അമേരിക്കയിലെ തിരഞ്ഞെടുപ്പിന് ഇന്ത്യയിൽ ചർച്ചയോ !
നാട്ടിലെ വിഷയങ്ങൾ എന്പാടും ചർച്ച ചെയ്ത് പരിഹരിക്കാൻ കാത്തുകിടക്കെ വല്ല നാട്ടിലും വല്ലവരും തിരഞ്ഞെടുക്കപ്പെടുന്നതിൽ ഇത്ര ശുഷ്കാന്തി ഇന്ത്യയിൽ വേണോ? കാര്യം അമേരിക്ക ലോക നേതാക്കളാണെങ്കിലും അവരുടെ നാട്ടിൽ അവർ ആരെ വേണേലും തിരഞ്ഞെടുക്കട്ടെ, നമ്മളെന്തിനാ അതിൽ ഇത്ര ജാഗ്രത കാണിക്കുന്നത്.
ഇവിടെ തലസ്ഥാനത്ത് ശ്വസിക്കാൻ നല്ല വായുവില്ലാതെ ജനം കഷ്ടപ്പെടുന്നുണ്ട്. പക്ഷെ രാവിലെ ടീവി തുറന്നാൽ ‘ട്രംപോ? ഹിലരിയോ’ എന്ന തലക്കെട്ടോടെ കോട്ടിട്ടവർ അങ്ങോട്ടുമിങ്ങോട്ടും ട്രംപ് ജയിച്ചുകിടക്കുകയാണെന്നും അത് ദിവാൻ സ്വപ്നമാണെന്നും ഹിലരി അതിനു മുന്പേ ജയിച്ചു കിടക്കുകയാണെന്നുമൊക്കെ തട്ടിവിടുന്നത് കേൾക്കാം. ഇവരൊക്കെ ഇങ്ങനെ പറയുന്നത് കേട്ടാ തോന്നും ജയിച്ചാൽ ഹിലരിയും ട്രംപും ഇവരുടെ വീട്ടിൽ വന്ന് നന്ദി പറയുമെന്ന്.
ആരാധന കൊണ്ട് പലരും പലർക്കുവേണ്ടിയും വാദിക്കുന്നതും തർക്കിക്കുന്നതും കേൾക്കാം. അതിനൊരു രസമുണ്ട്. ഇത് പക്ഷെ ഒരു തലത്തിലും ഒരു മേഖലയിലും ഇന്ത്യക്കാരെ സ്വാധീനിക്കാൻ കഴിയാത്ത രണ്ട് പേർക്ക് വേണ്ടി എന്തിനാ ഇങ്ങനെ ബഹളം? നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ സംഘടിപ്പിക്കൂ... പട്ടിയേയും പോലീസിനേയും ഗുണ്ടകളേയും നേതാക്കൻമാരെയും പേടിക്കാതെ നടക്കാൻ കഴിയുന്ന ഒരു നല്ല നാടിനായി വാദിക്കു, തർക്കിക്കൂ...
സുകേഷ്, മനാമ