മൂടിവെയ്ക്കപ്പെടുന്നതും തുറന്ന് കാണിക്കുന്നതും...
മാധ്യമങ്ങൾ എന്ത് ചെയ്താലും കുറ്റമാണ്. ആരൊക്കെയോ പറയുന്നത് പോലെ പണിയെടുക്കേണ്ടി വരുന്ന കൂലിക്കാരെ പോലെ. മാധ്യമങ്ങൾ ധർമ്മം പാലിക്കണമെന്ന് ഘോരം ഘോരം പറയുന്ന നാട്ടുകാരാണ് നാട്ടിലുള്ളത്. മാധ്യമധർമ്മം എവിടെ പാലിക്കുന്നു, മഞ്ഞ മാധ്യമങ്ങളാണ് എല്ലാം, ആരെന്നോ എന്തെന്നോ ഇല്ലാതെ അതു ചെയ്യുന്നു ഇതു ചെയ്യുന്നു... അങ്ങനെ അങ്ങനെ.. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പലരും ഉത്തരം പറയുന്നത് കേൾക്കുന്പോൾ, അവരെല്ലാം എത്ര ബഹുമാനത്തോടെയാണ് മാധ്യമപ്രവർത്തകരെ കാണുന്നതെന്ന് മനസ്സിലാക്കാം.
ഇന്നാട്ടിൽ മാധ്യമങ്ങൾ ഉള്ളതുകൊണ്ടാണ് പല കാര്യങ്ങളും പുറത്ത് വരുന്നതും ജനങ്ങൾ അറിയുന്നതുമെന്ന് നമ്മൾ മനസ്സിലാക്കണം. ഒരു സിനിമാ സംവിധായകൻ ഒരിക്കൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു ആരാധകന്റെ കമന്റിന് മറുപടി കൊടുത്തിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അദ്ദേഹമെടുത്ത ഒരു സിനിമയിലെ സാമൂഹ്യ വിരുദ്ധത ചൂണ്ടികാണിച്ച ആരാധകനോട് അദ്ദേഹം പറഞ്ഞത്, “താങ്കൾ നിർദ്ദേശിക്കുന്ന തരത്തിൽ സിനിമയെടുക്കുന്ന കാലം വരട്ടെ അപ്പോൾ ആജ്ഞാപിച്ചോളൂ അനുസരിക്കാം, ഇപ്പോൾ അത് സാധ്യമല്ല” എന്നാണ്. ഇതിവിടെ പറയാൻ കാരണം മാധ്യമ പ്രവർത്തനത്തിൽ ആ സംവിധായകനും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന് നൽകുന്ന ഉപദേശങ്ങൾ കണക്കിലെടുത്താണ്.
ഒരു മന്ത്രിയെന്ന നിലയിൽ ഇനി ഒരു യുവതി ട്രാപ്പ് ചെയ്യാൻ തന്നെ ഉദ്ദേശിച്ചാണ് ഫോൺ ചെയ്തതെങ്കിൽ പോലും മന്ത്രി അത്തരത്തിൽ സംസാരിക്കാമോ എന്നതാണ് ചോദ്യം, പാടില്ല. മറുചോദ്യം വരുമെന്നറിയാം അദ്ദേഹവും ഒരു വ്യക്തിയല്ലേ, അദ്ദേഹത്തിനും സ്വകാര്യതയില്ലേ എന്നൊക്കെ. പക്ഷെ നമ്മൾ ഭരിക്കപ്പെടുന്പോൾ, നമ്മളെ ഭരിക്കുന്ന വ്യക്തികൾ ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് ശരിയാണോ? മംഗളം തങ്ങളുടെ ചാനൽ റേറ്റിംഗ് ഒരൊറ്റ ദിവസം കൊണ്ട് വർദ്ധിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാലും ഒരു മന്ത്രി ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് സമൂഹത്തെ അറിയിച്ചു. ഒരു ഓഡിയോ ക്ലിപ്പ് മംഗളം പുറത്തുവിട്ടുണ്ടെങ്കിൽ അതിന്റെ ഫലമായി ആ മന്ത്രി രാജിവെച്ചു. ജോസ് തെറ്റയിലും യുവതിയുമൊന്നിച്ചുള്ള വീഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടിരുന്നതും മാധ്യമങ്ങളാണ്. രാജി ചെറിയ ചില സത്യങ്ങളെയാണ് കാണിക്കുന്നത്. അതുകൊണ്ട് മാധ്യമപ്രവർത്തനം പലതും വെളിച്ചത്ത് കൊണ്ടുവരാനുള്ളത് തന്നെയാണ്. ചിലരുടെ താൽപര്യമനുസരിച്ച് പുറത്തുവിടേണ്ടവ പുറുത്തുവിടാനും അല്ലാത്തത് മൂടിവെയ്ക്കാനുമുള്ളതല്ലാലോ പത്രമാധ്യമങ്ങൾ. അവർ അവരുടെ ജോലി ചെയ്യുന്നു, നിങ്ങളിൽ മിക്കവരും മാധ്യമങ്ങളെ പേടിക്കുന്നു. നിങ്ങളിൽ പാപം ചെയ്യാത്തവർ മാധ്യമങ്ങളെ കല്ലെറിയട്ടെ... !!!
കിഷോർ, മനാമ