ഒഐസിസി ബഹ്‌റിൻ ഘടകം പിരിച്ചു വിടണം
കഴിഞ്ഞ രണ്ടര വർഷത്തോളമായി നീർജ്ജീവമായ ഒഐസിസി ബഹ്‌റിൻ കമ്മിറ്റി പിരിച്ചുവിടണം. പാർട്ടിക്കോ സമൂഹത്തിനോ സാംസ്ക്കാരിക രംഗത്തോ ആതുരസേവനരംഗത്തോ യാതൊന്നും ചെയ്യാതെ നിർജീവമായി കിടക്കുന്ന ഒഐസിസി ബഹ്‌റിൻ കമ്മിറ്റി, ആത്മാഭിമാനമുള്ള കോൺഗ്രസ്സ് പ്രവർത്തകർക്ക് അപമാനമാണ്. ഈ കഴിഞ്ഞ നാളുകളിൽ ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പല പരിപാടികളിൽ നിന്നും ബഹുഭൂരിപക്ഷം വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾപോലും വിട്ടുനിൽക്കുന്നത് ഒഐസിസിയോടുള്ള നീരസം വ്യക്തമാക്കുന്നു.
നാട്ടിൽ നിന്നു വരുന്ന നേതാക്കൾക്ക് ഷാൾ അണിയിക്കുന്നതിൽ മാത്രമായി ഈ കമ്മിറ്റി അധഃപതിച്ചിരിക്കുകയാണ്. നാലു ജനറൽ സെക്രട്ടറിമാരിൽ ഒരു ജനറൽസെക്രട്ടറിയെ ഈ കമ്മിറ്റി രൂപീകൃതമായ കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഒഐസിസിയുടെ ഒരു പരിപാടിയിലും ആരും കണ്ടതായി അറിവില്ല. ഇതുപോലുള്ള ആളുകളാൽ നയിക്കപ്പെടുന്ന ഈ സംഘടനയുടെ പ്രവർത്തനം സമൂഹമദ്ധ്യേ അപഹാസ്യം ആണ്. ജില്ലാ കൺവെൻഷൻ എന്ന പേരിൽ കഴിഞ്ഞ കാലങ്ങളിൽ നാട്ടിൽനിന്നും മന്ത്രിമാരെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടികളിൽ പോലും വിരലിലെണ്ണവുന്ന ആളുകൾ മാത്രം പങ്കെടുത്തത് ഈ സംഘടന എത്രമാത്രം അപ്രധാനമായി മാറിയെന്നത് മാധ്യമങ്ങളിൽ വായിച്ചറിവുള്ളതാണല്ലോ.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നടന്ന പാർലെമെന്റ്− തദ്ദേശ− നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒന്നിൽപോലും പങ്കെടുക്കുവനോ വോട്ടവകാശം വിനിയോഗിക്കുവനോ നാട്ടിൽ പോകതെയിരുന്ന ഒഐസിസി പ്രസിഡണ്ട്, തിരഞ്ഞെടുപ്പിനുശേഷം നേതാക്കൾകൊപ്പം ഫോട്ടോ എടുക്കുവാനും സ്വന്തം സ്ഥാനം ഉറപ്പിക്കുവാനും മാസത്തിൽ രണ്ടും മൂന്നും തവണ നാട്ടിൽ പോയിട്ടുള്ളത് ബഹ്‌റിനിലെ ജനങ്ങൾക്ക് അറിവുള്ളതാണ്. സ്വന്തം ചിത്രം പത്രങ്ങളിൽ വരണമെന്ന ഒറ്റ ചിന്തയുമായി നടക്കുന്ന ഒരു വിഭാഗം ഒഐസിസി ഭാരവാഹികൾ, ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയെന്ന പേരിൽ മഹാത്മാഗാന്ധിയെപോലും പിന്നിൽനിന്ന് പൂവിട്ടു അപമാനിച്ചത് ഇന്ത്യൻ സമൂഹത്തിനുതന്നെ നാണക്കേടായി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി ജനറൽസെക്രട്ടറി കെ.പി. അനിൽകുമാർ ബഹ്റിനിൽ വന്നു ഇവിടുത്തെ യു.ഡി.എഫ് പ്രവർത്തകരുടെ കൺവെൻഷനെ അഭിസംബോധന ചെയ്തപ്പോൾ, ഔദ്യോഗികം എന്നു അവകാശപ്പെടുന്ന ആളുകൾ ക്ഷണിച്ചിട്ട് നാട്ടിൽനിന്നും ഒരു നേതാവ്പോലും വരുവാൻ കൂട്ടാക്കാതെ, അവസാനം ഡൽഹി മലയാളി ആയ ഒരാളെക്കൊണ്ട് കൺവെൻഷൻ നടത്തിയത് മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും അറിവുള്ളതാണ്.
ഒഐസിസി ഭരണഘടന അനുസരിച്ച് തീരഞ്ഞെടുത്ത ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾക്ക് മാത്രമെ ഗ്ലോബൽ ഭാരവാഹിയാകുവാൻ സാധിക്കുകയുള്ളു എന്നിരിക്കെ കേവലം നാഷണൽ കമ്മിറ്റി അംഗം മാത്രമായ ശ്രീ രാജു കല്ലുംപുറം തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ കമ്മിറ്റി അംഗങ്ങളെ നോക്കുകുത്തിയാക്കി നേതാക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗ്ലോബൽ ജനറൽ സെക്രട്ടറി സ്ഥാനം കൈവശം ആക്കുകയാണ് ചെയ്തിട്ടുള്ളത്. ഇദ്ദേഹം രാജിവെച്ച സ്ഥാനത്തേയ്ക്ക് നാഷണൽ കമ്മിറ്റി തിരഞ്ഞെടുപ്പു കുടാതെ, തന്റെ ആശ്രീതനെ സ്വയം പ്രഖ്യാപിത പ്രസിഡണ്ട് ആയി അവരോധിച്ചിരിക്കുകയാണ് ചെയ്തത്.
കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും നാഷണൽ കമ്മിറ്റി വിളിച്ചു ചേർത്ത് കണക്ക് അവതരിപ്പിച്ച് പാസാക്കണം എന്നു ഭരണഘടന അനുശാസിക്കെ കഴിഞ്ഞ രണ്ടര വർഷകാലമായി ഒരു ജനറൽ ബോഡി പോലും വിളിച്ചു ചേർക്കുകയൊ കണക്ക് അവതരിപ്പിക്കുകയോ ചെയ്യാത്ത ഈ കമ്മറ്റിക്ക് എതിരേ, വിവിധ പരിപാടികളുടെ പേരും പറഞ്ഞു നടത്തിയ പിരിവുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുവാൻ കെപിസി സിയോട് ആവശ്യപ്പെടും.
അഡ്വ. ലതീഷ് ഭരതൻ, ജേക്കബ് തെക്കുതോട്, തോമസ് സൈമൺ,
രാജിലാൽ തന്പാൻ, സിൻസൺ ചാക്കോ, അഡ്വ.പോൾ സെബാസ്റ്റ്യൻ,
അനീഷ് വർഗീസ് എബി തോമസ്, അനിൽ തിരുവല്ല