ജല്ലിക്കെട്ടിന് ഒറ്റക്കെട്ട്: തമിഴർക്ക് സല്യൂട്ട്...
ആവശ്യങ്ങൾക്ക് ഒറ്റക്കെട്ട്. അവിടെ എതിർപ്പുകളുടെ ശബ്ദമില്ല. അത്തരത്തിൽ ശബ്ദങ്ങളുണ്ടെങ്കിലും വളരെ ദുർലഭം. തമിഴരുടെ സംസ്കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. കാളയോട് മല്ലിടുന്ന യോദ്ധാവിനെ വീരനെ പോലെ കാണുന്ന തമിഴർ അവരുടെ സംസ്കാരത്തിന്റെ ജല്ലിക്കെട്ടിനെ പടിയിറക്കാൻ തയ്യാറല്ല. ജല്ലിക്കെട്ടിനെതിരെ സുപ്രീംകോടതി വിധി വന്നതിന് ശേഷം തമിഴ്നാട് ഒറ്റകെട്ടാണ്. മുതിർന്ന സിനിമാ താരങ്ങളും, രാഷ്ട്രീയ പ്രമുഖരുമെല്ലാം ഒപ്പമുണ്ട്. ഉപവാസം വരെ ഇരിക്കാൻ തയ്യാറായി സിനിമാ താരങ്ങൾ വരുന്പോൾ അവരുടെ സംസ്കാരത്തെ മുറുകെ പിടിക്കാൻ അവർ കാണിക്കുന്ന ഒത്തൊരുമ അഭിനന്ദനീയമാണെന്ന് പറയാതെ വയ്യ. ധനുഷ്, രജനീകാന്ത്, കമൽഹാസൻ, സൂര്യ, വിജയ് എന്നീ പ്രമുഖ താരങ്ങൾ ജല്ലിക്കെട്ടിനെ അനുകൂലിക്കുന്പോൾ ചിലർ വിമർശിക്കുന്നുമുണ്ട്. നടൻ വിശാൽ, നടി തൃഷ ഇവരൊക്കെ ജല്ലിക്കെട്ടിനെതിരാണ്.
ജല്ലിക്കെട്ട് ഒരു അപകടം പിടിച്ച സംഭവം തന്നെയാണ്. പ്ര
ത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മത്സരത്തിന് തുറന്നു വിടുന്ന കാളയുടെ കൊന്പു നന
യ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യും. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊന്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കാളയെ കീഴ്പ്പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ.
മനുഷ്യനേക്കാൾ ശക്തിയുള്ള കാളയെ മെരുക്കി കീഴ്പ്പെടുത്തുന്ന തമിഴ് മക്കളെ അവർ വീരൻമാരെ പോലെ കാണുന്നു. അപകടത്തിൽ മരണം സംഭവിച്ചതിന്റെ കണക്കിൽ കുറേയധികം തമിഴർ ജീവൻ വെടിഞ്ഞിട്ടുണ്ട്. പക്ഷെ അവരെ സംബന്ധിച്ച് അതൊന്നും അവരെ ഒരു തരത്തിലും ഈ തീരുമാനത്തിൽ നിന്നും പിൻമാറാൻ പ്രേരിപ്പിക്കുന്നില്ല.
ജല്ലിക്കെട്ടിനോട് അനുബന്ധിച്ചു നിരവധി യുവാക്കൾക്ക് ജീവഹാനി സംഭവിക്കുന്നതിനാൽ 2007 ജനുവരിയിൽ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചിരുന്നതാണ്. എന്നാൽ 2010 നവംബർ 27ന് കർശന വ്യവസ്ഥകളോടെ ജല്ലിക്കെട്ട് നടത്തുവാൻ തമിഴ്നാട് ഗവൺമെന്റിനു അനുവാദം നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.
തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ടിന് കോടതി ഏർപ്പെടുത്തിയ നിരോധനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2016 ജനുവരി ഏഴിന് എടുത്തു കളഞ്ഞ് വിഞ്ജാപനം ഇറക്കി. ഇതിനെതിരെ ഇന്ത്യൻ മൃഗക്ഷേമ ബോർഡും മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റയും (PETA) നൽകിയ ഹർജിയിൽ നിരോധനം നിലനിർത്തികൊണ്ട് 2016− ജനുവരി 13ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു.
ഇതിനെതിരെയാണ് തമിഴ്നാട് ഒറ്റക്കെട്ടായി രംഗത്തുള്ളത്. ജല്ലിക്കെട്ട് നടത്താൻ അനുവാദം, അതാണ് അവരുടെ ആവശ്യം. തമിഴ്നാട് പ്രക്ഷോഭത്തിലേയ്ക്കാണ് ഈ ആവശ്യവുമായി മുന്പോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം മറീനാ ബീച്ചിൽ ഇതുമായി ഒത്തുകൂടിയവരുടെ എണ്ണമെടുത്താൽ അവരുടെ ആവശ്യത്തിലെ വികാരം നമുക്ക് മനസ്സിലാകും. അവർക്ക് വലുത് അവരുടെ സംസ്കാരമാണ്... സുപ്രീം കോടതി പോലും വിറയ്ക്കുന്ന തരത്തിലാണ് അവരുടെ പ്രക്ഷോഭ പ്രകടനങ്ങൾ... ജല്ലിക്കെട്ടിനായി അവർ ഒറ്റക്കെട്ടാണ്...
സൂരജ്, വയനാട്