നാടുണങ്ങി തുടങ്ങി, ചൂട്ടുപൊള്ളി തുടങ്ങി...
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പ്രചരിച്ച ഒരു വീഡിയോ ദൃശ്യമാണ് ഈ കോളത്തിൽ എഴുതാൻ പ്രേരിപ്പിച്ചത്. ഒരു കാക്ക കുപ്പിയിൽ നിറച്ച വെള്ളത്തിന് ചുറ്റും നടക്കുന്നതും കുപ്പിയുടെ അടപ്പ് കൊക്കുപയോഗിച്ച് കൊത്തിയെടുക്കാൻ ശ്രമിക്കുന്നതും ഇത് കണ്ട് കുപ്പിയുടെ ഉടമസ്ഥൻ കുപ്പി തുറന്ന് അടപ്പിൽ നൽകിയ വെള്ളം കാക്ക കുടിക്കുന്നതുമായിരുന്നു ആ ദൃശ്യത്തിൽ.
വളരെയധികം ചിന്തിക്കേണ്ട ആ വീഡിയോ ദൃശ്യം വരാനിരിക്കുന്ന വലിയൊരു വരൾച്ചയെയാണ് ചൂണ്ടി കാണിക്കുന്നത്. ‘പ്രമുഖരൊക്കെ’ ആക്രമണത്തിനു പിന്നിലോ മുന്നിലോ ഉണ്ടോയെന്നും ഗൂഡമായ ആലോചനകളെ ശങ്കയില്ലാതെ നിരസിച്ചും പലരും പലതും പാടി നടക്കുന്നു. ചിലപ്പോഴൊക്കെ തന്നെക്കാൾ കരുത്തരായവർ ഇല്ലെന്ന് വിളിച്ച് പറഞ്ഞ് ഗീർവാണം മുഴക്കുന്നു. വടിവാളും ഊരിപിടിച്ച കത്തിയും സ്റ്റാറുകളാകുന്നു. കയ്യടിക്കുന്നു, ചിലർ വായ പൊത്തുന്നു.
പെട്ടന്ന് പൊട്ടിമുളച്ച് കസേരയിലെത്താത്ത മുഖ്യമന്ത്രി വരാനിരിക്കുന്ന വരൾച്ചയെ കാര്യമായി തടയാൻ എന്ത് പദ്ധതിയാണ് എടുത്തതെന്ന് സാധാരണക്കാരനായ എനിക്കറിയണം. ഞാൻ പ്രവാസത്താണ്, ഇവിടെ ദാഹജലത്തിന് പഞ്ഞമില്ല. മരുഭൂമിയിൽ ഇത് സാധ്യമെങ്കിൽ പിന്നെ മരപച്ചയുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ശുദ്ധജലം കുടിക്കാൻ ലഭിക്കാത്തത്. കഴിഞ്ഞ ദിവസം പത്രത്തിൽ ഒരു വീട്ടമ്മ പൈപ്്ലൈൻ വഴി ലഭിക്കുന്ന അഴുക്കുജലം ഒരു കുപ്പിയിലാക്കി നിൽക്കുന്നതു കണ്ടിരുന്നു. ആ സമയം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ താങ്കൾ മറ്റ് പല സംഭവങ്ങളിൽ ഗൂഡാലോചന ഉണ്ടോ, ഇല്ലേ എന്ന് പറഞ്ഞതിലെ സ്ഥിരീകരണം അന്വേഷിച്ചും മംഗലാപുരത്ത് ആർഎസ്എസുകാരുടെ വെല്ലുവിളി അതിജീവിച്ച കഥപറഞ്ഞും ഹീറോയിസം കാണിക്കുകയായിരുന്നു. വാക്ചാതുര്യംകൊണ്ട് സഖാക്കളുടെ ചോര തിളപ്പിക്കുന്നതിന് പകരം കുടിക്കാൻ ഇത്തിരി കുടിനീര് ലഭ്യമാക്കാൻ അങ്ങ് അടിയന്തിരമായി നടപടികൾ കൈകൊള്ളണം. ഇന്ന് സംഭരിച്ചാൽ നാളേയ്ക്ക് മാറാവുന്നതേയുള്ളു ഈ വരൾച്ച... പ്രതീക്ഷയോടെ...
പ്രത്യുഷ്, പെരിന്തൽമണ്ണ