സംഘടനകൾ; അജണ്ടകൾ മാറ്റി എഴുതട്ടെ....
ബഹ്‌റൈനിൽ, മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന നിരവധി പ്രവാസി സംഘടനകൾ ഉണ്ട്. ജീവകാരുണ്യ −സാംസ്കാരിക രംഗത്തൊക്കെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൂട്ടായ്മകളും സജീവമാണിവിടെ. എങ്കിലും, പല സംഘടനകളുടെയും പ്രധാന അജണ്ട പാട്ട് മേളകൾ സംഘടിപ്പിക്കലും, അതിന് വേണ്ടി ആയിരക്കണക്കിന് ദിനാറുകൾ പിരിക്കലുമായി പരിമിതപ്പെടുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു. ഇത്തരത്തിൽ നടത്തപ്പെടുന്ന പല ഗാനമേളകളും കുടുംബസമേതം കാണാൻ കൊള്ളാവുന്ന സാംസ്കാരിക തലത്തിൽ നിന്നും പലപ്പോഴും തെന്നിമാറുന്നുണ്ട്. പോയ വർഷം ഒരു പ്രമുഖ വിഭാഗം സംഘടിപ്പിച്ച ഇത്തരത്തിലുള്ള പാട്ടുമേളം കയ്യാങ്കളിയിൽ കലാശിച്ചത് വാർത്തയായതാണ്. മറ്റു പല കക്ഷികൾക്കും നാട്ടിൽ നിന്നും രാഷ്ട്രീയ നേതാക്കളെ കൊണ്ടുവരാനും, അവർക്ക് സ്വീകരണമൊരുക്കാനും, അവരോടൊന്നിച്ച് സെൽഫിയെടുക്കാനാണുമൊക്കെയാണ് പ്രിയം. എല്ലാം നല്ലത് തന്നെ!
പക്ഷെ, അടിയന്തിരമായി ശ്രദ്ധ പതിയേണ്ട രണ്ട് −മൂന്ന് വിഷയങ്ങളുണ്ടിവിടെ. ഇവിടുത്തെ മലയാളി യുവതക്കിടയിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കണ്ടില്ലെന്ന് നടിക്കാനാകുമോ? നാട്ടിൽ നിന്നും ഒരു ബീഡി പോലും വലിച്ചിട്ടില്ലാത്തവർ ഇവിടെയെത്തി മുഴുകുടിയനായി നാടണയേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഫുൾഫിറ്റായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലിറങ്ങിയ ഒരു ബഹ്‌റൈൻ മലയാളി പ്രവാസിയുടെ ‘കാട്ടി കൂട്ടലുകൾ’ വാർത്തയിൽ ഇടം പിടിച്ചിരുന്നല്ലോ?
വാരാന്ത്യങ്ങൾ ആഘോഷിക്കാൻ കുപ്പിയെ കൂട്ടുപിടിക്കുന്ന പ്രവണത മലയാളികൾക്കിടയിൽ കൂടി വരുന്നുണ്ട്. ആവശ്യക്കാരിലേക്ക് ‘സാധനം’ എത്തിച്ച് കൊടുക്കുന്ന ‘കാരിയർമാരും’ മലയാളികളിൽ തന്നെയുണ്ട്. ഈ വിഷദ്രാവക പാനത്തിനെതിരെ സംഘടനകൾ ഉണരേണ്ടതില്ലേ? ശക്തമായ ബോധവത്കരണങ്ങൾ ഫലം കാണാതിരിക്കില്ല.
അച്ചടക്കരഹിതമായ സാന്പത്തിക ക്രിയവിക്രയങ്ങളും, വരുമാനത്തിനപ്പുറമുള്ള ചിലവഴിക്കലുകളും പല പ്രവാസികളെയും പ്രയാസികളായിട്ട് തന്നെ തുടരാൻ നിർബന്ധിതരാക്കുന്നു. വട്ടി പലിശക്കാരും, ബ്ലേഡുകാരുമൊക്കെ നാട്ടിലെ പോലെ ഇവിടെയും സജീവമാണെന്നത് ഒരു രഹസ്യമല്ല!
ശാസ്ത്രീയവും, അച്ചടക്കപൂർണവുമായ സാന്പത്തിക ശീലങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്താൻ സംഘടനകൾ വേദികളൊരുക്കേണ്ടതില്ലേ? ജീവിത ശൈലീരോഗങ്ങൾ പ്രവാസിയുടെ ആയുസിനെ താഴോട്ട് വലിക്കുന്പോൾ ആരോഗ്യ പൂർണമായ ജീവിതം നയിക്കാനാവശ്യമായ ടിപ്സുകളും ബോധവൽക്കരണങ്ങളും പകർന്ന് നൽകാൻ മലയാളി സംഘ കൂട്ടയ്മകൾ ഉത്സാഹിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ പ്രവാസി സംഘടനകൾ പ്രവർത്തന അജണ്ടകൾ നിശ്ചയിക്കുന്പോൾ ഇത്തരത്തിലുള്ള ജീവൽപ്രധാന വിഷയങ്ങൾ മുൻഗണനാ ലിസ്റ്റിൽ തന്നെ വരേണ്ടതുണ്ട്.
റഷീദ് തെന്നല, മുഹറഖ്