'കഥയറിയാതെ ആടുന്ന' സദാചാര വാദികൾ...
മറൈൻ ഡ്രൈവിൽ ഇന്നലെയുണ്ടായ ശിവസേനയുടെ പ്രവർത്തിയെ ‘മ്ലേച്ഛം’ എന്നേ പറയാൻ കഴിയു. സേനക്കാർ ‘ശിവന്റെ കഥയാറിയാത്തവരാണെന്ന്’ പറയുന്ന സോഷ്യൽമീഡിയ ട്രോളുകൾ അവരുടെ നിലവാരത്തെ ശരിയായി സമൂഹത്തിന് കാണിച്ച് തരുന്നു. സംസ്കാരം ഏതളവിൽ ഒരു വ്യക്തിയിൽ ഉണ്ടാകണമെന്ന് ഇവിടെയാരും പഠിപ്പിക്കേണ്ടതില്ല. നല്ല രീതിയിൽ വളർന്നുവരുന്നവരിൽ അതെല്ലാം ആവശ്യമുള്ള അളവിൽ ഉണ്ടാകും. ഇനി ഇല്ലാത്തവരുണ്ടെങ്കിൽ അവ
രിൽ സംസ്കാരം കുത്തിനിറക്കേണ്ട സിറിഞ്ചൊന്നും ഇവിടെ ഒരു സംഘടനയ്ക്കും തീറെഴുതികൊടുത്തിട്ടില്ല.
മനുഷ്യർ പരസ്പരം അടുത്തിരുന്നാൽ ഉടനെ കുട്ടികളുണ്ടാകുമെന്ന് ധരിക്കുന്ന ശിവസേനക്കാരുടെ ഇടുങ്ങിയ ചിന്താഗതിയോട് പ്രതികരിക്കാൻ തന്നെ അറപ്പ് തോന്നുന്നു. ഈശ്വരവിശ്വാസികളായ ശിവസേനക്കാർക്ക് അയ്യപ്പൻ പിറന്നതെങ്ങനെയെന്നതിൽ ജ്ഞാനമുണ്ടാകുമെന്ന് തോന്നുന്നു. ഇല്ലാത്തവരാണെങ്കിൽ ആ സംഭവത്തിൽ കൂടുതൽ അറിവ് നേടിയാൽ ഇത്തരം പ്രവർത്തികൾക്കിറങ്ങി തിരിക്കില്ല.
ചൂരലുകൊണ്ട് അടിക്കാനിറങ്ങിയ ആ വ്യക്തിയെ ടീവി ചാനലുകളിൽ കണ്ടു. അയാൾ ഒരു ചൂരലുകൊണ്ട് മറൈൻ ഡ്രൈവിൽ ഒരുമിച്ചിരിക്കുന്നവർക്കെതിരെ ആക്രോശിക്കുകയും ചൂലരുകൊണ്ട് മർദ്ദിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി അകാരണമായോ കാരണമുണ്ടായിട്ടോ മർദ്ദിച്ചാൽ നിയമപരമായി അത് കുറ്റകൃത്യമാണ്. നിയമം ശിവസേനക്കാരും മറ്റും കയ്യിലെടുത്താൽ ഇന്നാട്ടിൽ എങ്ങനെ ജീവിക്കും. ജനങ്ങൾക്ക് സമാധാനവും സുരക്ഷയും നൽകേണ്ട പോലീസ് ഈ പ്രവർത്തി നോക്കി നിന്നെന്ന് അറിഞ്ഞപ്പോൾ ഇവർക്കൊക്കെ ആ തൊപ്പി വലിച്ചെറിഞ്ഞ് മറ്റ് വല്ല പണിക്കും പൊയ്ക്കൂടെ എന്നാണ് തോന്നിയത്. തണ്ടുതടിയുമുണ്ടെങ്കിൽ അത് കാണിക്കേണ്ടത് ഇത്തിരിപോന്ന കുട്ടികളോടല്ല, നിങ്ങളെ ആരും ഇവിടെ ഗുണപാഠം പഠിപ്പിക്കാൻ നിയമിച്ചിട്ടില്ല. കളി കാര്യമായികൊണ്ടിരിക്കുകയാണ്. സാമൂഹ്യ കാഴ്ചപ്പാടുകൾ മാറികൊണ്ടിരിക്കുന്നു. വളർന്നു വരുന്ന തലമുറ ഈ പ്രവർത്തികളെ തെറ്റായ രീതിയിൽ ഗ്രഹിച്ചെടുക്കാൻ തുടങ്ങിയാൽ നാടിന്റെ പോക്കിനെ നിയന്ത്രിക്കാൻ ഒരു പോലീസിനും പോലീസ് മന്ത്രിക്കും കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലായ്പ്പോഴും പാടുന്ന പാട്ട് പോലെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ മാനുഷിക പരിഗണന!. രാവിലെ പത്രം വായിച്ചുതുടങ്ങിയപ്പോൾ കണ്ട വാർത്ത അത്ഭുതപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തങ്ങാൻ ഇടമൊരുക്കിയ വ്യക്തിയ്ക്ക് ജാമ്യം. കോടതിയുടേതാണ് തീരുമാനം. ആരിലാണ് ഇനി അഭയം തേടേണ്ടത്?!
ജിൻസി, കോട്ടയം