ആരോ­പണവും, ആക്രോ­ശവും, മർ­ദ്ദനവും


കേരള സമൂഹത്തിന് അത്രപരിചിതനല്ലാത്ത പെരുന്പിലാവ് സ്വദേശിയായ യുവ എഴുത്തുകാരൻ പി. ജിംഷാറിന് മർദ്ദനമേറ്റിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ‘പടച്ചോന്റെ ചിത്രപ്രദർശനം’ എന്ന പുസ്തം എഴുതിയതിനാണ് മർദ്ധിച്ചതെന്ന് ജിംഷാർ പറയുന്നു. പുസ്തകത്തിന്റെ വാണിജ്യ സാദ്ധ്യതക്കായി ഇദ്ദേഹം ഉണ്ടാക്കിയ കഥയാണിതെന്നും മറ്റും പ്രചരിപ്പിക്കുന്നവരും തമ്മിലുള്ള വാത പ്രതിവാദങ്ങളും, ആരോപണങ്ങളും, ആക്രോശങ്ങളും സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും തുടരുകയാണ്. മർദ്ദനമേറ്റൂ എന്നത് ആശുപത്രി രേഖകൾ ഉള്ളതിനാൽ വസ്തുതയാണെന്ന് വിശ്വസിച്ചേ മതിയാകൂ. 50 കഥകളുടെ സമാഹാരമാണ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന പുസ്തകം ഇതിൽ രണ്ട് കഥകൾ ഒഴിച്ച് മറ്റുള്ളവ നേരത്തേ പ്രസിദ്ധീകരിച്ചതാണത്ര! ഇതിൽ ഇസ്ലാമിനെ കുറിച്ചോ പടച്ചവനെ കുറിച്ചോ ഒന്നും പരാമർശിക്കുന്നില്ല എന്നതാണ് വസ്തുത എന്ന് എഴുത്തുകാരൻ പറയുന്നു.

പുസ്തകത്തിന്റെ പേരാണ് ചില മത തീവ്രവാദികളെ പ്രകോപിപ്പിച്ചതത്ര !!? വെറും ഒരു പേരിൽ പ്രകോപിതരാകുന്നവർ കേരളത്തിൽ ഉണ്ടെങ്കിൽ അവർക്ക് ഏതു വിധത്തിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് കേരള സമൂഹം ഉടൻ തീരുമാനമെടുക്കണം അല്ലാത്തപക്ഷം ഇത്തരം പ്രവണതക്ക് വലിയ വില നൽക്കേണ്ടി വരും. കൽബുറികിയെ പോലെയൊ പെരുമാൾ മുരുകനെ പോലെയൊ വലുപ്പമുള്ള ആളല്ലങ്കിലും കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജേണലിസം പഠിച്ച ജിംഷാർ അടുത്തിടെ ഇറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ അസി ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള കലാകാരനാണ്. ജിംഷാറിനെ മതാന്ധരായ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചത് ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റം മാത്രമായി ചുരുക്കി കാണുന്നത് അങ്ങേയറ്റം പരിതാപകരമാണ്. മത വിഷം ചീറ്റുന്ന പ്രവീൺ തൊഗാഡിയും സാക്ഷി മഹാരാജിനേയും, സ്വാധി പ്രചീക്കും എതിരെ പ്രതികരിക്കുന്പോൾ കയ്യടിക്കുന്നവർ ജിംഷാറെന്ന തികഞ്ഞ മതേതര വാദിയായ യുവ എഴുത്തുകാരനെ മർദ്ധിച്ചപ്പോൾ മൗനം പാലിക്കുന്നത് അപലപനീയമാണ്. 

പ്രതിഷേധിക്കാനും പോരാടാനുമുള്ള സ്വതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. അതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. ആക്രമണങ്ങൾ പ്രതിരോധ പ്രവർത്തനമല്ല തനി ഗുണ്ടായിസമാണ്. അത് മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും മതാന്ധരായ അക്ഷര വിരോധികൾ നടത്തിയ ഈ നീചപ്രവർത്തിയെ സ്വതന്ത്ര ചിന്തക്ക് വേണ്ടി അക്ഷരത്തെ സ്നേഹിക്കുന്നവർ ശക്തമായി പ്രതികരിക്കേണ്ട സമയം തന്നെയാണിത്.

 

ബ്രിജിലാൽ കൊടുങ്ങല്ലൂർ

You might also like

Most Viewed