പൂച്ചയ്ക്കാര് മണി കെട്ടും ?


കഴിഞ്ഞ ദിവസം വിജയ് മല്യയെ പറ്റി എഴുതിയത് ശ്രദ്ധയിൽ‍ പെട്ട് ഒരു സുഹൃത്ത് വിളിച്ചിരുന്നു. ബഹ്റിനിൽ‍ അത്യാവശ്യം നല്ല രീതിയിൽ‍ ബിസിനസ് ചെയ്ത് മുന്പോട്ട് പോകുന്ന വ്യക്തിയാണ് അദ്ദേഹം. കരുതികൂട്ടിയുള്ള പറ്റിക്കൽ‍ നടത്തി മുങ്ങുന്ന മല്യമാരിൽ‍ നിന്ന് വിഭിന്നമായി കച്ചവടം ചെയ്ത് മാന്യമായ ലാഭം നേടണമെന്ന് ആഗ്രഹിക്കുന്ന പ്രവാസി സംരഭകരെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ഇടയ്ക്ക് പ്രതീക്ഷകൾ‍ തെറ്റിപോകുന്പോൾ‍ കാലിടറുന്നവരെ പറ്റി. അത്തരം ആളുകളെ സംരക്ഷിക്കാൻ‍ സമൂഹം മുന്പോട്ട് വരേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.

ഗൾ‍ഫ് രാജ്യങ്ങളിൽ‍ സമീപകാലത്ത് ഉണ്ടായിട്ടുള്ള സാന്പത്തിക മാന്ദ്യം എത്രയോ പേരെ ബാധിച്ചിട്ടുണ്ട്. പലർ‍ക്കും തങ്ങളുടെ ജീവിതകാലത്തുണ്ടാക്കിയിട്ടുള്ള സന്പാദ്യം നഷ്ടമായിട്ടുണ്ട്. ബഹ്റിൻ‍ പോലെയുള്ള ഇടങ്ങളിലും ഇന്ന് സാഹചര്യങ്ങളുടെ സമ്മർ‍ദ്ദം കാരണം ധാരാളം പേർ അവർ ചെയ്ത സാന്പത്തിക കുറ്റകൃത്യങ്ങളെ തുടർ‍ന്ന് ജയിൽ‍ ശിക്ഷ വരെ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഒരു കാലത്ത് ഇവരിൽ‍ പലരെയും ഈ സമൂഹത്തിന് ആവശ്യമായിരുന്നു. അവരുടെ കൈയിലെ പണം കൊണ്ടായിരുന്നു പ്രവാസി സമൂഹത്തിലെ പല ജീവകാരുണ്യ പ്രവർ‍ത്തനങ്ങളും നടന്നിരുന്നത്. അതിന് പകരം അവർ‍ക്ക് അന്ന് ലഭിച്ചത് കുറേ പൊന്നാടകളും, മൊമന്റോകളുമായിരുന്നു. അതിൽ‍ എത്രയോ പേര്‍ ഇന്ന് പലിശയ്ക്ക് കടമെടുത്ത് തങ്ങളുടെ സംരഭങ്ങളിൽ‍ ജോലി ചെയ്യുന്നവർ‍ക്ക് ശന്പളം കൊടുക്കാൻ‍ പോലും തികയാതെ കഷ്ടപ്പെടുന്നുണ്ട്.  പൊടിപിടിച്ച മൊമന്റോകളും, കെട്ടിതൂങ്ങി ജീവിതം അവസാനിപ്പിക്കാൻ‍ പൊന്നാടകളും മാത്രമാണ് ഇന്ന് ഇവരുടെ കൈയിലുള്ളത്. സമൂഹത്തിൽ‍ അതുവരേയ്ക്കും ഉന്നതമായ നിലയിൽ‍ ജീവിച്ചു പോയിരുന്ന അവർ ഒരു ദിവസം പെട്ടന്ന് പിന്നോട്ടടിക്കുന്നതും, ചിലപ്പോൾ‍ പ്രവാസലോകത്ത് നിന്ന് തന്നെ ഒളിച്ചോടുന്നതും ഒക്കെ പല തവണ നമ്മൾ‍ കണ്ടു കഴിഞ്ഞിരിക്കുന്നു. അവരെ പറ്റിയുള്ള ഊഹോപോഹങ്ങൾ‍ അന്തരീക്ഷത്തിൽ‍ ഏറ്റവുമധികം പടർ‍ത്തുന്നത് അവരുടെ സഹായം കൊണ്ട് ജീവിച്ചു പോയിരുന്ന പരാന്നജീവികൾ‍ ആയിരിക്കും എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം.ഇങ്ങിനെ കാലിടറുന്പോൾ‍  ഏറ്റവും കഷ്ടപ്പെടുന്നത് അവരുടെ കുടുംബങ്ങളും ഒപ്പം അവരെ ആശ്രയിച്ച് ജീവിക്കുന്ന ജീവനക്കാരുമാണ്. അവരെയൊക്കെ വല്ലാത്തൊരു കണ്ണോടെയാണ് സമൂഹം പിന്നീട് കാണുന്നത്.

