വിജയം ജനങ്ങളുടേത്...
ഷറഫുദ്ധീൻ തൈവളപ്പിൽ
തിരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിന് അകത്തുണ്ടാകുമായിരുന്ന ആശയക്കുഴപ്പത്തെ സമർത്ഥമായി കൈകാര്യം ചെയ്ത കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. പാർട്ടിക്കകത്ത് മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചവർക്ക് തെറ്റി. വി.എസ് കേരള കാസ്്ട്രോ, അല്ലെങ്കിൽ കാവലാൾ എന്തുമാകട്ടെ, അവരുടെ ആഭ്യന്തര കാര്യം. എന്നാൽ ഭരണത്തുടർച്ച അവകാശപ്പെട്ട യു.ഡി.എഫ് തോറ്റ് തൊപ്പിയിട്ട് തമ്മിലടി തുടങ്ങി. കോൺഗ്രസിലെ ഗ്രൂപ്പുകൾ അന്യോന്യം ഒളിയന്പുകൾ എയ്തുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. വരും നാളുകളിൽ അതിന്റെ തീവ്രത പ്രകടമായിക്കാണാം. എന്നാൽ സ്വന്തം തട്ടകത്തിലെ ഒച്ചപ്പാടുകൾ കാര്യമാക്കാതെ അയൽപ്പക്കത്ത് വല്ല പൊട്ടലും ചീറ്റലും നടക്കുന്നുണ്ടോ എന്ന ഒളിഞ്ഞു നോട്ടത്തിലാണ് പല നേതാക്കളും. ‘വി.എസിനെ ഒഴിവാക്കിയത് ശരിയായില്ല,’ ‘പാലം കടന്നാൽ കൂരായണ’ എന്നൊക്കെയുള്ള പരിഹാസങ്ങൾ മറ്റുള്ളവർക്കു നേരെ ചൊരിയുന്നവർ സ്വയം അപഹാസ്യരാവുകയാണ്. ദുർബലമായ പ്രതിപക്ഷനിരയെ മുന്നിൽക്കണ്ട് ബി.ഡി.ജെ.എസ് എന്ന വെള്ളാപ്പള്ളിയുടെ പാർട്ടി പിടിക്കുന്ന വോട്ടുകൾ തീർത്തും ഇടതുപക്ഷത്തിന്റേതായിരിക്കുമെന്ന് മനപ്പായസമുണ്ട്, വികസനത്തിന്റെ നാൾവഴികൾ വിശദീകരിച്ച് ‘ഒരു വട്ടം കൂടി യു.ഡി.എഫ്’ എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിക്കുമെന്ന് അമിത പ്രതീക്ഷ വെച്ചുപുലർത്തിയവരല്ലെ ശരിക്കും വിഡ്ഢികളാക്കപ്പെട്ടത്? പ്രതിപക്ഷത്തെ അനൈക്യം, അവരുടെ പരാജയപ്പെട്ട സമര രീതികൾ, ഇതൊക്കെ മുന്നിൽക്കണ്ട് ജനങ്ങളെന്ന പരമാധികാരിയെ തീർത്തും അവഗണിച്ച് ധാർഷ്്ട്യത്തോടെ ഭരണം തുടർന്നവർ ഇപ്പോൾ പരാജയത്തിന്റെ കാരണങ്ങൾ ഓരോന്നായി പുറത്തുപറയാൻ തുടങ്ങിയിരിക്കുന്നു. ഇനി അതൊക്കെ ഏറ്റുപറഞ്ഞിട്ടെന്ത് ഫലം? അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാരിനെതിരെ ഇത്തവണ ക്രിയാത്മക പ്രതിപക്ഷമായി വർത്തിച്ചത് സോഷ്യൽ മീഡിയ ആണ്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ജനങ്ങൾ അഴിമതി ഭരണത്തിനെതിരെ ശക്തമായി നിലകൊണ്ടു.
ഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾ നേരിടാൻ നടത്തിയ പല സമരങ്ങളും പണ്ടെപ്പോലെ ഫലിക്കാതായപ്പോൾ യു.ഡി.എഫിന്റെ അഹങ്കാരം കൂടി. ഇവിടെ ചോദിക്കാനും പറയാനും ആളില്ല. തങ്ങൾ കളിക്കുന്നത് തന്നെയാണ് കളി എന്ന നില വന്നു. അതാണല്ലോ ജനരോഷത്തൊടുവിൽ രാജിവെച്ച കെ. ബാബു മന്ത്രിയായി തുടർന്നത്. ഇതൊന്നും കേരളത്തിന് പരിചിതമല്ലാത്തതാണ്. ജനങ്ങളുടെ വികാരപ്രകടനങ്ങളെ അവഗണിച്ചതും പ്രതിപക്ഷത്തിന് കൊടുക്കേണ്ട ന്യായമായ അവകാശങ്ങൾ പോലും വകവെച്ചു കൊടുക്കാതെ പെരുമാറിയ സ്പീക്കറും മറ്റും ജനകീയ കോടതിയിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. അതാണ് ജനാധിപത്യത്തിന്റെ ശക്തി. ആ പ്രക്രിയയിൽ ജനങ്ങളാണ് പരമാധികാരി എന്ന കാര്യം അവരൊക്കെ തിരിച്ചറിഞ്ഞു. ഈ വിജയം സാങ്കേതികമായി ഇടതുപക്ഷത്തിന്റേതാണെങ്കിലും യഥാർത്ഥത്തിൽ ഇതിന്റെ അവകാശി, രാഷ്ട്രീയ − മത കാഴ്ചപ്പാടുകൾക്കതീതമായി ചിന്തിക്കുന്ന ജനപക്ഷമാണ്. മാത്രമല്ല, ജാതി, മത, സാമുദായിക നേതൃത്വങ്ങൾക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
സാധാരണക്കാരന്റെ തോളത്ത് കയറിയിരുന്ന് ‘സുഖ’യാത്രകൾ നടത്തി അവരുടെ ചിലവിൽ പലതും വിളിച്ചു പറയുന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. മതമേലദ്ധ്യക്ഷന്മാർ അവരുടെ മേഖലകളിൽ നിന്നുകൊണ്ട്, വ്യക്തിപരമായി മാത്രം അഭിപ്രായം പറയുകയും, രാഷ്ട്രീയാഭിപ്രായങ്ങൾ ആ മേഖലയിലുള്ളവർക്ക് വിട്ടുകൊടുക്കുകയും ചെയ്താൽ കേരളം രക്ഷപ്പെടും. ധ്രുവീകരണം ആഗ്രഹിക്കുന്നവർക്കുള്ള ഒരു മറുപടി കൂടിയാകും അത്. വരും നാളുകളിൽ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണിത്. അതോടെ ആവശ്യമില്ലാത്ത പ്രീണന മാർഗത്തിൽ നിന്ന് ഭരിക്കുന്നവർക്ക് രക്ഷപ്പെടുകയും ചെയ്യാം.