ചോര തന്നെ കൊതുകിന് കൗതുകം


എ ശിവപ്രസാദ്

ഈ മാസം 28 ശനിയാഴ്ച (28.5.2016) ഫോർ പി.എം ന്യൂസിന്റെ കാഴ്ചപ്പാട് പേജിൽ ശ്രീ. ഇ.എ സലീം എഴുതിയ ‘മൂന്നാം വർഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോഡി ഗവൺമെന്റ്’ എന്ന ലേഖനം വായിച്ചു. ആദ്യമേ തന്നെ പറയട്ടെ തന്റെ മുൻ ലേഖനങ്ങളിലെല്ലാം കണ്ടുവരുന്ന നരേന്ദ്രമോഡി ഫോബിയ ഒന്നുമാത്രമാണ് ഇതിലും കാണാൻ കഴിഞ്ഞത്. ബി.ജെ.പിയുടെ മുഖപത്രമായ ‘ജന്മഭൂമി’യിൽ കണ്ട ഒരു ലേഖനമാണ് സലീമിനെ ചൊടിപ്പിച്ചത്. അതോടെ മനസിലുള്ള ഹിന്ദുവിരുദ്ധതയും മോഡി വിരുദ്ധതയും ഒരുമിച്ച് പുറത്തേക്കൊഴുകി.

ജാതിയുടെയും ഗോത്രത്തിന്റെയും പേരിൽ രാജ്യത്താകമാനം സംഘർഷങ്ങൾ നടക്കുന്നു എന്നതാണ് മറ്റൊരു വിഷയം. ഇത്തരം സംഘർഷങ്ങൾ ആരു ഭരിക്കുന്പോൾ നടന്നാലും അത് അനുവദനീയമല്ല. എന്നാൽ ഇവിടെ അതല്ല പ്രശ്നം. മൻമോഹൻ സിംഗിന്റെ ഭരണകാലത്തെ അപേക്ഷിച്ചു നോക്കുന്പോൾ നരേന്ദ്രമോഡി ഭരണത്തിൽ വർഗീയ സംഘർഷങ്ങൾ താരതമ്യേന കുറവാണെന്ന കണക്കുകൾ പോലും പഠിക്കാതെയാണ് നരേന്ദ്രമോഡിയെ പഴിക്കുന്നത്. മാത്രമല്ല വർഗീയ സംഘർഷങ്ങൾ നടന്ന സംസ്ഥാനങ്ങളിലൊന്നും ഭരിക്കുന്നത് മോഡിയുടെ പാർട്ടിക്കാരല്ല താനും. ഓരോ സംസ്ഥനങ്ങളുടെയും ക്രമസമാധാനം അതാത് സംസ്ഥാനങ്ങൾക്ക് ആണ് (ഡൽഹി ഒഴികെ) എന്നിരിക്കെ മോഡിയെ പഴി പറയാനുള്ള ഒരു വിടുവാക്കു മാത്രമായേ ലേഖകന്റെ ഈ ശ്രമങ്ങളെ കാണാൻ കഴിയൂ.

നരേന്ദ്രമോഡി സർക്കാറിനെതിരെയുള്ള മറ്റൊരാരോപണം വാഗ്ദാനങ്ങളൊന്നും പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചു എന്നതാണ്. അതിനു നരേന്ദ്രമോഡി വിശദീകരണം നൽകണം പോലും! മെയ് 26ന് പ്രസിദ്ധീകരിച്ച ബി.ജെ.പിയുടെ മുഖപത്രം ജന്മഭൂമി വായിച്ച ലേഖകൻ മെയ് 11ാം തിയ്യതിയിലെ ജന്മഭൂമി വായിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മുഴുവൻ ചോദ്യങ്ങൾക്കും ആവലാതികൾക്കും മറുപടി കിട്ടിയേനേ! നരേന്ദ്രമോഡി സർക്കാർ പുറത്തിറക്കിയ പ്രകടനപത്രിക ഒരു തവണയെങ്കിലും വായിച്ചിട്ട് വിമർശിക്കണമായിരുന്നു. മോഡി സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതും നടപ്പിലാക്കിയതുമായ ഏതാനും ചില കാര്യങ്ങൾ ലേഖകന്റെ അറിവിലേക്കായി എഴുതട്ടെ.

വ്യവസായ സംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന, ഇന്ത്യയെ ആഗോള വ്യവസായിക ഉൽപ്പാദന കേന്ദ്രമാക്കാൻ മെയ്ക് ഇൻ ഇന്ത്യ പദ്ധതി, എല്ലാവർക്കും ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യവുമായി ജൻ ധൻ യോജന (ഇതുവഴി 21 കോടി ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു), ജൻ ധൻ യോജനയിൽ ഉള്ളവർക്ക് ഇൻഷൂറൻസ് പരിരക്ഷ, ശുചിത്വമുള്ള ഭാരതം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ, എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകി നീതി ആയോഗ്, യുവജനങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യത്തിന് സ്കിൽ ഇന്ത്യാ പദ്ധതി, ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് ഇന്ദ്രധനുഷ് പദ്ധതി, 2022ൽ എല്ലാവർക്കും വീട് പദ്ധതിയുടെ ആരംഭം കുറിച്ചു. രാജ്യത്ത് 500 മാതൃകാരാജ്യങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട് അമൃത്നഗർ പദ്ധതി, (ഇതിൽ കേരളത്തിലെ മൂന്ന് നഗരങ്ങൾക്ക് പണം അനുവദിച്ചു കഴിഞ്ഞു.) കർഷകർക്ക് കുറഞ്ഞ പ്രീമിയത്തോടെ വിള ഇൻഷൂറൻസ് പദ്ധതി, തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ സാഗർമാതാ പദ്ധതി, ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ സൗജന്യ നെറ്റ് കണക്ഷനുള്ള പദ്ധതി, ഓട്ടോ ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ഇ.എസ്.ഐ ആനുകൂല്യം, ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം ബാങ്കിലൂടെയാക്കി, പെൺകുട്ടികളുടെ ഭാവി നിക്ഷേപത്തിന് സുകന്യ സമൃദ്ധി യോജന, രാജ്യം കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പെൺകുട്ടികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിനുമായി ബേട്ടീ ബചാവോ ബേട്ടീ പഠാവോ യോജന, ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിനും കഴിവ് വർദ്ധിപ്പിക്കുന്നതിനുമായി ഉസ്താദ് സ്കീം എന്നിങ്ങനെ ഇരുന്നൂറ്റി മുപ്പത് പദ്ധതികളാണ് നരേന്ദ്രമോഡി സർക്കാർ  ആരംഭിച്ചിരിക്കുന്നത്. (സ്ഥല പരിമിതി മൂലം മുഴുവൻ പദ്ധതികളുടെ വിശദാംശങ്ങൾ എഴുതാൻ നിർവാഹമില്ല.)

