നാളെയാണ്... നാളെയാണ്... നാളെയാണ്...
1000, 500 നോട്ടുകൾ പിൻവലിച്ച നടപടിയിൽ രാജ്യത്തെ ജനത അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾക്ക് പരിഹാരം എന്ന് ഉണ്ടാകും എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 50 ദിവസം കാത്തിരിക്കാനും, ശേഷം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും ഉറപ്പ് നൽകിയിരുന്നു. ‘ഉറപ്പിന് ഉരുക്കുപോലെ’ ഉറപ്പേകിയ മറ്റൊരു കാര്യം ഈ പരിപൂർണ്ണ പരിഹാരത്തിന് 50 ദിവസം ആവശ്യപ്പെട്ട പ്രധാനമന്ത്രി പറഞ്ഞ മറ്റൊരു കാര്യമായിരുന്നു. 50 ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ ജനങ്ങൾക്ക് തന്നെ തൂക്കിലേറ്റാമെന്ന് അദ്ദേഹം പറഞ്ഞു.
സമയം ഇവിടെ അടുക്കുകയാണ്, നാളെ സൂര്യനസ്തമിക്കുന്പോൾ പ്രധാനമന്ത്രി ആവശ്യപ്പെട്ട ദിവസം അവസാനിക്കും. നോട്ട് അസാധുവാക്കലിനെ തുടർന്ന് ബാങ്കുകൾ വഴി പിൻവലിക്കാവുന്ന തുക ആഴ്ചയിൽ 24000വും ദിവസം 2500ഉം ആണ്. ഗ്രാമങ്ങളിൽ ഇപ്പോഴും നീണ്ട ക്യൂ ഉണ്ടെങ്കിലും മെട്രോസിറ്റികളിൽ പ്രശ്നം ഗുരുതരമല്ലാതായിട്ടുണ്ട്. പക്ഷെ പിൻവലിക്കാവുന്ന തുകയ്ക്ക് മാറ്റമൊന്നും ഇല്ലാത്തതിനാൽ ഏറെപേരും പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്.
പ്രധാനമന്ത്രി ആവശ്യപ്പെട്ട ദിവസം കഴിഞ്ഞാലും സ്ഥിതി തുടരേണ്ടി വരുമെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കുന്പോൾ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നാളെ ആ ദിവസമാണ്, അദ്ദേഹം ആവശ്യപ്പെട്ട 50 ദിവസം അവസാനിക്കുന്ന ദിവസം. രാജ്യത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്, നാളെ പ്രധാനമന്ത്രി എന്ത് മാറ്റത്തിനാണ് ഒരുങ്ങുന്നത് എന്നറിയാൻ. പ്രശ്നം പരിഹരിച്ച് സാധാരണ ഗതിയിൽ പണം എല്ലാവരിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ അദ്ദേഹം വിജയിച്ച ഒരു പ്രധാനമന്ത്രി തന്നെയാകും. പക്ഷെ ബാങ്കുകളിൽ ഇതുവരെയും പണമെത്താത് നാളെ ഒരു ദിവസത്തിന് ശേഷം വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നു.
എന്ത് തന്നെയായാലും നവംബർ എട്ടിന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയെങ്കിൽ ഡിസംബർ 28ന് അദ്ദേഹം എന്ത് പ്രസ്താവന നടത്തും എന്ന പ്രതീക്ഷയിലാണ് ജനം. കാത്തിരിക്കാം....
നിശാന്ത്, കോക്കൂർ