വഴിപിഴച്ചുകൊണ്ടിരിക്കുന്ന ജനറേഷൻ
പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് മദ്യപിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു, അതും മധ്യവയസ്സുകാരുടെ ഇടയിൽ മാത്രം. അതിൽ ഒന്നോ രണ്ടോ എണ്ണിപ്പറയാവുന്നവരായിരിക്കും മുഴു കുടിയന്മാരും ശല്യക്കാരും. അതിനാൽ തന്നെ വീട്ടുകാർക്കും നാട്ടുകാർക്കും കുടിയന്മാർ എന്ന് പറയുന്പോൾ തന്നെ ഒരു ഇഷ്ടക്കുറവും അകൽച്ചയും ഉണ്ടായിരുന്നു. പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണ് വീട്ടുകാർ ആദ്യം അന്വേഷിക്കുന്നത് ചെക്കൻ കുടിക്കുമോ എന്നാണ്. അന്നൊക്കെ കുടിക്കുന്നവന്റെ വീട്ടിലേക്ക് പെണ്ണിനെ പറഞ്ഞയക്കാൻ പൊതുവെ പെൺവീട്ടുകാർ മുതിരാറില്ല. കാലചക്രം മുന്നോട്ട് തിരിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ, അതിന്റെ അലൈൻമെന്റ് മാറിയത് ജനങ്ങൾ അറിഞ്ഞില്ല. മദ്യ വൈറസ് പതുക്കെ മറ്റ് ജനറേഷനിലേക്ക് പടർന്ന് കൊണ്ടിരുന്നു. മധ്യവയസ്കരിൽ നിന്നും യൗവ്വനക്കാരുടെ ഇടയിലേക്കും പിന്നെ പിന്നെ സ്കൂൾ പഠിക്കുന്ന കുട്ടികളിലേക്കും. ഇപ്പൊ ഇന്ന്, പഴയകാലത്തിനെ അപേക്ഷിച്ച് ഒറ്റ മാറ്റമേയുള്ളു, അന്ന് മദ്യപിക്കുന്നവർ ഒന്നോ രണ്ടോ എങ്കിൽ ഇന്ന് അത് നേരെ തിരിഞ്ഞു മദ്യപിക്കാത്തവർ ഒന്നോ രണ്ടോ ആയി എന്ന് മാത്രം, എന്നുവെച്ചാൽ കേരളത്തിലെ ഭൂരിഭാഗം ആണുങ്ങളും മദ്യപാനികളായെന്ന്.
പെണ്ണ് വീട്ടുകാരുടെ ചിന്തയ്ക്ക് അതിനനുസൃതമായി വന്ന മാറ്റങ്ങളോ ഒരു വല്ലാത്ത കാലത്തിലേയ്ക്ക് നമ്മെ എത്തിച്ചിരുന്നു. ഇടയ്ക്ക് വന്ന മാറ്റം ചെക്കൻ വല്ലപ്പോഴും കുടിക്കുന്നതിൽ അവർക്ക് വിരോധമില്ലെന്നായി, പിന്നെ അത് മാറി കുടിച്ചാൽ അലന്പൊന്നുമുണ്ടാക്കുന്നില്ലലോ എന്നായി. അതും ഇപ്പോ മാറി മാറി ചെക്കന് കുടിയില്ലെ, അപ്പൊ എന്തോ പ്രശ്നമുണ്ട് എന്നായി പെണ്ണ് വീട്ടുകാർക്കും ചുറ്റുപാടുമുള്ള നാട്ടുകാർക്കും... വന്ന് വന്ന് കുടിക്കാത്തവർക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന കാലത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ജനറേഷന്റെ വഴിപിഴച്ചുപോയ്ക്കൊണ്ടിരിക്കുന്ന യാത്ര തീർന്നിട്ടില്ല, അടുത്ത കാലഘട്ടത്തിലേക്ക് ഇപ്പോൾ തന്നെ കാലെടുത്തുവെച്ചിരിക്കുന്നു, പ്രത്യേകിച്ച് മലയാളികൾ. പീഡനം എന്ന പദം മലയാളികളുടെ കാതിൽ കേൾക്കാത്ത ദിവസങ്ങളില്ലാതായി വന്നുകൊണ്ടിരിക്കുന്നു. പീഡനകാരുടെ ജനറേഷന്റെ തുടക്കം കുറിച്ചിട്ടിരിക്കുകയാണിപ്പോൾ. കാര്യ ഗൗരവം മനസ്സിലാക്കി മുളയിലേ നുള്ളിക്കളഞ്ഞാൽ ഇനിയുള്ള ജനറേഷൻ രക്ഷപ്പെടും, ഇല്ലേൽ വന്ന് വന്ന് പീഡനം ചെയ്യാത്തവർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥ വരും. അങ്ങനെയൊരു ചുറ്റുപാടിലേക്ക് നമ്മെ എത്തിപ്പിക്കരുതെ എന്ന് പ്രാത്ഥിച്ചുകൊണ്ടു നിർത്തുന്നു.
സുധി സി.എച്ച്