ഇതെല്ലാം കണ്ടിട്ടും സ്വയം കണ്ണടച്ച് ഇരുട്ടാക്കിക്കളിക്കുന്ന ഒരു രീതിയാണ് ലേഖകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. യു.പി.എ സർക്കാറിന്റെ കാലത്തെ കൊടും അഴിമതി (ടു.ജി സ്പെക്ടം അടക്കം) കളുടെ കഥകൾ ലേഖകൻ നിസാരമായി ആലങ്കാരികമായി വർണിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് വ്യക്തമാണ്. “യു.പി.എ ഗവൺമെന്റിലെ അഴിമതിയിൽ ഒന്നിന്റേയും യഥാർത്ഥ ചിത്രം രാജ്യം കണ്ടെത്തിയിട്ടില്ല.” എന്നു പറയുന്നതോടെ കാര്യങ്ങൾ വ്യക്തമായി. മോ‍‍ഡി ഭരണത്തിൽ അഴിമതി നടക്കാത്തതെന്തു കൊണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ലേഖകൻ ആവശ്യപ്പെടുന്നു. അല്പം കൂടി കടന്ന് “അഴിമതി കണ്ടുപിടിക്കുന്നതിൽ നരേന്ദ്രമോഡി മൻമോഹൻ സിംഗിനേക്കാൾ പിന്നിലാണ്.” എന്നു കൂടി സലീം പ്രസ്താവിച്ചു കളഞ്ഞു. അതേതായാലും ജനസാമാന്യം വിശ്വസിച്ചതു തന്നെ!

ചരിത്രത്തിലാദ്യമായി ഒരു ഭാരത പ്രധാനമന്ത്രിയെ സ്വീകരിച്ച് സ്വന്തം രാജ്യത്തിലെത്തിക്കാൻ രാഷ്ട്രത്തലവന്മാർ മത്സരിക്കുന്നു. ലോകം മുഴുവൻ ഭാരത പ്രധാനമന്ത്രിക്ക് വൻ സ്വീകരണങ്ങൾ ലഭിക്കുന്നു. അമേരിക്ക പോലുള്ള വൻകിട വികസ്വര രാഷ്ട്രങ്ങൾ ഭാരത പ്രധാനമന്ത്രിയെ വരവേൽക്കാൻ കാത്തു നിൽക്കുന്നു. സഞ്ചരിക്കുന്ന രാഷ്ട്രങ്ങളിൽ ഒരിക്കലും ഇല്ലാത്ത വിധം ജനക്കൂട്ടം ഭാരത പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു. സൗദി അറേബ്യ തങ്ങളുടെ രാജ്യത്തിലെ ഏറ്റവും വലിയ ബഹുമതി നൽകി ആദരിക്കുന്നു. (മുന്പ് സന്ദർശിച്ച ഒരു ഇന്ത്യൻ നേതാവിനും സൗദി ഈ അംഗീകാരം നൽകിയിട്ടില്ല.) ഇങ്ങനെ ഭാരത പ്രധാനമന്ത്രി ലോകനേതാവായി വളരുന്പോൾ അതിൽ അഭിമാനം തോന്നാതെ അതിനെതിരെ പുറംതിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്തുന്നതിന്റെ പിന്നിലെ ചേതോവികാരം പ്രത്യേകം പറയേണ്ടതില്ലല്ലോ!

ലേഖനത്തിന്റെ അവസാനഭാഗം ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും ലേഖകൻ നൽകുന്ന ഉപദേശം അല്പം അതിരു കടന്നുപോയി എന്നു തോന്നുന്നു. മാധവ സദാശിവ ഗോൾവാൾക്കറുടെ അനുഗ്രഹം ലഭിച്ച പണ്ധിറ്റ് ദീന ദയാൽ ഉപാദ്ധ്യായയും അടൽ ബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഒക്കെ ആരംഭിച്ച പ്രസ്ഥാനത്തിന് ഉപദേശം നൽകാനുള്ള ബൗദ്ധിക സന്പന്നത ലേഖകന് ഇല്ല എന്ന് ഉറപ്പിച്ചു തന്നെ പറയട്ടെ. വിമർശനത്തോടൊപ്പം നല്ല കാര്യങ്ങളെ നല്ലതായി പറയാൻ തയ്യാറാവാത്തവരോട് “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം” എന്നേ പറയാൻ കഴിയൂ.

You might also like

Most Viewed