രാ­ജ്യ തലസ്ഥാ­നത്തു രാ­ജഭരണമോ­?


ഡൽഹിയിൽ ജനാധിപത്യ രീതിയിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത സർക്കാറിന് യാതൊരു അധികാരവുമില്ലെന്ന തരത്തിലുള്ള ഹൈക്കോടതി വിധി ആശങ്കാജനകമാണ്. ഈ വിധി കേട്ടപ്പോൾ ഇന്ത്യയിൽ ജനാധിപത്യമോ അതോ രാജാധിപത്യമോ എന്ന് സംശയം തോന്നിപ്പോയി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എടുക്കുന്ന തീരുമാനങ്ങൾക്ക് തോറ്റന്പിയ പാർട്ടി നിയോഗിച്ച ലഫ്.ഗവർണറുടെ അനുമതി വേണമെന്നും, ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം ജനാധിപത്യ ഗവൺമെന്റിനല്ല മറിച്ച് ഗവർണർക്കാണെന്നുമുള്ള ഹൈകോടതി വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഡൽഹി സർക്കാർ. ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

അധികാര പരിധി സംബന്ധിച്ച തർക്കം രാജ്യ തലസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കിയിരിക്കയാണെന്ന് AAP സർക്കാറിന്റെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സർക്കാറിന്റെ മിക്ക തീരുമാനങ്ങൾക്കും കേന്ദ്ര സർക്കാർ എതിരു നിൽക്കുകയാണെന്നാണ് ഹർജിയിൽ ഡൽഹി സർക്കാർ ആരോപിക്കുന്നത്. ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവിയും സന്പൂർണ്ണ ഭരണാധികാരവും നൽകുക എന്നത് മാത്രമാണ്, ഈ ശീതസമരവും ഭരണസ്തംഭനവും അവസാനിപ്പിക്കാനുള്ള ഏക പരിഹാരമാർഗം.

കേന്ദ്ര ഗവൺമെന്റിന്റെ മുഴുവൻ മെഷിനറിയും ഉപയോഗപ്പെടുത്തി വിയർത്ത് പരിശ്രമിച്ചിട്ടും, അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആത്മി പാർട്ടിയെ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കുന്ന നടപടികളാണ് ഡൽഹി സർക്കാറിനെതിരെ മോഡിയും അദ്ദേഹത്തിന്റെ പോലീസും കുറെ നാളുകളായി കൈക്കൊള്ളുന്നത്. ഒരു ഡസനോളം AAP  MLA മാരെയാണ് ഈ കുറഞ്ഞ കാലയളവിൽ വിവിധ കള്ളക്കേസുകളിൽ കുടുക്കി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു ഓട്ടോറിക്ഷയിൽ കയറാനുള്ള ബിജെപി പ്രതിനിധികളെ പോലും നിയമസഭയിലേക്കയകാതിരുന്ന ഡൽഹി ജനത ഈ അന്യായങ്ങൾക്കെതിരെ കൂടുതൽ
ശക്തിയോടെ ആഞ്ഞടിക്കാൻ മാത്രമെ ഇത്തരം നടപടികൾ സഹായിക്കൂ എന്ന് തിരിച്ചറിയാനുള്ള വിശേഷബുദ്ധി ബിജെപി നേതൃത്വത്തിന് ഇല്ലാതെ പോയത് അൽഭുതം തന്നെ. അല്ലെങ്കിൽ തന്നെ ലോകത്തിന് മുന്നിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിഛായ ഒരു വളർത്ത് മൃഗം മാത്രമായ പശുവിന്റേതിന് തുല്യമാണ്. മനുഷ്യനെക്കാൾ പശുവിന് മുൻഗണന നൽകുന്ന ഇന്ത്യാ രാജ്യത്തെ,  ലോകജനത എങ്ങിനെ നോക്കിക്കാണുന്നു എന്നറിയണമെങ്കിൽ പശുവിന്റെ തലച്ചോറിന് പകരം മനുഷ്യന്റ തലച്ചോർ കൊണ്ട് ചിന്തിക്കേണ്ടിയിരിക്കുന്നു.

ബഷീർ വാണിയക്കാട്

You might also like

Most Viewed