തോരാത്ത കണ്ണുനീരിൽ അമ്മയുറങ്ങാത്ത വീടുകൾ
നമ്മുടെ നാട് എങ്ങോട്ട് പോകുന്നു എന്നു ചോദിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇളം തലമുറ തൊട്ട് മുതിർന്നവരിൽ നിന്ന് പോലും മൂല്യങ്ങൾ കെട്ടു പോകുകയാണ്. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതാകുന്നു മനുഷ്യന്റെ ചെയ്തികൾ. നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ലെന്ന് വിചാരിക്കുന്നഒരു വിഭാഗം ഓരോ നാട്ടിലും ഉണ്ട്. കണ്ണൂരിൽ ഓരോ രാഷ്ട്രീയ പാർട്ടിക്കാരും അവരവരുടെ കോട്ടകൾ കേറി ആക്രമിക്കുന്ന കാഴ്ചകളാണ് നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും വേണം പാർട്ടി ഗ്രാമങ്ങൾ, അധികാരത്തിന്റെ പേരിലും രാഷ്ട്രീയ പകപോക്കലിന്റെ പേരിലും ഓരോ പാർട്ടി ഗ്രാമങ്ങളിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മനുഷ്യത്തലകൾ കൊയ്തെടുക്കുന്ന കിരാത സംഭവങ്ങൾക്ക് ആരെയാണ് നാം പഴിക്കേണ്ടത്?
ഭരണകൂടത്തിന്റെ ഒത്താശകൾ ആയുധനിർമ്മാണത്തിന് വഴിവെക്കുന്നുണ്ടോ എന്നുകൂടി സംശയിക്കേണ്ടി വരികയാണ്. ഇനിയെങ്കിലും കണ്ണൂരിനെ രക്ഷിക്കാൻ പുതിയതും തുരുന്പെടുത്തതുമായ മുഴുവൻ ആയുധങ്ങളും ഉറയിലിടുക. നേതാക്കൾ ആഢംബര വാഹനത്തിൽ സഞ്ചരിച്ച് സുഖനിദ്രയ്ക്ക് വേണ്ടി ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ കഴിയുന്പോൾ കണ്ണൂരിലെ അമ്മമാരുടെയും ഉമ്മമാരുടെയും ദീനരോദനങ്ങൾ കേൾക്കാതെ പോകരുത്. തോരാത്ത കണ്ണൂനീരിൽ അമ്മയുറങ്ങാത്ത വീടുകൾ ഉണ്ടെന്ന ബോധം ഉണ്ടാവേണ്ടതുണ്ട്. അധികാരത്തിന്റെ തണലിൽ സ്വന്തക്കാരെയും ബന്ധക്കാരെയും ഉന്നത ജോലിയിൽ ഇരുത്തി കുടുങ്ങിയ ചർച്ചകളല്ല നമുക്കാവശ്യം, മറിച്ച് ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഹങ്കരിക്കുന്ന കേരളത്തിലെ കണ്ണൂരിൽ നിന്നും കൂട്ട പാലായനം ചെയ്യുന്ന അമ്മമാരുടെയും ഉമ്മമാരുടെയും സുരക്ഷിതമാണ് ഭരണസിരാകേന്ദ്രത്തിൽ ചർച്ച ചെയ്ത് തീർപ്പാക്കേണ്ടത്.
നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ‘മാനവീകത’ തിരിച്ചു പിടിക്കേണ്ടതുണ്ട്. മൃഗീയതയ്ക്ക് പകരം മാനവീകത ഉണർത്തേണ്ടതുണ്ട്. ‘കൊന്നവനറിയില്ല എന്തിനാണ് ഞാൻ അവനെ കൊന്നതെന്ന്.’ കൊല്ലപ്പെട്ടവനറിയില്ല എന്തിനാണ് അവൻ എന്നെ കൊന്നതെന്ന്’ നീതിക്കും മനുഷ്യനന്മയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് നമുക്കാവശ്യം. ജാതിയുടെയും മതത്തിന്റെയും അതിർവരന്പുകൾ വരയ്ക്കാത്ത മാനവീകതയെ ഉണർത്തുന്ന സന്ദേശങ്ങൾ രാജ്യം മുഴുക്കെ ഉണ്ടാകണം. ‘മനസിനുള്ളിൽ മാനവീകത പൂത്തൂലയട്ടെ’
അബൂബക്കർ ഇരിങ്ങണ്ണൂർ