പ്രതികരിക്കാതെ വയ്യ...
സംശയിക്കേണ്ട, രണ്ട് ദിവസങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളെ കുറിച്ച് തന്നെ. മകൻ മരിച്ച് മൂന്ന് മാസം തികയും മുന്പ് നീതി തേടിയെത്തിയ ഒരമ്മയോട് പോലീസ് കാണിച്ചത് തികച്ചും മനുഷ്യത്വരഹിത നടപടിയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിനു മുന്നിലാണ് തന്റെ മകൻ ജിഷ്ണു പ്രണോയിയുടെ ഘാതകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആ അമ്മ എത്തിയത്. എന്നാൽ ആ അമ്മയേയും ബന്ധുക്കളെയും ക്രൂരമായി ആക്രമിക്കുകയും അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത പോലീസിന്റെ ക്രൂരമായ ഈ നടപടി കേരള ജനത ഒന്നടങ്കം ഞ്ഞെട്ടലിലൂടെയാണ് കാണുന്നത്. മകൻ നഷ്ടപ്പെട്ട ശേഷം മാനസികമായി തകർന്ന ഒരമ്മയെയാണ് പോലീസ് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇത്തരം സംഭവം കേരളത്തിന് അപമാനകരമാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യാനും, പോലീസ് ഹെഡ്ക്വാർട്ടേസിനു മുന്നിൽ നടന്ന സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്താനും സർക്കാർ തയ്യാറാവണം. കൂടാതെ ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണം.
സത്താർ കണ്ണപുരം