ഒരു മനുഷ്യനായ സ്നേഹി...
തീർച്ചയായും മനുഷ്യ ജീവന് തന്നെയാണ് ഏറ്റവും വിലയെന്നിരിക്കെ പക്ഷെ മൃഗങ്ങളെ കൊല്ലുന്നതിനോട് യോജിക്കാനാവുന്നില്ല. ഇത്തരത്തിലൊരു ചർച്ച പറഞ്ഞ് പഴകിയതാണ്. മുന്പ് പക്ഷിപ്പനിയുടെ പേരിൽ ആലപ്പുഴയിൽ നിരവധി താറാവുകളെ കൊന്നൊടുക്കിയ സമയത്ത് ഇവയെ അത്ര നേരത്തേക്കെങ്കിലും ആഹാര പദാർത്ഥമായി ഉപയോഗിക്കാതിരിക്കാൻ മനുഷ്യന് കഴിയാതെ പോയി. അത് കഴിഞ്ഞു. തെരുവു പട്ടിയുടെ ആക്രമണം കുറച്ച് കാലമായി സമൂഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആക്രമണം അത് ഏത് പട്ടിയുടേതായാലും മനുഷ്യന്റേതായാലും അസഹനീയം തന്നെയാണ്.
ഇനി വാദപ്രതിവാദങ്ങളിലേയ്ക്ക് വരാം. എന്തിന് പട്ടികളെ കൊല്ലണം എന്ന് ഒരു വിഭാഗം ചോദിക്കുന്പോൾ മറ്റൊരു വിഭാഗം മനുഷ്യനെ ആക്രമിക്കുന്ന പട്ടികളെ പിന്നെ കൊല്ലുകയല്ലാതെ എന്ത് ചെയ്യാനാണ്
എന്നാണ് ചോദിക്കുന്നത്. ഇവിടെ ഞാൻ ചോദിക്കുന്നു, മനുഷ്യനെ ആക്രമിക്കുന്ന മനുഷ്യനെ നമ്മുടെ നിയമം എന്താണ് ചെയ്യുന്നത്?. ഉത്തരം വളരെ ലളിതം, കൊലപാതകങ്ങൾ വരെ ചെയ്ത മനുഷ്യരെ പോലും കുറച്ചോ കൂടുതലോ നാൾ തുറുങ്കിലടച്ച് പുറത്ത് വിടുന്നു. തൂക്കികൊല്ലുന്നില്ലേ എന്ന് ചോദിച്ചാൽ വിരളമായി മാത്രമാണ് അത്തരമൊരു ശിക്ഷ. അതും എത്രയോ തവണ ദയാഹർജികളും വിചാരണകളും എല്ലാം കഴിഞ്ഞ് മാത്രം (ഏകദേശം ഒരു പത്ത് വർഷക്കാലം പ്രതി ജയിലിൽ സുരക്ഷിതമായി സുഭിക്ഷമായി ഭക്ഷണം കഴിച്ച് ഉണ്ടുറങ്ങി കഴിയും). ഞാൻ ഇവിടെ മനുഷ്യന്റെ ജീവനെ വിലകുറച്ച് കാണുകയല്ല, മറിച്ച് എല്ലാ ജീവനുകൾക്കും അത്ര തന്നെ പ്രാധാന്യമുണ്ട്. ആക്രമകാരികളായ നായ്ക്കളെ പിടികൂടി കൊല്ലാതെ അവയെ കൂട്ടിലടക്കാൻ എന്തുകൊണ്ട് സർക്കാർ മുതിരുന്നില്ല, അതിനിത്ര ചെലവ് വരുമോ? കോടതികയറി ഇറങ്ങാനോ, കോട്ടിനുള്ളിൽ കയറാനോ, ഇനി കോടതി കയറിയാൽ തന്ന അവരെ ഇറക്കികൊണ്ടു വരാനോ ഒരു ‘പട്ടിയും’ വരില്ലെന്നിരിക്കെ സർക്കാരിന് പിടികൂടൽ നടപടിയിലേയ്ക്ക് ധൈര്യമായി പോകാം, പക്ഷെ ദയവു ചെയ്ത് കൊന്ന് തള്ളരുത്. ആക്രമണകാരികളായ നായ്ക്കളെ കണ്ടെത്തു, അവയെ പിടികൂടൂ,,, അവരെ ‘തുറുങ്കിലടക്കാൻ’ സർക്കാർ തന്നെ മൂന്നോട്ട് വരട്ടെ...
രഞ്ജിത്ത് കെ.വി