എല്ലാം മാപ്പുകൊണ്ട് മായ്ക്കാം എന്ന് മംഗളം കരുതരുത്...
ഒരു മന്ത്രിയെ കരിവാരിതേച്ച്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് എല്ലാ തരത്തിലും കളങ്കമേൽപ്പിച്ച് മംഗളം കാണിച്ചത് വിമർശനങ്ങൾക്ക് ഏറെ വഴിവെച്ച സംഭവമായിരുന്നല്ലോ. ഇപ്പോഴിതാ മംഗളം ചാനലിന്റെ അധികാരി ‘കോട്ടിടാതെ’ മാപ്പ് പറഞ്ഞിരിക്കുന്നു. നിർവ്യാജം ഖേദം പ്രകടിപ്പിച്ച പത്രാധിപർക്ക് നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല. പക്ഷെ പത്രാധിപരെ, മന്ത്രിക്കൊരു കുടുംബമുണ്ട് നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഇരയാക്കുന്പോൾ എന്ത് മാധ്യമപ്രവർത്തനമാണ് അതിലൂെട ലക്ഷ്യമിടുന്നത്.
ഒരു നാട്ടിലെ മുഴുവൻ ജനങ്ങളേയും ആദ്യം പറഞ്ഞ് വിശ്വസിപ്പിക്കുക, ശേഷം നിങ്ങൾ തന്നെ അത് തെറ്റാണെന്ന് സമ്മതിക്കുക, കഷ്ടം. ശിക്ഷാർഹമാണ് ഈ നടപടി. മംഗളം പത്രാധിപരെ കുറ്റക്കാരനായി കണ്ടെത്തി തുറുങ്കിലടക്കണം. നാട്ടിൽ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് മിസ്റ്റർ നിങ്ങൾക്ക് ബ്രേക്ക് ചെയ്ത് ന്യൂസാക്കാൻ. ഇതിന് കൂട്ടുനിന്ന വനിതയെ കൂടെ പുറത്തു കൊണ്ടുവരണം.
പൊതുവെ ഇത്തരത്തിലുള്ള മഞ്ഞ മാധ്യമപ്രവർത്തനം കൊണ്ട് എല്ലാവരേയും ഒരേ കണ്ണോടെയാണ് ജനങ്ങൾ നോക്കികാണുന്നത്. പക്ഷെ എല്ലാവരും അത്തരത്തിലുള്ള മാധ്യമപ്രവർത്തനമല്ല കാഴ്ചവെയ്ക്കുന്നതെന്ന് മംഗളം പത്രാധിപർ മനസ്സിലാക്കണം. നിങ്ങളുടെ കണ്ണ് മഞ്ഞക്കളറിലാണ് എല്ലാം കാണുന്നതെന്ന് കരുതി മറ്റെല്ലാവരുടേയും കണ്ണിൽ മഞ്ഞയാണെന്ന് ധരിക്കരുത്. നിങ്ങൾക്ക് ഈ സംഭവം കൊണ്ട് റേറ്റിംഗ് കിട്ടിയെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി, മലയാള നാട് കാർക്കിച്ച് തുപ്പുകയാണ് മംഗളം എന്ന് പറയുന്പോൾ. ആ പേര് തന്നെ ദുരുപയോഗം ചെയ്യപ്പെട്ടു, മംഗളം എന്നു കേൾക്കുന്പോൾ നല്ല കാര്യങ്ങൾ സംഭവിക്കട്ടെയെന്നാണ്. ഇവിടെ പക്ഷെ വിപരീതമാണ് കാര്യങ്ങൾ. അതുകൊണ്ട് നിങ്ങൾ മാപ്പർഹിക്കുന്നില്ല. എത്രയുംപെട്ടന്ന് നിങ്ങൾ വാർത്തകൾ ഉണ്ടാക്കുന്ന പണി അവ
സാനിപ്പിക്കണം. ഇല്ലെങ്കിൽ ജനങ്ങൾ കല്ലെറിഞ്ഞു തുടങ്ങും, ഒരു പക്ഷെ നിങ്ങൾക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല...
സോഫിയ, മലപ്പുറം