ജീവൻ പോകാതിരിക്കാൻ...
ആരോഗ്യത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്ന മരുന്നുകളെ പറ്റി തോന്ന്യാക്ഷരത്തിൽ എഴുതിയിട്ട് ദിവസങ്ങൾ കഴിയുന്പോഴേക്കും രാജ്യത്തെ അഞ്ഞൂറോളം മരുന്നകൾ നിരോധിക്കുന്നതിനെ പറ്റിയുള്ള തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്ന വാർത്ത മുന്പിലെത്തിയിരിക്കുന്നു. 343 ഓളം മരുന്നുസംയുക്തങ്ങളുടെ ഉദ്പാദനവും വിൽപ്പനയും നിരോധിച്ചതിന് പിന്നാലെയാണിത്. നിരോധിക്കാൻ ഇരിക്കുന്ന മരുന്നുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും, പ്രമേഹമടക്കമുള്ള രോഗങ്ങളുടെ മരുന്നും ഉൾപ്പെടുന്നു.
ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുകയും, പ്രതിരോധശേഷി തകർക്കുകയും ചെയ്യുന്ന വസ്തുക്കൾ ഇത്തരം മരുന്നുകളിൽ ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജലദോഷത്തിനും കഫക്കെട്ടിനും വരെ ഉപയോഗിച്ചിരുന്ന വിക്സ് ആക്ഷൻ 500, കഫ് സിറപ്പായ കോറെക്സ് എന്നിവയുടെ ഉത്പാദനവും വിതരണവും ഇതോടൊപ്പം നിർത്തിയിട്ടുമുണ്ട്.
ഈ ഒരു സാഹചര്യത്തിൽ ഇത്രയും കാലം നിരോധിക്കപ്പെട്ട മരുന്നുകൾ കഴിച്ച് ആരോഗ്യവും ശരീരവും നശിപ്പിച്ച പാവപ്പെട്ട രോഗികൾ ആരോടാണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് എന്നു കൂടി കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതാണ്.
നമ്മുടെ നാട്ടിൽ ഇന്ന് സർവ്വ സാധാരണമായ കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണമാകുന്നത് നമ്മുടെ ഭക്ഷണരീതികളാണെന്നും, കഴിക്കുന്ന ഭക്ഷണത്തിൽ വിഷാംശങ്ങൾ ഉള്ളത് കൊണ്ടാണെന്നും എല്ലാ ദിവസവും നമ്മൾ വായിച്ചും കേട്ടും അറിയുന്നു. ലോക പ്രശസ്തമായ കറിപൗഡറുകളിൽ വരെ മായമാണെന്നും, അത് കണ്ടു പിടിച്ചാൽ പിടിക്കുന്നവരെ പോലും ഇല്ലാതാക്കുന്ന സമീപനമാണ് ഗവണ്‍മെന്റുകൾ സ്വീകരിക്കുന്നതെന്നും നമ്മൾ കാണുന്നു. ഒരിക്കൽ നിരോധിച്ച സാധനം അൽപ്പ ദിവസങ്ങൾക്കകം വീണ്ടും നിരോധനം നീക്കി മാർക്കറ്റിലെത്തുന്നുമുണ്ട്. മാഗി നൂഡിൽസും, നിറപറ കറിപൗഡറും സമീപകാല ഉദാഹരണങ്ങൾ.
നിരോധനം എന്ന വാൾ കൊണ്ട് രാജ്യത്ത് പല ഉത്പന്നങ്ങളും ഒരു സുപ്രഭാതത്തിൽ നിർത്തുന്പോൾ സത്യത്തിൽ അത് ഉപഭോക്താക്കളോട് കാണിക്കുന്ന വഞ്ചന കൂടിയല്ലെ. ഇത്തരം സാധനങ്ങൾ വിപണിയിലേയ്ക്ക് വരുന്പോൾ അതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്ക് കർശനമായ ശിക്ഷ നൽകേണ്ടതല്ലെ. ഉദാഹരണത്തിന് വിക്സ് ആക്ഷൻ 500 എന്ന മരുന്ന് ഇന്ത്യയിലെ ലക്ഷകണക്കിന് പേർ ദിനേനയെന്ന രീതിയിൽ വർഷങ്ങളായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ ഫലമായി ചിലപ്പോൾ ഇന്ന് അവർ പല രോഗങ്ങൾക്കും അടിമയുമായിക്കാണും. ഇപ്പോൾ ഇതിൽ ആരോഗ്യത്തിന് പറ്റാത്ത സാധനങ്ങളുണ്ടെന്ന് വരുത്തുന്പോൾ മുന്പ് ഇതേ ഉത്പന്നത്തിന് പ്രവർത്തിക്കാനും വിപണനം ചെയ്യാനും അനുമതി നൽകിയ ഉദ്യോഗസ്ഥരെയും അന്നത്തെ ആരോഗ്യ വകുപ്പ് മേധാവികളെയും അറസ്റ്റ് ചെയ്ത് നിയമം അനുശാസിക്കുന്ന തരത്തിൽ ശിക്ഷിക്കേണ്ടതല്ലെ. എന്ത് കൊണ്ടാണ് ഇത് നടക്കാത്തത്.
കാരണം ലളിതമാണ്. നമ്മുടെ നാട്ടിൽ ഏറ്റവുമധികം പണം കൊയ്യന്ന മേഖലയാണ് ആരോഗ്യമേഖലയും, ഭക്ഷ്യ മേഖലയും. എത്രയും പെട്ടന്ന് പണമുണ്ടാക്കാനുള്ള ആവേശത്തിൽ ആണ് ഈ രണ്ട് വ്യവസായങ്ങളും തഴച്ച് വളരുന്നത്. മായം ചേർന്ന ഉത്പന്നങ്ങൾ വരെ നൽകി നാട്ടിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന ധൈര്യം ഇവർക്ക് ലഭിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്‍മാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നുമാണ്.
കഴിഞ്ഞ തവണ എഴുതിയത് പോലെ തന്നെ എന്ത് മരുന്നാണ് നമ്മൾ കഴിക്കുന്നതെന്ന് പോലും അറിയാൻ സാധാരണക്കാരനായ ഒരാൾക്ക് സാധിക്കുന്നില്ല. തന്റെ ശരീരത്തിന് വേണ്ടത് തന്നെയാണോ ഇതെന്ന് മനസ്സിലാക്കാൻ പോലും സാധിക്കാതെ, മരുന്നുകന്പനികൾ നൽകുന്ന വലിയ ഏജൻസി കമ്മീഷന് വേണ്ടി ഏതൊരെളായും വലിയ രോഗികളാക്കി തീർക്കുന്ന ഡോക്ടർമാർ നൽകുന്ന എന്തും വാരിവലിച്ചു കഴിച്ചാൽ ഒരു നാൾ കേൾക്കാം ജീവൻ നിലനിർത്താൻ സഹായിക്കുമെന്ന് കരുതിയ മരുന്നുകൾ ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്ന്!!