ഉദാഹരണത്തിന് ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായ അറ്റ്്ലസ് ജ്വല്ലറിയുടെ സമീപകാല പതനം ഏറെ ചിന്തിപ്പിക്കേണ്ട കാര്യം തന്നെയാണ്. രാമചന്ദ്രൻ‍ എന്ന ആ മനുഷ്യസ്നേഹി കോടികണക്കിന് രൂപയാണ് ഈ സമൂഹത്തിന്റെ പല നല്ല കാര്യങ്ങൾ‍ക്കും വേണ്ടി സംഭാവന നൽ‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ബ്രാന്റിന്റെ പ്രചരണത്തിന് വേണ്ടിയായിരിക്കാം അത് നടത്തിയതെന്ന സത്യം നിക്ഷേധിക്കുന്നില്ല. പക്ഷെ പ്രായം ഇത്രയും ആയ ആ മനുഷ്യന് ഒന്ന് കാലിടറിയപ്പോൾ‍ നമ്മളിൽ‍ ആർ‍ക്കും തന്നെ അദ്ദേഹത്തെ ഒരു തരത്തിലും സഹായിക്കാൻ‍ പറ്റാതെ വരുന്നു. ഇതിനെ വിധിയെന്നോ, തലേലെഴുത്തെന്നോ ഒക്കെ വിളിക്കാമെങ്കിലും ആത്യന്തികമായി ആരും മുൻ‍കൈയെടുക്കാത്തത് തന്നെയാണ് പ്രശ്നം. 

ബഹ്റിനിൽ‍ ചെറുകിട കച്ചവടക്കാർ‍ക്കായി ഒരു കൂട്ടായ്മയുണ്ട്. അവരുടെ പരിമിതിക്കുള്ളിൽ‍ അതിലെ അംഗങ്ങൾ‍ക്ക് ചെറിയ ചെറിയ സഹായങ്ങൾ‍ ചെയ്യാൻ‍ അവർ‍ക്ക് സാധിക്കുന്നുണ്ട്. ഇതേ രീതിയിൽ‍ വലിയ ബിസിനസ് സാമ്രാജ്യങ്ങൾ‍ പടുത്തുയർ‍ന്നവർ ഒന്നിച്ച് നിൽ‍ക്കുകയും, പൊതുവായിട്ടുള്ള ഒരു ഫണ്ട് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനായി സ്വരൂപിക്കുകയും വേണം. ഗൾ‍ഫ് രാജ്യങ്ങളിൽ‍ എല്ലായിടത്തും ഉള്ള ചേന്പർ ഓഫ് കൊമേഴ്സ് പോലെ വലിയ രീതിയിൽ‍ ബിസിനസ് ചെയ്യുന്നവരുടെ ഇത്തരം ഒരു കൂട്ടായ്മ വരേണ്ടത് അത്യാവശ്യമാണ്. ഒരാപത്ത് വന്നാൽ‍ കുറച്ചെങ്കിലും പേർ കൂടെയുണ്ടാകും എന്ന തോന്നൽ‍ പോലും പല പ്രശ്നങ്ങളിൽ‍ നിന്നും ഉയർ‍ത്തെഴുന്നേൽ‍ക്കാൻ‍ ഇവരെ സഹായിക്കും. മേഖലയിലെ പ്രധാനപ്പെട്ട നൂറ് വ്യവസായികൾ‍ രംഗത്ത് വന്നാൽ‍ തീരാനുള്ളതേ ഉണ്ടാകൂ ചിലപ്പോൾ‍ പലരുടെയും പ്രശ്നങ്ങൾ‍.  

 

ഇതിന് പൂച്ചക്ക് ആരു മണി കെട്ടും എന്ന ചോദ്യത്തിന് ഉത്തരം നൽ‍കേണ്ടത് പ്രവാസലോകത്തെ ആദരണീയരായ വ്യവസായ പ്രമുഖരാണ്. അവർ ഉചിതമായ നടപടികൾ‍ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed