നീതി നിഷേധിക്കപ്പെടുന്ന സൗമ്യമാർ...
മെഴുകുതിരികളും തിരിനാളങ്ങളും ഇനിയും തെളിയും, സൗമ്യയും, നിർഭയയും, ജിഷയുമെല്ലാം ഇനിയുമുണ്ടാകും. കുറ്റവാളികളുടെ മുഖത്ത് ചിരിവരുന്ന നിയമവ്യവസ്ഥ. ഗോവിന്ദച്ചാമി പോലും ചിന്തിക്കുന്നുണ്ടാകും, ഹൊ ഞാനിത്രയൊക്കെ ചെയ്തിട്ടും എനിക്ക് ശിക്ഷയില്ലേ എന്ന്. നീതിക്ക് മേൽ നീട്ടിത്തുപ്പികൊണ്ട് പ്രതികരിക്കുകയാണ് ഈ കോളത്തിലൂടെ. കഥയിങ്ങനെ, ഒരു ദിവസം രാത്രിയിൽ തീവണ്ടിയിൽ ഒത്തിരി മോഹങ്ങൾ സഫലമാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ നാട്ടിലേയ്ക്ക് തിരിച്ച ഒരു സാധു പെൺകുട്ടി. അവൾ തനിച്ചായിരുന്നു തീവണ്ടിയിൽ. ഒറ്റക്കയ്യനായ ഒരു ഭിക്ഷക്കാരൻ അവളുടെ അടുത്തേയ്ക്ക് വന്നു. അമ്മാ എന്തേലും ഭിക്ഷ തരണം, ഈ സാധുപെൺകുട്ടി ഒരു ഒറ്റനാണയം കൊടുത്തു. പക്ഷെ ഭിക്ഷക്കാരന് വേണ്ടിയിരുന്നത്, ഭിക്ഷയല്ല... അയാൾ അവളെ കടന്നാക്രമിച്ചു. ഇരുവരും മൽപ്പിടുത്തമായി. ഇതിനിടയിൽ ഇരുവരും തീവണ്ടിയിൽ നിന്നും താഴെവീണു. താഴെവീണപ്പോൾ ഈ സാധുപെൺകുട്ടി തല കല്ലിലിടിച്ചു മരിച്ചു. ഒറ്റക്കയ്യൻ ഭയത്താൽ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ അതുവഴി വന്ന മറ്റാരോ ആണ് ഈ സാധു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പെൺകുട്ടി പീഢനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒറ്റക്കയ്യന്റെ കയ് ഈ പെൺകുട്ടിയുടെ ദേഹത്ത് പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പോലീസിന് കിട്ടിയത്. പക്ഷെ അതുകൊണ്ട് ഇയാൾ ആ സാധുപെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് എങ്ങനെ കോടതി വിശ്വസിക്കും. മരണകാരണത്തിൽ പ്രധാനമായും പറയുന്നത് തല കല്ലിലിടിച്ചാണ് ആ പെൺകുട്ടി മരിച്ചതെന്നാണ്. അത് ട്രെയിനിൽ നിന്ന് വീണ വീഴ്ചയുടെ ആഘാതത്തിൽ സംഭവിച്ചതാണ്, അല്ലാതെ ഒരു കയ്യില്ലാത്തവൻ തലക്കടിച്ച് കൊന്നതൊന്നുമല്ല. സംഭവത്തിൽ പിടിയിലായ ഭിക്ഷക്കാരനായ ഈ ഒറ്റക്കയ്യൻ ചോദിക്കുകയാണ് ഭിക്ഷയെടുത്ത് ജീവിക്കുന്ന ഒറ്റക്കയ്യനായ ഒരാൾ എങ്ങനെ ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായി പീഢിപ്പിക്കും? ഉള്ളിൽ ചിരിച്ചുകൊണ്ട് ഒറ്റക്കയ്യൻ ചോദിക്കുന്പോൾ അതുശരിയാണെന്ന് കണ്ണടച്ച് വിശ്വസിക്കുന്ന നീതിപീഠമുള്ള നാടാണ് നമ്മുടേത്. അതുകൊണ്ട് ഒറ്റക്കയ്യൻമാർ ഇനിയുമുണ്ടാകും, അവരെ തീറ്റിപോറ്റുന്നവർ വന്പൻമാരാകുന്നിടത്തോളം കാലം. ആയതിനാൽ ആരാണ് കരുതിയിരിക്കേണ്ടതെന്ന് നീതിപീഠം തന്നെ വ്യക്തമാക്കണം... ഒബ്ജക്ഷൻ !
ഷാനി കോട്ടകുന്ന്