ഈ സിനിമക്കാരെക്കൊണ്ട് തോറ്റു !
ഒരു പ്രമുഖ നടിക്കെതിരെ നടന്ന അപലപനീയമായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കേരളം വീണ്ടും സ്ത്രീവിരുദ്ധ അക്രമങ്ങൾക്കെതിരെയും, ഗുണ്ടാ വിളയാട്ടങ്ങൾക്കെതിരെയും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ ഇന്ന് നടമാടി കൊണ്ടിരിക്കുന്ന മിക്ക കുറ്റകൃത്യങ്ങൾക്കും ഇന്ധനമായി വർത്തിക്കുന്നത് തല തിരിഞ്ഞ ഇതിവൃത്തമുള്ള ആധുനിക സിനിമകൾ തന്നെയാണ്. വളർന്ന് വരുന്ന ഒരു പൊടി മീശക്കാരൻ എങ്ങനെ ഒരു ഒന്നാം തരം ആഗോള ഗുണ്ടയാകാമെന്നതിന് ആധുനിക സിനിമകളിൽ വേണ്ടുവോളം ‘മാതൃകകൾ’ ഉണ്ടല്ലോ?
സഹപാഠികളായ സഹോദരിമാരെ കാമക്കണ്ണോടെ മാത്രം കാണാനും, ക്യാന്പസിനകത്തും പുറത്തും ലഹരിയുടെ ഉപയോഗം ഒരഭിമാനമാണെന്ന ചിന്ത വളർത്തിയെടുക്കാനും ഇന്നത്തെ കൗമാര −യൗവ്വനങ്ങളെ പാകപ്പെടുത്തി എടുക്കുന്നതിൽ പുതു സിനിമകൾ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്!
ഇനി മേലിൽ നടിമാർ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് സിനിമാ സംഘടനയായ ‘അമ്മയ്ക്ക്’ തന്നെ പറയേണ്ടി വന്നിരിക്കുന്നു!. കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ നടൻ ഇനി സ്ത്രീ വിരുദ്ധ കഥാപാത്രങ്ങൾ അവതരിപ്പിക്കില്ല എന്ന് കട്ടായം പറഞ്ഞത്. മുന്പ് താൻ ചെയ്ത ആൺമേൽക്കോയ്മ ചിത്രങ്ങൾക്കും, അതിൽ സ്ത്രീകളുടെ മാനം ഇടിക്കുന്ന തരത്തിൽ പറഞ്ഞ സംഭാഷണങ്ങൾക്കും ഈ ‘അവാർഡ് നടൻ’ മാപ്പ് ചോദിച്ചിരുന്നു. വൈകി വന്ന ഈ കുന്പസാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ കുറിക്കട്ടെ..., വരും തലമുറയിൽ നിന്നെങ്കിലും ‘പൾസർമാർ’ വളർന്ന് വരാതിരിക്കാൻ നമ്മുടെ മക്കളെ അസാംസ്ക്കാരിക പേക്കൂത്തുകളുടെ വിളനിലമായി മാറി കൊണ്ടിരിക്കുന്ന ആധുനിക സിനിമാ ലോകത്ത് നിന്നും അകറ്റി നിർത്തുന്നതായിരിക്കും അഭികാമ്യം.
റഷീദ് തെന്നല, മുഹറഖ്