രാഷ്ട്രീയം കളിച്ച് രാജ്യത്തെ കൊളംതോണ്ടരുത് പ്ലീസ്...
ഒരു കഥ പറയാം. ഒരു ക്ലാസിൽ നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു, പേര് കുഞ്ചു. അദ്ധ്യാപകന് പ്രിയപ്പെട്ട കുഞ്ചുവൊഴിച്ച് ബാക്കി പിള്ളേരെല്ലാം ക്ലാസിൽ പഠിക്കാൻ പിറകോട്ടായിരുന്നു. പക്ഷെ അദ്ധ്യാപകൻ പരീക്ഷയെടുത്താൽ കുഞ്ചു വാങ്ങുന്ന അതേ മാർക്ക് മിക്ക കുട്ടികൾക്കും ഉണ്ടാകും. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അദ്ധ്യാപകന് അറിയാം, പക്ഷെ അത് എങ്ങനെ ഇല്ലാതാക്കും എന്ന് അദ്ധ്യാപകൻ തലപുകഞ്ഞ് ആലോചിച്ചു.
ഒരു ദിവസം അദ്ധ്യാപകൻ കുട്ടികളോടായി പറഞ്ഞു, ഞാൻ പരീക്ഷയെടുക്കാൻ പോകുകയാണ് നിങ്ങളിൽ ആരെങ്കിലും കോപ്പിയടിക്കാൻ തയ്യാറായി വന്നിട്ടുണ്ടെങ്കിൽ, അത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തിരിച്ച് തരണം എന്ന്. അതല്ല ഞാൻ അത് പിടിച്ചെടുത്താൽ നിങ്ങൾ കഠിനമായ ശിക്ഷ നേരിടേണ്ടിവരും. ഏറിയാൽ പരീക്ഷയെഴുതാൻ സാധിക്കില്ല എന്ന തികച്ചും നിസ്സാരമായ ശിക്ഷയെ ഓർത്ത് കോപ്പിയടിക്കാൻ വന്ന പിള്ളേരെല്ലാം വിദഗ്ദ്ധമായി കോപ്പിയടിക്കുക തന്നെ ചെയ്തു. അദ്ധ്യാപകൻ ധരിച്ചത് പക്ഷെ അന്നാരും കോപ്പിയടിച്ചില്ലെന്നാണ്. പക്ഷെ പേപ്പർ നോക്കിയപ്പോൾ എപ്പഴത്തേയും പോലെ വിദ്യാർത്ഥികൾ ആരും തോറ്റിട്ടില്ല, മാത്രമല്ല അവർക്ക് എല്ലാം നല്ല മാർക്കുമുണ്ട്. ഇതിൽ കുപിതനായ അദ്ധ്യാപകൻ കുട്ടികൾ കോപ്പിയടിക്കുന്നത് തടയാൻ മുൻപിൻ നോക്കാതെ പരീക്ഷ നിരോധിച്ചു...
ഇന്ത്യ നേരിട്ട നോട്ട് നിരോധനത്തിന് ഈ കഥയുമായോ കഥാപാത്രമായോ ബന്ധമില്ല. നിങ്ങൾക്കങ്ങനെ തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.
രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടിയിൽ എന്തുകൊണ്ടോ ജനം കൂടെയുണ്ടെന്ന് തന്നെയാണ് പ്രധാനമന്ത്രി മോഡിയുടെ വാദം. എന്നാൽ ഇത്തരമൊരു നടപടിക്ക് ശേഷം, ഒരു പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ജാഗരൂകരായി നോക്കിയിരുന്ന ജനതയെ അദ്ദേഹം വിഡ്ഢികളാക്കി. അത്ര പ്രാധാന്യമായിരുന്നു നോട്ട് അസാധുവാക്കലിന് 50 ദിവസം ശേഷിക്കെ മോഡിയുടെ പ്രസംഗത്തിനുണ്ടായിരുന്നത്.
ഒരു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഏറെ ഉത്തരവാദിത്തപ്പെട്ടവനാണല്ലോ. അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ച് ജനം കൂടെ നിന്നെങ്കിൽ തീർച്ചയായും അദ്ദേഹം ആവശ്യപ്പെട്ട 50 ദിവസത്തിന് ശേഷം സ്ഥിതിഗതികൾ എങ്ങനെയെന്ന് വ്യക്തമാക്കാനും അതിന്റെ ശാശ്വത പരിഹാരത്തിനും ഒരു വഴി കഴിഞ്ഞ ജനുവരി ഒന്നിനെങ്കിലും അദ്ദേഹം കാണേണ്ടതായിരുന്നു. കഴുതയായ ജനത്തെ വീണ്ടും കഴുതയാക്കി, ഗർഭിണികൾക്ക് ‘പ്രസവപണം’ 6000 രൂപ നൽകി അദ്ദേഹം നടത്തിയ സൈക്കോളജിക്കൽ മൂവ്മെന്റ് പക്ഷെ പരാജയം തന്നെയാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം. പ്രസവ ശേഷമുള്ള സഹായമല്ല, നിത്യജീവിതത്തിൽ മനുഷ്യന് ആവശ്യമുള്ള പണം, അതും അവന്റെ സ്വന്തം അദ്ധ്വാനത്തിന്റെ ഫലം അത് അനുഭവിക്കാൻ നിബന്ധനകളൊന്നും ഇല്ലാതിരിക്കണം, അതല്ലേ സ്വതന്ത്ര്യ ഇന്ത്യ. ഇവിടെ ഏകാതിപത്യമൊന്നും വാഴില്ല സാർ... മുസ്സോളിനിയുെട അനുഭവം താങ്കൾക്ക് അറിയാമെന്ന് തോന്നുന്നു...
രഞ്ജിത്ത്, മലപ്പുറം