ആരുടെ നീതിക്കു വേണ്ടി നാം പൊരുതണം?
കേരളത്തിൽ ഇന്നു നടക്കുന്ന പല സമരങ്ങൾക്കും ജാഥകൾക്കും ആത്മാർത്ഥതയുണ്ടോ? ജിഷക്ക് നീതി ലഭിക്കണം. കൊലയാളിയെ തൂക്കിലേറ്റണം. എല്ലാ പാർട്ടിക്കാരും സംഘടനകളും ആത്മീയനേതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ ഇവരിൽ എത്രപേർ ജിഷക്കുവേണ്ടി പൊരുതി. മരണവീട്ടിൽ നടക്കുന്ന അനുശോചനം പോലെ, മരിച്ചു കഴിഞ്ഞാൽ മുന്നിൽ കിടക്കുന്ന ആളെപ്പറ്റി അവരുടെ പ്രവർത്തിയെപ്പറ്റി അവരുടെ നല്ല മനസിനെപ്പറ്റി വാതോരാതെ പറയും. ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ ഒരു നല്ല വാക്കു പറഞ്ഞ് അവരുടെ മനസ് സന്തോഷിച്ചിട്ടുണ്ടോ. ജിഷയുടെ കാര്യവും ഇതുപോലെ തന്നെ. രാഷ്ട്രീയക്കാർക്ക് വോട്ടു തേടാനും സംഘടനകൾക്ക് പണസന്പാദ്യവും പ്രശസ്തിയും ആത്മീയ നേതാക്കൾക്ക് ജനങ്ങളുടെ മനസ്സമതിയും മാത്രമല്ലേ ഈ മരണശേഷമുള്ള കോലാഹലം.
ചികിത്സിക്കാൻ നിർവാഹമില്ലാത്ത ഒരാൾക്ക് ഏത് ആശുപത്രി സഹായം ചെയ്യുന്നു. അത് ഹിന്ദുവിന്റെയോ മുസൽമാന്റെയോ ക്രിസ്ത്യാനിയുടെയോ ആകട്ടെ. ഫീസ് കൊടുത്ത് പഠിക്കാനോ ക്യാപിറ്റൽ ഫീ കൊടുക്കാനോ നിർവാഹമില്ലാത്ത എത്ര കുട്ടികൾക്ക് ഹിന്ദുവിന്റെയോ മുസൽമാന്റെയോ ക്രിസ്ത്യാനിയുടെയോ സ്ഥാപനത്തിൽ അഡ്മിഷൻ കൊടുക്കുന്നു.
എത്രയോ കുട്ടികളെ ദിനംപ്രതി കാണാതാവുന്നു. എത്രയോ പേർ റോഡിൽ ചോര വാർന്നു മരിക്കുന്നു. എന്തേ ഇവരാരും മറ്റുള്ളവരുടെ മുന്പിൽ പരസ്യമായി സഹായം ചെയ്യുന്നില്ല.
“ആരുടെയോ മകൾ, ആരോ കൊന്നു.” അതിൽക്കൂടി ഓരോരുത്തരും മുതലെടുക്കുകയല്ലേ.
മരിച്ചവരുടെ നീതിക്കു വേണ്ടി വാദിക്കുന്പോഴും അതിനെക്കാൾ കഷ്ടമെന്നു ഭരിക്കുന്നവരുടെ നീതിക്കു വേണ്ടി പൊരുതുന്നതല്ലേ ഉത്തമം?
വർക്കി ചെറിയാൻ