എന്റെ പൊന്നെ....
500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് തൊട്ടുപിന്നാലെ സ്വർണ്ണത്തിൻമേലും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവൻ (500 ഗ്രാം) സ്വർണ്ണം, അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം (31.25 പവൻ) സ്വർണ്ണം, പുരുഷന്‍മാർക്ക് പന്ത്രണ്ടര പവൻ സ്വർണ്ണം എന്നിങ്ങനെയേ കൈവശം വെക്കാൻ പാടുള്ളൂ എന്നതാണ് പുതിയ നിയമം. നോട്ട് നിരോധനം ഏർപ്പെടുത്തിയതിനാൽ കള്ളപ്പണക്കാർ തങ്ങളുടെ പണം സ്വർണ്ണത്തിൽ നിക്ഷേപിച്ച് അവരുടെ പണം സേഫാക്കുന്നു എന്ന കണ്ടെത്തലാണ് സ്വർണ്ണത്തിന്മേലും നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നതാണ് റിപ്പോർട്ട്. ഈ നിയമം പ്രഖ്യാപിച്ചത് മുതൽക്ക് സോഷ്യൽ മീഡിയയിലും മറ്റും അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിലർ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് അയക്കുന്പോൾ കൊടുക്കുന്ന സ്വർണ്ണത്തിന് (സ്ത്രീധനത്തിന്) നിയന്ത്രണം വരുത്തേണ്ടത് ആവശ്യമാണെന്ന് വിലയിരുത്തുന്നു. വേറെ ചിലർ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് നല്ലതാണെന്ന് സമ്മതിക്കുന്നുവെങ്കിലും കാറ്റഗിരി തിരിച്ചുള്ള നിയന്ത്രണം ശരിയായില്ല എന്നാണ് പറയുന്നത്. അതായത്, ഭാരതത്തിലെ പൗരന്മാർ എല്ലാവർക്കും തുല്യ അവകാശമാണെന്നും, കല്യാണം കഴിച്ചവർ, കഴിക്കാത്തവർ, ആൺ/പെൺ തുടങ്ങി ഓരോരുത്തർക്കും കൈവശം വെക്കാവുന്ന അളവ് പല വിധത്തിലാക്കിയത് ശരിയായില്ല എന്നാണ് പറയുന്നത്. മാത്രമല്ല, കല്യാണം കഴിഞ്ഞ് പിരിഞ്ഞ് ജീവിക്കുന്നവർക്ക് എത്രത്തോളം സ്വർണ്ണം കൈവശം വെക്കാമെന്ന ചോദ്യവും സജീവമാണ്.
കള്ളപ്പണക്കാർ അവരുടെ പണം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നു എന്ന വാദം ശരിയാണെങ്കിൽ കൂടി, സ്വർണ്ണം കൈവശമുള്ള എല്ലാവരും കള്ളപ്പണക്കാരാണെന്ന് പറയാൻ കഴിയില്ല. നമ്മൾ ഭാരതീയർ പ്രത്യേകിച്ച് മലയാളികൾ അവരുടെ സന്പാദ്യം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവരാണെന്നതാണ് വസ്തുത. ഏതൊരു സാധാരണക്കാരൻ പോലും അവരുടെ കൊച്ചു കൊച്ചു സന്പാദ്യങ്ങൾ സ്വരൂപിച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് ഒരു പെൺ കുട്ടി ഉണ്ടായ കാലം മുതൽ, കുട്ടി വളർന്ന് വരുന്നത് മുതൽക്കേ സ്വർണ്ണ നിക്ഷേപത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളിൽ മിക്കവരും. ഇങ്ങനെ ഒരു സാധാരണക്കാരൻ വർഷങ്ങളായി സ്വരൂപിച്ചു കൂട്ടിയ പണത്തിൽ വാങ്ങുന്ന സ്വർണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ അവനത് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരിക്കും എന്നത് ഇതിന്റെ ഒരു മറുവശമാണ്.
അതേസമയം, പൈതൃകസ്വത്തായി ലഭിച്ച സ്വർണ്ണത്തിന് നിയന്തണമില്ല എന്നതും, കൃത്യമായ നികുതി അടച്ച പണം ഉപയോഗിച്ച് വാങ്ങുന്ന സ്വർണ്ണത്തിനും നിയന്ത്രണമില്ല എന്നതും സാധാരണ ജനത്തിന് ആശ്വാസമാണ്. ഏതായാലും നമ്മുടെ നേതാക്കന്മാർ ഇന്ത്യൻ ജനതയുടെ നന്മയ്ക്കായി നല്ല കാര്യങ്ങൾ ചെയ്യുമെന്നും നമ്മുക്ക് അച്ഛാ ദിൻ വരുമെന്നും പ്രതീക്ഷിക്കാം.
അനില വിജയൻ