പ്രതിരോധ വാക്സിനെ പ്രതിരോധിക്കുന്നത് ആര്? എന്തിന്?
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാളും മുന്പിലാണ് കേരളത്തിന്റെ ആരോഗ്യ സാക്ഷരത എന്നാണ് നാം അവകാശപെടുന്നത്. ഇതിന് ആധാരമായി പറയുന്നത് കേരളം വിദ്യാഭ്യാസ മേഖലയിൽ നേടിയ സന്പൂർണ്ണ സാക്ഷരതയും, ശാസ്ത്ര ബോധവുമാണ്. പക്ഷേ കഴിഞ്ഞ ഏതാനും ആഴ്ചകളായി നമ്മൾ വാക്സിനേഷൻ വഴി നിർമ്മാർജനം ചെയ്ത ഡീഫ്തീരിയ ബാധിച്ച് മലപ്പുറം ജില്ലയിൽ മരണങ്ങൾ സംഭവിച്ചു എന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്. ഇതിന്റെ കാരണങ്ങൾ തേടി പോയ ആരോഗ്യ പ്രവർത്തകർ പങ്കുവെച്ച കാര്യങ്ങളും ആശങ്കക്ക് ആക്കും കൂട്ടുന്നവയാണ്.
വാക്സിനേഷൻ നൽകിയാൽ കുട്ടികൾ ഉണ്ടാകില്ലന്നും, മറ്റു പല രോഗങ്ങൾ വരുമെന്നും, ഡോക്ടർമാർക്കും വിദേശ മരുന്നു കന്പിനികൾക്കും ലാഭമുണ്ടാക്കാനുള്ള ഏർപാടാണിതെന്നുമുള്ള തികച്ചും തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിടുകയാണ് നിക്ഷിപ്ത താൽപര്യക്കാർ. ഇതിൽ പ്രധാനിയാണ് കൊച്ചിയിൽ പ്രകൃതി ചികിത്സ നടത്തുന്ന ജേക്കബ് വടക്കൻചേരി. കോളേജിൽ പോകാത്ത ഇയാൾ ഡോക്ടർ എന്ന് എഴുതി വെച്ചാണ് ചികിത്സ നടത്തുന്നത്!. മുന്പ് പല ജനകീയ സമരങ്ങളിലും നുഴഞ്ഞു കയറി സമരം പൊളിച്ച് കാശുണ്ടാക്കുന്നയാൾ എന്ന ആരോപണമുള്ളയാൾ ഒരു സുപ്രഭാതത്തിൽ ഡോക്ടറാകുന്നു. വാക്സിനേഷനു വേണ്ട മരുന്നുകൾ ഭൂരിഭാഗവും ഇന്ത്യയിലെ പൂനയിൽ സ്ഥിതി ചെയ്യുന്ന സിറം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് ഉൽപ്പാദിപ്പിക്കുന്നത്.
ലക്ഷകണക്കിന് ഉൽപ്പാദന ചിലവുള്ള ഈ മരുന്നുകൾ സൗജന്യമായാണ് സർക്കാർ നൽകുന്നത്. ലോകത്തെ കിടുകിടാ വിറപ്പിച്ച വസൂരി, പോളിയോ പോലുള്ള മഹാരോഗങ്ങൾ ഇല്ലായ്മ ചെയ്യ്തത് പ്രതിരോധ കുത്തിവെപ്പിന്റെ ഫലമായാണെന്നുള്ളത് ആരും മറക്കരുത്. ഇതിന്റെ പാർശ്വഫലങ്ങളും ആധുനീക ആരോഗ്യ ശാസ്ത്രം തള്ളുന്നില്ല. പ്രതിരോധ കുത്തിവെപ്പ് നടത്തുന്പോൾ ലക്ഷത്തിൽ ഒരാൾക്ക് അതേ രോഗം വരാം പക്ഷേ കോടിക്കണക്കിന് ആളുകൾക്ക് രോഗം തടയാൻ കഴിയുന്നു. അതല്ലേ നേട്ടമായി കാണേണ്ടത്. നിസ്സാര കാരണങ്ങൾ ചൂണ്ടി കാണിച്ച് കുട്ടികൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവെപ്പുകൾ നൽകാതിരിക്കുന്നത് വരും തലമുറയോട് നാം കാണിക്കുന്ന കടുത്ത അനീതിയായിരിക്കും ഈ പ്രവണത ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതുമല്ല. ദേശീയവും അന്തർദേശീയവുമായ മാനദണ്ധങ്ങൾ അനുസരിച്ച് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയാണ് ഭാവിയുടെ സ്വത്തുക്കളായ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നത്. പ്രതിരോധ കുത്തിവെപ്പ് ഇടുത്ത കാർഡുള്ള കുട്ടികളെ മാത്രം സ്കൂളുകളിൽ ചേർക്കുകയുള്ളൂ എന്ന നിർദ്ദേശം കുത്തിവെപ്പ് ഉറപ്പാക്കാൻ സാധിക്കും. തികഞ്ഞ ആത്മാർത്ഥതയോടെയാണ് സർക്കാരും, ആരോഗ്യ പ്രവർത്തകരും പ്രതിരോധ കുത്തിവെപ്പിനെ പ്രോൽസാഹിപ്പിക്കുന്നതും ബോധവൽക്കരിക്കുന്നതും പക്ഷേ തീരുമാനം എടുക്കേണ്ടത് രക്ഷകർത്താക്കളാണ് അത് അൽപ്പജ്ഞാനികളായ മതപുരോഹിതരുടേയും കപടശാസ്ത്ര വിരുദ്ധ പുരോഗമന വാദികളുടേയും വാക്ക് കേട്ടുകൊണ്ടാകരുത് എന്നു മാത്രം,
ബ്രിജിലാൽ കൊടുങ്ങല്ലൂർ