാഡ് ഗാർഡിയനിൽ പത്രപ്രവർത്തകനായി. എന്നാൽ, ബിശ്വാസിന്റെ ജീവിതം വളരെ ചുരുങ്ങിയ കാലയളവിലായിരുന്നു.(അദ്ദേഹം തന്റെ നാൽപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ചു). ട്രിനിഡാഡ് ഗാർഡിയൻ ഒരു പ്രാദേശിക പത്രം മാത്രമായിരുന്നു. മിസ്റ്റർ ബിശ്വാസിനെ പോലെ സീപെർസാദ്, സ്കോളർഷിപ്പുകൾ നേടി ഇംഗ്ലണ്ടിൽ പഠിക്കാൻ സ്വദേശം വിട്ടുപോയ ബുദ്ധിമാൻമാരായ കുട്ടികളോടൊപ്പം വിജയകരമായാണ് ജീവിച്ചത്.
പോർട്ട് ഓഫ് സ്പെയ്നിലെ ഒരു ചെറിയ വീട്ടിലായിരുന്നു നയ്പാലിന്റെ ജീവിതം. ‘ഒരു പെട്ടി പോലെ’ എന്നാണ് നെയ്പാലിന്റെ താമസസ്ഥലത്തെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ പാട്രിക് ഫ്രാൻസിസ് വിശേഷിപ്പിച്ചത്. തെരുവിന്റെ അറ്റത്ത് ചൂടേറിയ, വിചിത്രമായ, ഒരു കെട്ടിടമുണ്ട്. രണ്ട് നിലകളിലായി ഏഴ് ചതുരശ്ര മീറ്ററുള്ള ഒരു കെട്ടിടം. മരംകൊണ്ട് മറച്ച, ചുളിവു വീണ ഇരുന്പ് മേൽക്കൂരയുള്ള കെട്ടിടം. ഏഴ് ചതുരശ്ര മീറ്റർ എന്നാൽ എഴുപത്തിയഞ്ച് ചതുരശ്ര അടിയോളം വരും. ഇവിടെയാണ് ഭാവി നോബൽ സമ്മാന ജേതാവ് ബാല്യകാലം ചിലവഴിച്ചത്.
പിന്നീട് തെക്കൻ ലണ്ടനിലെ യൗവനകാലഘട്ടത്തിൽ എഴുതിത്തുടങ്ങിയപ്പോൾ മുതൽ തന്നെ സ്വന്തം അച്ഛന്റെ ജീവിതം തന്നെയായിരുന്നു മിക്ക കഥകളുടെയും ആധാരം. പിതാവിന്റെ ജീവിതത്തിലെ ഗൗരവവും തമാശയും കലർന്ന അനുഭവങ്ങളും ചെറിയ വിജയങ്ങളും അപമാനകരമായ അനുഭവങ്ങളും വലിയ നേട്ടങ്ങളും അദ്ദേഹം കഥകളാക്കി. ഗ്രേ ലണ്ടനിൽ എഴുതുന്പോൾ തന്റെ ബാല്യകാലം, ദ്വീപിലെ അനുഭവങ്ങൾ, ശബ്ദങ്ങൾ, ദാരിദ്ര്യം, മോഹം, ആത്മവിശ്വാസം, മൃദുലത എന്നിവയെക്കുറിച്ച് അദ്ദേഹം വാചാലനായി. പിതാവിന്റെ ജീവിതത്തെ അതിന്റെ മൂല്യസാധുതകൾക്കപ്പുറം കാൽപ്പനിക രൂപത്തിൽ, ഒരു വികാരതീവ്രമായ വിലയിരുത്തലിനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. (വിദ്യാദർ നെയ്പാൽ ഓക്സ്ഫോർഡിലായിരുന്നപ്പോഴാണ് സീപെർസാദ് മരിച്ചത്).
പിതാവിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം ഓക്സ്ഫോർഡിന്റെ വഴിയാണ് പിന്തുടർന്നത്. ഒരിക്കലും ട്രിനിഡാഡിലേയ്ക്ക് മടങ്ങിവരില്ലെന്ന് അയാൾക്കറിയാമായിരുന്നു. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’ൽ നെയ്പലിന്റെ മുഴുവൻ ജീവിതവും വൈരുദ്ധ്യങ്ങളും പ്രതിഫലിപ്പിപ്പിച്ചിരുന്നോ? ഓക്സ്ഫോർഡിലെ പൊങ്ങച്ചക്കാരും വംശീയ വിരോധികളുമായ ഇംഗ്ലീഷ് വിദ്യാർത്ഥികൾ സീപെർസാദ് നെയ്പലിനെ ശ്രദ്ധിച്ചിരുന്നില്ല. അവരിൽനിന്നും പ്രശംസകളേക്കാൾ ചിരിയും അപമാനവുമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ, നോവലിലെ കഥാപാത്രത്തെപ്പോലെ ട്രിനിഡാഡിൽ തിരികെയെത്തി പിതാവിനേപ്പോലെ തോട്ടത്തിൽ പണിക്ക് പോകാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
തെക്കൻ ലണ്ടനിലെ ആ ചെറുപ്പക്കാരൻ തന്റെ ദ്വീപിനെക്കുറിച്ച് എഴുതിയെങ്കിലും തന്റെ ദ്വീപിന് വേണ്ടിയല്ലായിരുന്നു ആ എഴുത്തുകൾ. തന്റെ ഓക്സ്ഫോർഡ്, ലണ്ടൻ വായനക്കാർക്കായാണ് അദ്ദേഹം എഴുതിരുന്നത്. തന്റെ കഥാപാത്രമായ മിസ്റ്റർ ബിശ്വാസ് ഒരു എഴുത്തുകാരനായി മാറുന്നു എന്നതിനാൽ നയ്പാൽ എഴുതിയത് സ്വന്തം എഴുത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു നോവലാണ്. അതിൽ വാക്കുകളെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തെക്കുറിച്ചും പിതാവിൽ നിന്ന് കൂടുതൽ കഴിവുള്ള ഒരു പുത്രനെക്കുറിച്ചും അദ്ദേഹം എഴുതി. (തന്റെ മകൻ ഇരുപത് വയസുള്ളപ്പോഴാണ് എഴുത്തുകാരൻ എന്ന നിലയിൽ നെയ്പൽ അംഗീകരിക്കപ്പെട്ടത്). ‘എ ഹൗസ് ഫോർ മിസ് ബിശ്വാസ്’ എന്ന പുസ്തകത്തിലും അത്തരം വൈരുദ്ധ്യങ്ങളുണ്ട്.
ബിശ്വാസിന്റെ കുടുംബം ഒടുവിൽ ബിശ്വാസിന്റെ വിശ്രമസ്ഥലമായ സിക്കിം തെരുവിലെ ചെറിയ വീട്ടിൽ താമസമാക്കുന്നു. ബിശ്വാസിന്റെ മകനായ ആനന്ദ് (യഥാർത്ഥ ജീവിതത്തിലെ വിദ്യാദർ) വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. ബിശ്വാസിന്റെ കുട്ടികൾ അവരുടെ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് ഉടൻ മറന്നു പോകുന്നതായി നയ്പൽ എഴുതുന്നു. വിദേശ രാജ്യത്തെ ജീവിതം മറ്റ് ഓർമ്മകളെ കൂട്ടിക്കലർത്തുന്നതായും എഴുത്തുകാരൻ ചിത്രീകരിക്കുന്നു. മഴയ്ക്കുശേഷമുളള നീലാകാശം, വിരലടയാളം പതിപ്പിച്ച ഒരു പാക്കറ്റ് കാർഡുകൾ, ഷൂലേസുകൾ, ഒരു പുതിയ കാറിന്റെ ഗന്ധം, വൃക്ഷങ്ങളിൽ ശക്തമായ കാറ്റടിക്കുന്നതിന്റെ ശബ്ദം, കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളുടെ വർണ്ണങ്ങളും ഗന്ധവും, പാലിന്റെയും മുന്തിരിയുടെയും രുചികൾ അങ്ങനെ മറന്നുപോയ ഒരുപാട് അനുഭവങ്ങൾ അദ്ദേഹം ബോധപൂർവ്വം വായനക്കാരനിലേയ്ക്ക് വിക്ഷേപിക്കുന്നു.
നെയ്പാൽ നോവലിലെ കഥാപാത്രമായ ആനന്ദ് ബിശ്വാസിനെക്കുറിച്ചാണ് എഴുതുന്നതെങ്കിലും അദ്ദേഹത്തിനെയും പിതാവിന്റെയും ജീവിതത്തിന്റെ നേർചിത്രമാണ് അവയൊക്കെയും നമുക്ക് മുന്നിൽ വരച്ചിടുന്നത്. ഇപ്പോൾ അദ്ദേഹം പോയിരിക്കുന്നു. പക്ഷേ, ആ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ജീവിതചിത്രങ്ങളെ വീണ്ടും വീണ്ടും നമുക്കു തിരിച്ചുനൽകുന്നു.
ജെയിംസ് വുഡ് ഓഗസ്റ്റ് ന്യൂ യോർക്കർ പത്രത്തിൽ എഴുതിയ അനുസ്മരണക്കുറിപ്പ്...
പരിഭാഷ: എബിൻ രാജു.