സുധീരം... സുധീരൻ
ബഷീർ വാണിയക്കാട്, ബഹ്റിൻ
അഴിമതി വീരന്മാരെയും ജനങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിച്ച് നിർത്താൻ തന്നാലാകുന്ന വിധത്തിൽ അവസാനം വരെ പോരാടുകയും, ഒടുവിൽ ഹൈക്കമാന്റിന്റെ തീരുമാനങ്ങൾ, അച്ചടക്കമുള്ള ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് അനുസരിക്കുകയും ചെയ്യുക വഴി സുധീരൻ കേരളത്തിലെ സാധാരണക്കാരുടെ മനസ്സിൽ തന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയക്കാരൻ എന്ന പദവി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
സി.പി.എമ്മിൽ കുറച്ച് വി.എസ്സുമാരും കോൺഗ്രസ്സിൽ അൽപം സുധീരൻമാരും ഉള്ളത് കൊണ്ടാണ് ഇന്നും കേരളത്തിൽ ഈ പാർട്ടികൾ നിലനിൽക്കുന്നത് തന്നെ. സുധീരന്റെ ഇടപെടൽ മൂലം ആരും തെറ്റ് പറയാത്ത സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപ്പത് വയസ്സിന് തഴെയുള്ള ഇരുപതിൽ പരം സ്ഥാനാർത്ഥികൾ യുവാക്കൾക്ക് ആവേശമാകും. മുഖ്യമന്ത്രിയുടെ ദുർവാശി മൂലം കുറച്ച് കളങ്ക ബാതിധർ പട്ടികയിൽ ഇടം പിടിച്ച കാര്യം വിസ്മരിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ വലങ്കൈ എന്നറിയപ്പെടുന്ന ബെന്നി ബഹനാനെ ഒഴിവാക്കി, സുധീരന് ഹൈക്കമാന്റിൽ വ്യക്തമായ സ്വാധീനമുണ്ട് എന്ന സന്ദേശം കൂടിയാണ് കോൺഗ്രസ്സ് നേതൃത്വം നൽകിയിരിക്കുന്നത്. സുധീരനെ പിന്തുണച്ച ടി.എൻ പ്രതാപനെതിരെ പരസ്യമായി പ്രതികരിച്ച യൂത്ത് നേതാവ് ഡീൻ കുര്യാക്കോസിനെ വെട്ടിനിരത്തുകയും ചെയ്തു.
സരിത വിഷയത്തിൽ ഇനിയും ഇടത് മുന്നണി അമിത താൽപര്യമെടുക്കുന്നതു അവർക്ക് തന്നെ വിനയാകും. സരിതയോടുള്ള സാധാരണ ജനങ്ങളുടെ മനോഭാവമാണ് ഇന്നത്തെ ഹൈക്കോടതി വിധി. വ്യഭിചാരം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന അവർ നാളെ തന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ പിണറായിയെ മാത്രമല്ല അച്ചുതാനന്ദനെ വരെ തന്റെ പട്ടികയിൽ പെടുത്തിക്കൂടായ്കയില്ല.