ചൊവ്വയിൽ വെള്ളം തേടിപോകുന്ന നമ്മൾ !
മഞ്‍ഞും മഴയും കേരളത്തെ കുളിരണിയച്ചൊരു കാലമുണ്ടായിരുന്നു. ഇന്ന് പക്ഷെ മരുപ്പച്ചയെന്ന് വീന്പിളക്കിയ കേരളം ചുട്ടുപൊള്ളുകയാണ്. കുടിക്കാൻ വെള്ളമില്ല. പ്രകൃതിയെ ഇങ്ങനെയാക്കിയതിൽ നമുക്കെല്ലാം പങ്കുണ്ട്. ഒരു ദയയുമില്ലാതെ വെട്ടിമുറിച്ചിടുന്ന മരങ്ങളും, നികത്തുന്ന പാടങ്ങളും കുളങ്ങളും ജലസന്പത്തിനെ ഇല്ലാതാക്കുന്നു. ഒരു പറ പാടമുണ്ടെങ്കിൽ പോലും സ്ഥലത്തിന് വിലകിട്ടില്ലെന്ന് ഭയന്ന് മണ്ണിട്ട് നികത്തി തെങ്ങോ വാഴയോ വെയ്ക്കുന്നു, ഇങ്ങിനെ വെയ്ക്കുന്ന തെങ്ങിനും വാഴയ്ക്കും വെള്ളം കോരിയൊഴിക്കാൻ പക്ഷെ കരുതലില്ല എന്ന് തിരിച്ചറിയാതെയാണ് നമ്മളെല്ലാം ഇതിന് മുതിരുന്നത്.
ചെയ്തുപോയ പാപങ്ങൾക്ക് വരും തലമുറയനുഭവിക്കും. ഭരിക്കുന്ന സർക്കാരിനാണെങ്കിൽ ഇതിലൊന്നും വലിയ ശ്രദ്ധയില്ല. കുടിക്കാൻ വെള്ളമില്ലെന്ന് ജനങ്ങൾ മുറവിളികൂട്ടുന്പോൾ ഒരു ലോറിയിൽ വെള്ളംകൊണ്ടുവന്ന് അവരുടെ നാവ് നനയ്ക്കും, ഇങ്ങനെ എത്രകാലം? നമ്മൾ തിരിച്ചറിയണം, വായുവും വെള്ളവും പണം കൊടുത്ത് ക്യൂ നിന്ന് വാങ്ങേണ്ട കാലത്തിലേയ്ക്കാണ് നമ്മളും നമ്മുടെ വരാനിരിക്കുന്ന തലമുറയും ഓടിയടുത്തുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് 133കോടി ജനങ്ങളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്പോൾ 100 കോടി ജനങ്ങളെങ്കിലും ഒരു ദിവസം അരമണിക്കൂർ സമയം മാറ്റിവെച്ചാൽ ഒരു തൈ നടാം. ഒന്നു കാര്യമായി ശ്രമിച്ചാൽ ജലത്തെ സംരക്ഷിക്കാം. സോഷ്യൽ മീഡിയയിലും മറ്റും ഞാൻ ഇത്ര മരം നട്ടു, ഞാൻ ഇത്ര മരത്തിന് വെള്ളമൊഴിച്ചു എന്ന് പറഞ്ഞ് പബ്ലിസിറ്റി നേടുന്നതിനേക്കാൾ സ്വയം തിരിച്ചറിയുക ഇത് എനിക്കും എന്റെ തലമുറയ്ക്കും വേണ്ടിയാണെന്ന്. ഇങ്ങനെ 100 കോടി ജനങ്ങൾ ഒരു തൈ നട്ടാൽ പത്ത് വർഷങ്ങൾകൊണ്ട് അതൊരു ചെറിയ വൃക്ഷമാകും. പോയ 30 വർഷത്തിനിടെ ചെയ്ത പാപങ്ങൾക്ക് പരിഹാരമാകാൻ ഒത്തൊരുമിച്ചൊരു തീരുമാനത്തിലെത്തൂ, ഒരു മരം നടൂ.. ഈ നാടിനെ വരൾച്ചയിൽ നിന്നും രക്ഷിക്കൂ... നമുക്ക് ചൊവ്വയിൽ വെള്ളം തേടിപോകാതെ ഭൂമിയിലെ വെള്ളത്തെ നിലനിർത്താം...
രഞ്ജിത്ത്, പൊന്നാനി