ആഭാസമാകുന്ന വിദ്യാഭ്യാസ രീതി...
കച്ചവടചന്തയിൽ ആടുമാടുകളെ വിൽക്കുന്നതുപോലെ കുത്തഴിഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രീതി. നാല് കാശുണ്ടായാൽ ഒരു കോളേജോ സ്കൂളോ കെട്ടിപൊക്കി തോന്നിയ വില സീറ്റുകൾക്കിട്ട് കച്ചവടം തകൃതിയാക്കൽ തുടങ്ങിയിട്ട് കാലം കുറച്ചായി. അല്ല, വാങ്ങാൻ ആളുണ്ടായതുകൊണ്ടാണല്ലോ ഇതൊക്കെ ഇങ്ങനെ തളഴച്ച് വളർന്ന് പന്തലിച്ചത്.
കാര്യം നിസ്സാരമല്ല, ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞ് മാറാൻ കഴിയില്ല. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് വേണ്ട വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സർക്കാർ പിന്നെങ്ങനെയാണ് ജനങ്ങളോടൊപ്പം എന്ന് പറയപ്പെടുന്നത്. ഒരു സർക്കാരിനെ മാത്രമല്ല, ഭരിച്ച് പിന്നിലോട്ട് പോയ എല്ലവരോടുമായാണ് ചോദിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും വേണ്ട വിധം പഠിക്കാൻ സ്കൂളുകളും കോളേജുകളുമുണ്ടോ? ഇനി ഉണ്ടെങ്കിൽ അവിടൊക്കെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ. വെട്ടും കുത്തും അഴിമതിയും പീഢനങ്ങളും പിടിച്ചുപറിയും പട്ടികടിക്കലും ചർച്ചചെയ്യുന്ന നേരത്ത് ഇടയ്ക്ക് ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെട്ടതാണോ എന്നുകൂടെ നേതാക്കൾ ചിന്തിച്ചാൽ നല്ലത്.
കാശുള്ളവൻ കോളേജുണ്ടാക്കിയാൽ അവിടുത്തെ ലോ അവന്റെ ഇഷ്ടത്തിനാണ്. അതവരെ കുറ്റം പറയാനും കഴിയില്ല. വേണേൽ പഠിക്കാൻ ചെന്നാൽ മതി എന്ന മട്ടാണ് അവർക്കും. ഇതില്ലാതാക്കാൻ ഇവിടെ സർക്കാറിന് ഈസിയായി കഴിയും. പഠിക്കാൻ താൽപര്യമുള്ള എല്ലാവരെയും, അവർക്ക് വേണ്ട രീതിയിൽ വിദ്യാഭ്യാസം കൊടുക്കാൻ സർക്കാർ മുൻകൈ എടുത്ത് തയ്യാറായാൽ മതി. എങ്കിൽ ഇത്തരത്തിൽ വിദ്യാർത്ഥികൾ പീഡനങ്ങൾ നേരിടേണ്ടി വരില്ല, തീർച്ച....
രഞ്ജിത്ത്, മലപ്പുറം