ഇത് ഗു­ണ്ടായിസം...


കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വക്കീലന്മാരും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സംഘട്ടനങ്ങളും പോർ വിളികളും സാംസ്കാരിക കേരളത്തിന്‌ തന്നെ അപമാനമായി എന്ന് പറയാതെ വയ്യ. പീഡന കേസ്സിൽ പെട്ട സഹപ്രവർ‍ത്തകനെ രക്ഷിച്ചെടുക്കാനും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനും വേണ്ടി അഭിഭാഷകർ നടത്തിയ പേക്കൂത്തുകൾ അവരുടെ നിലവാരത്തിന് ചേർ‍ന്നതായിരുന്നോ എന്ന് അവർ തന്നെ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഹോറൻ മുഴക്കുന്നത് പോലും നിരോധിച്ച മേഖലയാണ് കോടതി പരിസരം, അത്രക്കും പരിപാവനമായ സ്ഥലത്ത് വെച്ചാണ് മദ്യക്കുപ്പികളും കല്ലും ഒക്കെ ആയി മാധ്യമ സുഹൃത്തുക്കളെ അവർ‍ നേരിട്ടത്. പോലീസുകാരനെ സാക്ഷിയാക്കി ഒരു മാധ്യമ പ്രവർത്തകനെ ചവിട്ടുന്ന ഗൗണിട്ട അഭിഭാഷകന്‍റെ ചിത്രം അത്ര പെട്ടെന്നൊന്നും കേരളം മറക്കും എന്ന് തോന്നുന്നില്ല. 

സമൂഹം തങ്ങൾക്കു നല്‍കിയ ബഹുമാനവും തങ്ങൾ നിർവഹിക്കേണ്ട കടമകളും മറന്ന വക്കീലന്മാർ കളങ്കം വരുത്തിവെച്ചത് അവരുടെ തൊഴിലിന് തന്നെയാണ്. കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയുടെ കേസിന്‍റെ വിധി പ്രസ്താവം പോലും കുഴപ്പം പേടിച്ചു കൊല്ലം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു എന്നത് ഈ വിഷയം എത്രമാത്രം അനിയന്ത്രിതമായി പോയി എന്നതിന്‍റെ തെളിവാണ്. പീഡന കഥകൾ സത്യം ആണെന്നിരിക്കെ അതിന്‍റെ പേരിൽ മാധ്യമങ്ങളെ പഴി പറയുന്നതിൽ ഒരു അർ‍ത്ഥവും ഇല്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒട്ടനവധി വാർത്തകൾ വിവാദമാക്കുകയും അതിന്റെ ഒക്കെ പേരിൽ മനുഷ്യസ്നേഹിയായ മുഖ്യമന്ത്രിയെ പരാജയപ്പെടുത്താൻ കുട പിടിച്ചു കൊടുക്കുകയും ചെയ്തവരാണ് കേരളത്തിലെ ചില ചാനലുകൾ, എന്നിരുന്നാലും ഈ വിഷയത്തിൽ കേരളീയ സമൂഹം മാധ്യമങ്ങൾ‍ക്ക് ഒപ്പമാണ് എന്നത് വാസ്തവം ആണ്. 

അക്രമകാരികൾ ഏതു വിഭാഗത്തിൽ പെട്ടവർ ആയാലും അവരെ ക്രിമനലുകൾ ആയി കണ്ട് നേരിടാതെ നിഷ്ക്രിയത്വം പാലിച്ച പോലീസും ഈ വിഷയത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട ജഡ്ജിമാരും ഭരണനേതൃത്വവും ശക്തമായ ഇടപെടലുകൾ നടത്തി മാന്യമായ പരിഹാരം ഈ വിഷയത്തിൽ ഉണ്ടാക്കണം. മാധ്യമ പ്രവർ‍ത്തകരെ തല്ലിച്ചതച്ച അഭിഭാഷകർക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാനും തയ്യാർ ആകണം.

 

വി-.കെ സെയ്താലി

You might also like

Most Viewed