പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ദുരിതം: എംബസി അധികൃതർ മുൻ കൈയ്യെടുക്കണം
പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ദുരിതം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ഫോർ പിഎം ന്യൂസിൽ വന്ന വാർത്തയാണ് ഈ പ്രതികരണത്തിന് ആധാരം. വാർത്തയിൽ വിശദീകരിച്ച അവസ്ഥയെക്കാളും കൂടുതൽ ദുരിതം നേരിട്ട് അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ. ഇതിനു മുന്പ് ഇന്ത്യൻ എംബസിയുടെ സേവന കേന്ദ്രം പ്രവർത്തിച്ചത് മുതൽ പലരുടേയും ആവശ്യങ്ങൾക്ക് സേവാ കേന്ദ്രത്തിൽ പോയിട്ടുള്ള എനിക്ക് ഏറ്റവും മോശമായ സേവനം ലഭിച്ചത് ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസിലാണെന്നു പറയാതിരിക്കാനാവില്ല. സാധാരണ ഓഫീസും സ്ഥാപനങ്ങളും മാറ്റുന്പോൾ സൗകര്യങ്ങൾ കൂടിക്കൂടി വരുന്നതാണ് കാണുക. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ എംബസിയുടെ സേവാ കേന്ദ്രങ്ങളുടെ ഓഫീസുകൾ മാറ്റുന്നതിനനുസരിച്ച് സൗകര്യങ്ങളും അവിടെനിന്നു ലഭിക്കുന്ന സേവനങ്ങളും കുറഞ്ഞ വരുന്ന അവസ്ഥയാണ് കാണുന്നത്. ഇത് ഒടുവിൽ ഈ സേവന കേന്ദ്രം തെരുവോരത്തോ കടവരാന്തയിലോ ആക്കുമോ എന്നും സംശയമില്ലാതില്ല.
സേവാ കേന്ദ്രത്തിൽ വളരെ ദൂരെ നിന്ന് ഒരു സുഹൃത്തിനോടൊപ്പം എത്തിയ ഞാൻ അവിടെ എത്തി ശൗചാലയം അന്വേഷിച്ചപ്പോൾ യതീം സെന്ററിൽ പോയി സാധിക്കാനാണ് അവിടെയുള്ളവർ പറഞ്ഞത്. പാസ്പോർട്ടിനുള്ള അപേക്ഷ പൂരിപ്പിക്കാൻ നീണ്ട ക്യൂ ആയിരുന്നു. അതുകൊണ്ട് തന്നെ സ്ഥല പരിമിതിയിൽ നിന്ന് കൊണ്ട് അപേക്ഷ പൂരിപ്പിക്കാൻ ശ്രമിച്ചപ്പോഴോ, ഒരു പാസ്പോർട്ട് പോലും പൂർണ്ണമായി നിവർത്തി വെയ്ക്കാനുള്ള സൗകര്യം പോലും അതിനായി ഒരുക്കിയ എഴുത്തു സ്റ്റാൻഡിന് ഇല്ല.സംശയ നിവാരണത്തിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാരനാകട്ടെ ആരുടെ സംശയം തീർത്ത് കൊടുക്കണമെന്ന സംശയത്തിൽ പകച്ചുനിൽക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. പൊതുജനത്തിന് മികച്ച സേവനം ലഭിക്കുന്നതിനായി ഒരുക്കിയ ഈ “സേവന കേന്ദ്രത്തെ” ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേയ്ക്ക് മാറ്റിയെടുക്കാൻ എംബസി അധികൃതർ മുൻ കൈയ്യെടുക്കണം. എംബസി സേവന കേന്ദ്രത്തിലെ ദുരിതം ജനശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ വാർത്തയാക്കിയ ഫോർ പിഎം ന്യൂസിനും അത് റിപ്പോർട്ട് ചെയ്ത രാജീവ് വെള്ളിക്കോത്തിനും അഭിനന്ദനങ്ങൾ.
രാമത്ത് ഹരിദാസ്