ആരെയും കൂസാത്ത മന്ത്രിയോ മുഖ്യമന്ത്രി ?
അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചവരാണ് മിക്കപ്പോഴും ഏകാധിപതികളെ പോലെ പെരുമാറുക. മോഡിയും പിണറായിയും അതിൽ മത്സരബുദ്ധിയോടെയാണ് മുന്നോട്ട് പോകുന്നത്. കാര്യങ്ങൾ തന്റെ വരുതിയിൽ വരണമെന്ന ചിന്തയാണ് പ്രധാനമന്ത്രിയായ നരേന്ദ്രമോഡി എടുക്കുന്ന തീരുമാനങ്ങളിൽ പലപ്പോഴും പ്രതിഫലിക്കുന്നത്. അത്തരം തീരുമാനങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവരെ കുറിച്ച് ഏകാധിപതികൾ ചിന്തിക്കാറില്ല. നോട്ട് നിരോധനം അതിന് തെളിവായി കാണാവുന്നതാണ്.
കേരളത്തിലോട്ട് വന്നാൽ പോലീസ് തലപ്പത്തെ അഴിച്ചുപണിയാണ് സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെ ഏകാധിപതിയായി കണക്കാക്കാൻ ഏറ്റവും നല്ല ഉദാഹരണം. തനിക്ക് ഇഷ്ടമില്ലാത്തവരെ പടിക്ക് പുറത്തിരുത്തി ഇഷ്ടപ്പെട്ടവരെ തൽസ്ഥാനത്തെത്തിച്ചു. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതാണ് പ്രധാന വിഷയം. തക്കതായ കാരണമില്ലാതെ ഒരു പോലീസ് മേധാവിയെ മാറ്റുക എന്നത് തന്നെ നീതിപരമായ ഒരു കാര്യമല്ല. സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരിക്കാൻ ഉറക്കമിളച്ച് പഠിച്ചും, കഴിവു പുറത്തെടുത്തും നന്നേ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും ഉദ്യോഗസ്ഥർക്ക്. അവരെ കഴുത്തിന് പിടിച്ച് പുറത്തേയ്ക്കെറിയുന്നത് ഏകാധിപത്യത്തിന്റെ ചൂണ്ടു വിരാണ്. തനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതിയിൽ ഭരിച്ച് മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ അത് നല്ലതിനാകില്ല. സെൻകുമാറിനെ മാറ്റിയത് ശരിയല്ലെന്നും അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുപോലും സർക്കാർ അത് കേട്ടമട്ടില്ല. അവസാന വാക്ക് സുപ്രീം കോടതിയുടേതാണെങ്കിലും അവസാന തീരുമാനം പിണറായിയുടേതാണ്. കാത്തിരിക്കാം തുടർ സംഭവങ്ങൾക്കായി...
സുകേഷ്, മനാമ