അങ്ങനെ ആ ദിനവും ആചരിച്ചു...
ആഗോള താപനവും എൽനിനോയും വരൾച്ചയും എല്ലാം മനുഷ്യകുലത്തെ വീണ്ടും ഒാർമ്മപ്പെടുത്തി ഒരു ഭൗമദിനം കൂടി ഇന്നലെ കടന്നു പോയി. ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് കൊച്ചുകുട്ടി മുതൽ മുതിർന്നവർ വരെ ഭൂമിയെ സംരക്ഷിക്കാൻ ഇന്നലെ കുറേ കാര്യങ്ങൾ ഒാൺലൈനിൽ ചെയ്തിട്ടുണ്ടാവും. പ്രകൃതി സംരക്ഷണത്തെ കുറിച്ച് പറയുന്ന ഒന്ന് രണ്ട് വീഡിയോകൾ, കുറച്ച് ചിത്രങ്ങൾ, കുറച്ച് വാർത്തകൾ ഇവയെല്ലാം ഇപ്പോൾ നമ്മുടെ ഫേസ്ബുക്ക് പേജിൽ ഇരുന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ടാവും. ഇതൊക്കെ നല്ലതു തന്നെ, ഇത് കണ്ടോ വായിച്ചോ ആർക്കെങ്കിലും ഫേസ്ബുക്ക് പേജിൽ നിന്ന് ഭുമിയിലേയ്ക്ക് ഇറങ്ങി വന്ന് നമ്മുടെ ഭൂമിക്കായി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ മാത്രം. നമ്മളിൽ എത്രപേർക്ക് ഈ ഭൗമ ദിനത്തിൽ ഒരു വൃക്ഷത്തൈ നടാൻ കഴിഞ്ഞു? പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കും എന്ന് പ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞു? ഒരു ദിവസം കാറിലെയോ ബൈക്കിലെയോ യാത്ര ഒഴിവാക്കി പബ്ലിക്ക് ബസ്സുകളിൽ സഞ്ചരിക്കാൻ കഴിഞ്ഞു? ഇങ്ങനെ ചെയ്തവർ ഒരു ശതമാനം പോലും വരില്ല എന്നത് പകൽ പോലെ സത്യം. ഫേസ്ബുക്കിൽ ഭൗമ ദിനവുമായ ബന്ധപ്പെട്ട കുറെ വിവരങ്ങൾ ഷെയർ ചെയ്തു... അത് പോരെ? ആ നിർവൃതിയുടെ ആലസ്യത്തിലാണ് നമ്മളിൽ ഭൂരിപക്ഷവും.
മണൽ വാരിയും മലകളിലെ മണ്ണെടുത്തും ഭൂമി എങ്ങനെ നശിക്കും എന്നത് കാണാൻ നമ്മൾ ദൂരെ എങ്ങും പോകേണ്ട, നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് തന്നെ മനസ്സിലാക്കം. രണ്ട് ആഴ്ചകൾക്ക് മുന്പ് നാട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീടുകൾക്ക് മുന്നിൽ പാത്രങ്ങളുമായി നിൽക്കുന്ന സ്ത്രീകൾ. കുടിവെള്ളവുമായി വരുന്ന ലോറികൾക്കായി കാത്തു നിൽക്കുകയാണവർ. വേനൽക്കാലത്തും ജലസമൃദ്ധമായിരുന്ന നാട്ടിലെ കിണറുകൾ പലതും വറ്റിയിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ച.
പ്രകൃതിയെ സംരക്ഷിക്കേണ്ട സർക്കാരുകൾ തന്നെ ഭൂമിയെ നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കുന്ന വാർത്തകൾക്കിടയിലാണ് ഇത്തവണത്തെ ഭൗമദിനം കടന്നു പോയതെന്നതും ശ്രദ്ധേയം. ഭൂമി കൈയ്യേറുന്നവർക്കും ഭൂമിയെ കുഴിച്ചും മാന്തിയും നിരപ്പാക്കിയും വെട്ടിപ്പിടിച്ചും നശിപ്പിക്കുന്നവർക്കും സ്തുതി പാടുന്ന സർക്കാരും ഭൂമിക്കുവേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ട് നിർവൃതിയടയുന്ന ജനങ്ങളും... എന്താകുമോ എന്തോ...
മനോഹരൻ, മനാമ