സഭയിൽ സഭ്യതയോടെ പെരുമാറാൻ പഠിക്കാത്ത നേതാക്കൾ എങ്ങനെ ജനങ്ങൾക്ക് മാതൃകയാകും ?
എവിടെ നോക്കിയാലും പ്രശ്നങ്ങളാണ്. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കാപാലികർ, ഒരുമിച്ചിരിക്കുന്നവരെ അടിച്ചോടിക്കുന്ന സേനക്കാർ, അതിനെതിരെ രോഷപ്രകടനമായി എത്തുന്ന ഇരിപ്പു സമരക്കാർ, കൊലപാതകം, നടിക്കെതിരെ ആക്രമം, അരിയില്ലാ പ്രശ്നം അങ്ങനെ അങ്ങനെ നീളുന്ന പ്രശ്നങ്ങൾ.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുക എന്നത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണല്ലോ. അതിന് തക്ക പരിഹാരം കൂടിയാലോചിച്ച് കണ്ടെത്തേണ്ടതാണ്. പക്ഷെ പകരം സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മറ്റുമായി ഒത്തുകൂടുന്ന നിയമസഭയിൽ സഭ്യത വെടിഞ്ഞ് ഇരുപക്ഷക്കാരും കയ്യാങ്കളിയിൽ ഏർപ്പെടുന്ന കാഴ്ച ലൈവായി ജനസമൂഹം കാണേണ്ടിവരുന്നു. പലപ്പോഴായി സഭയിൽ സഭ്യതയില്ലാതെ താണ്ധവമാടിയവരും ഇക്കിളിപ്പെടുത്തിയവരുമൊക്കെ നമുക്ക് ചിരി സമ്മാനിച്ചിട്ടുണ്ട്.
പക്ഷെ ഇവിടെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം നാട്ടിൽ നമുക്ക് സ്വൈര്യമായി ജീവിക്കണം. അതിനുള്ള സാഹചര്യം വേണം. അതിന് പക്ഷെ സഭകൂടി കയ്യാങ്കളി നടത്തി നിങ്ങൾ പുറത്ത് കാണിക്കുന്ന നാടകം കാണാൻ നാട്ടിലെ ജനങ്ങൾക്ക് താൽപര്യമില്ല. എവിടെ പരിഹാരം? നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എന്ത് നടപടിയുണ്ടായി. ഗൂഡാലോചനയുണ്ടെന്നും ക്വട്ടേഷനാണെന്നും പ്രതി തന്നെ പറഞ്ഞിട്ടും അതിൽ കൂടുതലായി എന്ത് തെളിവ് ശേഖരിക്കാൻ പോലീസിനായി. പൾസർ സുനിയ്ക്കും സുനിയുടെ പിന്നിലുള്ളവർക്കും എന്ത് ശിക്ഷ ലഭിക്കും? ചോദ്യങ്ങളാണ് ഇതൊക്കെ? നടി ആക്രമണത്തിനിരയായിട്ട് മാസം ഒന്ന് പിന്നിടാറായി പക്ഷെ...
ഇനി വാളയാറിൽ നടന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള പീഡനവും അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുട്ടികൾക്ക് നീതിയും ലഭിക്കുമോ? അതോ വൈദികൻ ദൈവനിശ്ചയ പ്രകാരം ചെയ്തതാണെന്ന് പരിതപിച്ച് അ‘ദ്ദേഹ’ത്തിന് മോക്ഷം നൽകുമോ? ചോദ്യങ്ങളാണ് ഇതൊക്കെ.
സംസ്ഥാനത്ത് അരിക്ഷാമവും വരൾച്ചയും രൂക്ഷമാണല്ലോ? വരൾച്ച നേരിടാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു. കുടിവെള്ളം ജനങ്ങൾക്ക് ദാഹിക്കുന്പോൾ ലഭ്യമാക്കുന്ന തരത്തിൽ പദ്ധതികൾ തയ്യാറാക്കിയോ? വിലകുതിച്ചുയർന്ന അരി സാധാരണക്കാരന് കൊക്കിലൊതുങ്ങുന്ന വിലയ്ക്ക് നൽകാനുള്ള പദ്ധതികളിൽ എന്ത് പുരോഗതിയുണ്ടായി. ബംഗാളിൽ പോയി അരി വാങ്ങിയെന്ന് കേട്ടതല്ലാതെ അത് വിതരണം ചെയ്തോ? അല്ലെങ്കിൽ എത്രകാലത്തേയ്ക്ക് ബംഗാളിൽ നിന്ന് അരിവാങ്ങും. കിലോയ്ക്ക് 25 രൂപകൊടുത്ത് അരിവാങ്ങാൻ സാധാരണക്കാരന് പ്രാപ്തിയുള്ളതായി പഠനവിധേയമാക്കിയോ? ചോദ്യങ്ങളാണ് ഇതൊക്കെ ?
ഇതിലൊന്നും ശ്രദ്ധപതിപ്പിക്കാതെ സഭയിൽ നടുത്തളത്തിൽ ചെറിയ കുട്ടികൾ തല്ല്പിടിക്കുന്നത് പോലെ ‘വാടാ പോടാ’ വിളികളുമായി മുഖ്യമന്ത്രിയുൾപ്പടെ രംഗത്തുവരുന്പോൾ ഞാൻ എന്തിനാണ് സമ്മദിതായകനായതെന്ന് ചോദിക്കുകയാണ്. ഇതും ചോദ്യമാണ്... ഉത്തരമില്ലാത്ത ചോദ്യം.