തള്ളേണ്ടതും കൊള്ളേണ്ടതും...
ഇന്നത്തെ ലോകം അനുദിനം വളരുകയാണ്. ഓരോ സെക്കന്റിലും അനവധി മാറ്റങ്ങൾ. ഒാരോ നിമിഷവും അപ്ഡേറ്റായില്ലെങ്കിൽ പിന്നെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ഉള്ള പോക്ക്. അത് കൊണ്ട് തന്നെ മനുഷ്യന് സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി. ആർക്കും സോഷ്യൽ മീഡിയ വഴി എന്തും വിളിച്ചു പറഞ്ഞു ലോകത്തെ അറിയിക്കാം എന്നായി. ഇതിനിടയിലായിരുന്നു ഒരു ചാനലിന്റെ ഉദ്ഘാടനം. ഇത്രയും തരാം താഴ്ന്ന പ്രവർത്തിയിലൂടെയാണോ ഒരു സ്ഥപനം തുടങ്ങേണ്ടതെന്ന് അതിന്റെ അധികാരികൾ ആലോചിക്കേണ്ടതായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുന്പ് വായിച്ച സിനിമാ താരവും എം.പിയുമായ ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. “പത്രം വായിച്ചുകേൾക്കുക അമ്മാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. എല്ലാദിവസവും എന്നെ വിളിച്ചിരുത്തി അതത് ദിവസത്തെ പത്രം ഉറക്കെ വായിപ്പിക്കും. അപകടവാർത്തകളോടായിരുന്നു അമ്മാമയ്ക്ക് കൂടുതൽ പ്രിയം. ‘ചേർത്തലയിൽ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു’, ‘ഒലവക്കോട് വെടിക്കെട്ടപകടത്തിൽ അഞ്ച് പേർ മരിച്ചു’. ഇത്തരം വാർത്തകൾ കേൾക്കുന്പോൾ അമ്മാമയുടെ മുഖത്ത് വിടരുന്ന തെളിച്ചം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരാഴ്ച ഞാൻ വായിച്ചുകൊടുത്ത വാർത്തകളും മനസ്സിൽനിറച്ചാണ് അമ്മാമ ഞായറാഴ്ച പള്ളിയിൽപ്പോകുക. പള്ളി പിരിയുന്പോൾ അമ്മാമയും സുഹൃത്തുക്കളായ ചക്കച്ചാംപറന്പിൽ മറിയം, പീതായി, ആലേങ്ങാടാൻ മേരിച്ചേച്ചി എന്നിവരും ഒത്തുചേരും. അവരോട് അമ്മാമ വായിച്ചുകേട്ട വാർത്തകൾ പറയും. പത്രം വായിക്കാത്ത അവർ വാർത്തകൾ കേട്ട് അന്പരന്നിരിക്കും. അവരുടെ മുന്നിൽ അമ്മാമ ഹീറോയിൻ ആവും. പത്രം വായിച്ചുകൊടുക്കുന്നതിന് അമ്മാമ തരുന്ന ചില്ലറത്തുട്ടുകളാണ് അക്കാലത്തെ എന്റെ പോക്കറ്റ് മണി. ഈ കലാപരിപാടി തുടർന്നു. പതുക്കെപ്പതുക്കെ അമ്മാമയ്ക്ക് ഞാൻ വായിച്ചുകൊടുക്കുന്ന വാർത്തകൾ ഒരു എരം പോരാ എന്നായി. ‘പീരുമേട്ടിൽ വാൻ മറിഞ്ഞ് ഏഴ് പേർ മരിച്ചു’ എന്ന് ഞാൻ വായിച്ചാൽ അപ്പോൾ അമ്മാമ പറയും− ‘എടാ ഏഴുപേരേ മരിച്ചുള്ളൂ? കൊറച്ചൂടെ വലുതൊന്നുമില്ലേ? ‘അമ്മാമയ്ക്ക് വാർത്താലഹരി തലയ്ക്കുപിടിച്ചതായി എനിയ്ക്കു മനസ്സിലായി. ആ ലഹരിയുടെ പിച്ചിനനുസരിച്ച് പിടിച്ചില്ലെങ്കിൽ അമ്മാമയെന്ന കസ്റ്റമറെ എനിക്ക് നഷ്ടമാവും. എന്റെ വരുമാനം നിലയ്ക്കും. അക്കാലത്ത് അതെനിക്ക് താങ്ങാനുമായിരുന്നില്ല. അതുകൊണ്ട് ഞാൻ അമ്മാമയ്ക്ക് തൃപ്തിയാവുന്ന തരത്തിൽ അപടത്തിന്റെ വലിപ്പവും മരണ സംഖ്യയുമൊക്കെ കൂട്ടിപ്പറഞ്ഞുതുടങ്ങി. ‘ബസും ലോറിയും കൂട്ടിയിടിച്ച് പുഴയിലേക്കു മറിഞ്ഞ് 50 പേർ മരിച്ചു; 20 പേർ ഗുരുതര പരിക്കുകളോടെ ആസ്പത്രിയിൽ’, ‘വീടിനു തീപ്പിടിച്ച് പത്തംഗ കുടുംബം വെന്തുമരിച്ചു’. ഇങ്ങനെ വാർത്തകൾ ഉണ്ടാക്കിത്തുടങ്ങി. അത് അമ്മാമയ്ക്ക് രസിച്ചും തുടങ്ങി. ഞാൻ എന്റെ ‘ലഹരിവിൽപ്പന’ തുടർന്നു”... ഇന്നസെന്റ് കുറിക്കുന്നു.
നമ്മൾ പലരും മനസ്സിലാക്കേണ്ട സത്യവും ഇത് തന്നെയാണ്. കാഴ്ചക്കാരെ പിടിച്ചുനിർത്താൻ മന്ത്രിക്ക് പുറകെ കെണിയുമായി പോയ ചാനൽ മേധാവിക്ക് അവസാനം ജയിൽ കിട്ടിയത് എന്തായാലും വിധി. അല്ലങ്കിൽ എന്തെല്ലാം ഇനിയും വാർത്ത ആയേനെ.
സോമശേഖരൻ, മനാമ