ചൊറിയാനോരോരോ കാരണങ്ങൾ...
സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും രസകരമായ ട്രോളുകളാണ് കാണപ്പെടാറുള്ളത്. ട്രോളുകളിൽ വരുന്ന ഓരോ എക്സ്പ്രെഷനും അതിലെ ഡയലോഗുകളും സന്ദർഭവശാൽ അത്രയേറെ യോജിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും തന്നെ ഇത് കണ്ട് ചിരിക്കുകയും ആസ്വദിക്കുകയും ഒക്കെ ചെയ്യാറുമുണ്ട്. മലയാളികൾ തന്നെയാണ് മറ്റേത് ദേശക്കാരെക്കാളും ട്രോളുകൾ ചെയ്യുന്നതിൽ കൂടുതൽ മിടുക്കന്മാർ എന്ന് ഇതിനോടകം തന്നെ നമ്മൾ തെളിയിച്ചു കഴിഞ്ഞു. എന്നാൽ, ആവശ്യത്തിനും അനാവശ്യത്തിനും ട്രോളുകൾ ചെയ്യുകയും, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അവരുടെ പേഴ്സണൽ കാര്യങ്ങളിൽ പോലും ഇടപ്പെട്ട് ട്രോളുകൾ ചെയ്യുന്നതിൽ നമുക്ക് പ്രത്യേക കഴിവ് തന്നെയാണുള്ളത്. ഇത്തരത്തിലത് ചെയ്യുന്നവർക്കും, അത് കണ്ട് ആസ്വദിക്കുന്ന ഭൂരിപക്ഷം പേർക്കും പ്രത്യേക താൽപ്പര്യം തന്നെയാണുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ സോഷ്യൽ മീഡിയയിൽ വന്ന ട്രോളുകൾ നോട്ട് നിരോധനം, ദിലീപ് കാവ്യാമാധവൻ കല്യാണം ഒക്കെ ആയിരുന്നെങ്കിലും ഇപ്പോൾ അത് ജയലളിതയുടെ മരണവും, തമിഴർ ജയലളിതയ്ക്ക് നൽകിയ സ്നേഹത്തിന് നമ്മൾ നൽകുന്ന കളിയാക്കലും ആണ്. തമിഴർ പൊതുവെ സ്നേഹമുള്ളവരും, നന്ദിയുള്ളവരുമാണ്. അവർക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊടുത്താൽ (അവ ചെറുതാണെങ്കിൽ പോലും) പൊതുവെ നന്ദി പ്രകടിപ്പിക്കാറുള്ളവരാണ്. നമ്മളാണെങ്കിൽ വാക്കുകളിൽ ഒതുക്കി അപ്പോൾ തന്നെ മറക്കാറുള്ളവരും. അവരുടെ ആവശ്യങ്ങൾ നിറവേറ്റിയ ജയലളിതയെ അവർ സ്നേഹിച്ചു. ജയലളിത അസുഖബാധിതയായി ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞപ്പോൾ തമിഴ് മക്കൾ ജയലളിതയ്ക്ക് വേണ്ടി പ്രാർത്ഥിച്ചതും, കണ്ണീർ ഒഴക്കിയതും ഒരു ടി.വിയിലോ മാധ്യമത്തിലോ വരാൻ വേണ്ടിയായിരുന്നില്ല. അവരുടെ മനസ്സിൽ നിന്നും വന്ന യഥാർത്ഥ സ്നേഹമാണത്. എന്നാൽ നമ്മളത് ട്രോളുകളാക്കി കളിയാക്കി ആസ്വദിക്കുന്നു. വിദ്യാസന്പന്നരായ മലയാളികൾ ചെയ്യുന്ന ഈ ട്രോളുകൾ (ചൊറിച്ചിൽ) അത് മറ്റുള്ളവർക്ക് വേദനിപ്പിക്കുന്നുവെങ്കിൽ നമ്മൾ അത്തരം കാര്യങ്ങളിൽ നിയന്ത്രണം പാലിച്ചേ മതിയാകൂ.
മുഹമ്മദ് ഇക്ബാൽ