അവസാനിപ്പിച്ച് കൂടെ നമുക്ക് ഈ ദുരന്തങ്ങൾ?
ബഷീർ വാണിയക്കാട്
ഓരോ പ്രാവശ്യവും വെടിക്കെട്ട് അപകടങ്ങളിലും, ആന ഇടഞ്ഞും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുന്പോൾ വേദനിക്കുന്ന അനേക ലക്ഷങ്ങളിൽ ഒരാൾ എന്ന നിലയ്ക്ക്, മനസിൽ വന്ന ഒരു സംശയമാണിത്. ഇത്തരം അപകടങ്ങളും ദുരന്തങ്ങളും ഇല്ലാത്ത ഉത്സവങ്ങളും ആഘോഷങ്ങളും നമുക്ക് പോരെ എന്ന്, എല്ലാ മതനേതൃത്വങ്ങളും, ഉത്സവ കമ്മറ്റികളും ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭുമിയിൽ സംഭവിക്കുന്ന ഭുരിപക്ഷം ദുരന്തങ്ങൾക്കും അപകടങ്ങൾക്കും പിന്നിൽ മനുഷ്യ കരങ്ങൾ തന്നെയാണെന്ന സത്യം എന്നാണ് നാം തിരിച്ചറിയുക?
ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് വെടിക്കെട്ടുകളും ആനയും നിർബന്ധമാണോ? അപകടരഹിതവും സമാധാനപരവുമായ ഉത്സവങ്ങൾക്ക് എന്തുകൊണ്ട് ക്ഷേത്ര കമ്മറ്റികളും ചർച്ചുകളും മുൻകൈ എടുക്കുന്നില്ല? ലക്ഷങ്ങൾ മുടക്കി വിലയ്ക്ക് വാങ്ങുന്നതാണ് ഇത്തരം ദുരന്തങ്ങൾ. ദൗർഭാഗ്യവശാൽ ഈ രംഗത്ത് നടക്കുന്നത് അപകടകരമായ മത്സരങ്ങളാണ്. മറ്റുള്ളവരെക്കാൾ വലിയ കന്പക്കെട്ടും വെടിക്കെട്ടും ആന എഴുന്നള്ളത്തും തങ്ങളുടെ പ്രദേശത്ത് വേണമെന്ന പിടിവാശിയാണ് ഇത്രയും വലിയ ദുരന്തങ്ങൾക്ക് കാരണം. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ഉത്സവ കമ്മിറ്റിക്കാരുടെയും കരാറുകാരുടെയും പേരിൽ ശക്തമായ നിയമ നടപടികളെടുത്താൽ ഈ രംഗത്തെ കിടമത്സരം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
ഏ.കെ ആന്റണി ഈ വിഷയത്തിൽ ആർജവമുള്ള അഭിപ്രായം പറഞ്ഞത് അഭിനന്ദനാർഹമാണ്. കൂടാതെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് കിട മൽസരം ഒഴിവാക്കുമെന്ന വാർത്തയും സ്വാഗതാർഹമാണ്. പരവൂരിലെ ഭീകര ദുരന്തമെങ്കിലും കേരളീയ സമൂഹത്തിൽ ഗൗരവതരമായ ചർച്ചയ്ക്കും, ഗുണപരമായ മാറ്റത്തിനും തുടക്കം കുറിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ആനയും കരിമരുന്നും സമീപ ഭാവിയിൽ തന്നെ നമ്മുടെ ഉത്സവങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും അകറ്റി നിർത്താൻ വിദ്യാസന്പന്നരായ കേരള ജനതയുടെ പിന്തുണയും നമുക്ക് പ്രതീക്ഷിക്കാം. ഇനി നിർബന്ധമാണെങ്കിൽ ഉഗ്ര സ്ഫോടകവസ്തുക്കൾക്ക് പകരം അപകടരഹിതമായ നയനാനന്ദകരമായ ഫയർ ഷോകൾ ഇന്ന് നിലവിലുണ്ട്. അത് ഇത്തരം അപകടങ്ങൾ വരുത്തുകയുമില്ല.
ഇതിനിടയിൽ കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരാൻ ശ്രമിക്കുന്നവരെയും, വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നവരെയും നാം ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അത്തരം ചില ശ്രമങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി നടക്കുന്നുണ്ട്. മലയാളികൾക്കിടയിൽ അതൊന്നും വിലപ്പോകില്ലെന്ന് അത്തരം വീഡിയോകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്.