പാവം പാവം കോടീശ്വരൻ...
കേട്ടിരിക്കാൻ ഇടയുള്ള ഒരു കഥ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. മുന്പൊരിക്കൽ ന്യൂയോർക് സിറ്റി ബാങ്കിലേയ്ക്ക് ഒരിന്ത്യക്കാരൻ നടന്നു കയറി. അവിടെ ലോൺ നൽകുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. താൻ രണ്ടാഴ്ച്ചത്തേയ്ക്ക് ഇന്ത്യയിൽ പോവുകയാണെന്നും, അതിന് വേണ്ട ഒരു അയ്യായിരം ഡോളർ വായ്പയായി നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ലോൺ തരാമെന്നും, പക്ഷെ അതിന് പണയമായി എന്തെങ്കിലും ബാങ്കിന് നൽകേണ്ടതുണ്ടെന്നും മാനേജർ മറുപടി പറഞ്ഞു. ഇത് കേട്ട് ബാങ്കിന് മുന്പിലെ തെരുവിൽ പാർക്ക് ചെയ്തിരുന്ന തന്റെ പുതിയ ഫെറാറി കാറിന്റെ താക്കോൽ ഇന്ത്യക്കാൻ ബാങ്ക് മാനേജർക്ക് നൽകി. ഇത്രയും വിലകൂടിയ കാർ ഈടായി ലഭിച്ചതോടെ ബാങ്ക് മാനജർ സന്തോഷത്തോടെ ആ ഇന്ത്യക്കാരന് അയ്യായിരം ഡോളർ ലോണായി നൽകാനുള്ള ഏർപ്പാടുകൾ ചെയ്യുകയും അദ്ദേഹം അത് വാങ്ങി പോവുകയും ചെയ്തു. 75000 ഡോളർ വില വരുന്ന കാർ വെറും അയ്യായിരം ഡോളറിന് വേണ്ടി ഈട് നൽകിയ ഇന്ത്യക്കാരന്റെ വിഡ്ഢിത്തതെ ഓർത്ത് ആ ബാങ്ക് മനേജർ മനസ് കൊണ്ട് ചിരിച്ചു. കാർ സുരക്ഷിതമായി ബാങ്കിന്റെ തന്നെ പാർക്കിങ്ങിൽ അദ്ദേഹം സൂക്ഷിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം ആ ഇന്ത്യക്കാരന്‍ തിരികെ വന്നു അയ്യായിരം ഡോളറും, അതിന്റെ പലിശയായി 15 ഡോളറും ബാങ്കിന് നൽകി.
കാർ തിരികെ കൊടുക്കുന്പോൾ മാനേജർ അദ്ദേഹത്തോട് പറഞ്ഞു, സാറിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോൾ വലിയ കോടീശ്വരനാണ് താങ്കളെന്ന് മനസിലാക്കുകയുണ്ടായി. ഇത്രയും പണക്കാരനായ താങ്കൾ എന്തിനാണ് വെറും അയ്യായിരം ഡോളർ ലോൺ ആവശ്യപ്പെട്ടത്. ‘ന്യൂയോർക്ക് പട്ടണത്തിൽ’ ഇവിടെയല്ലാതെ എവിടെയാണ് വെറും 15 ഡോളറിന് എനിക്ക് എന്റെ കാർ സുരക്ഷിതമായി രണ്ടാഴ്ച്ച വെക്കാൻ സാധിക്കുക എന്ന മറുപടിയാണ് ബാങ്ക് മാനേജർക്ക് ആ ഇന്ത്യക്കാരനിൽ നിന്ന് ലഭിച്ചത്. ആ ഇന്ത്യക്കാരനായ വ്യവസായിയാണ് ഇന്ത്യയിൽ നിന്ന് ഇപ്പോൾ രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളെയും പറ്റിച്ച് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞിരിക്കുന്ന വിജയ് മല്യ.
കച്ചവടത്തെ കച്ചകപടം എന്നു പറയാറുണ്ട് ചിലർ. തങ്ങളുടെ ബുദ്ധിയ്ക്കും, അദ്ധ്വാനത്തിനുമൊപ്പം അത്യാവശ്യം ചില കൺകെട്ടു വിദ്യകളും കാണിച്ചുതന്നെയാണ് ലോകത്തിലെ മിക്ക കച്ചവടക്കാരും അവരുടെ ബിസിനസ് സാമ്രാജ്യം വലുതാക്കികൊണ്ടിരിക്കുന്നത്. അത് തെരുവിൽ കടല വിൽക്കുന്നത് മുതൽ ഓരോ നിമിഷവും കോടികൾ കൊണ്ട് അമ്മാനമാടുന്ന വ്യവസായങ്ങൾ വരെ അങ്ങിനെ തന്നെ. സന്പത്ത് വളർച്ചയുടെ ഗ്രാഫായി കാണുന്ന ഈ ലോകത്ത് അതിനെ വെറുതെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല. ഇന്ന് ഈ ലോകത്ത് ജീവിക്കുന്ന 90 ശതമാനം പേരും ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ തന്നെയാണ്. സാങ്കേതികതയെ എതിർക്കുന്നവർ വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കാതിരിക്കുന്നില്ല. പരിസ്ഥതി നാശത്തെ പറ്റി വിലപിക്കുന്നവർ ഗുഹകളിൽ അല്ല താമസിക്കുന്നത്, ലളിത ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ വിലകൂടിയ കാറുകളിൽ സഞ്ചരിക്കാതെയും ഇരിക്കുന്നില്ല. പക്ഷെ ഇതിനോടൊപ്പം നന്മകൾ നിറഞ്ഞ നല്ല ആശയങ്ങൾ പരസ്പരം പകർത്താനും പടർത്താനും കഴിയുക എന്നതാണ് ഇന്നിന്റെ ആവശ്യം.
ഗൾഫ് രാജ്യങ്ങളിൽ സാന്പത്തിക പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന നിരവധി ബിസിനസ് പ്രമുഖരുണ്ട്. പലരും ഇന്ന് ജയിൽ അഴിക്കുള്ളിലുമാണ്. വലിയ ലാഭങ്ങളോ സന്പാദ്യങ്ങളോ ഉണ്ടാക്കാനുള്ള മോഹമില്ലാത്തവരാണ് ഇതിൽ ഒരു വിഭാഗം. വലിയ ദുരുദ്ദേശം ഇല്ലാത്തവരായി ഇവരെ കാണാം. തങ്ങളുടെ ജീവിത കാലയളവിൽ കുറച്ചു പേർക്ക് ജോലി നൽകുകയും, അത്യാവശ്യം നല്ല രീതിയിൽ ജീവിക്കുകയും, തങ്ങളുടെ അനന്തര തലമുറയ്ക്ക് വേണ്ടി കുറച്ച് സന്പാദ്യം മാറ്റിവെക്കണമെന്നും ആഗ്രഹിക്കുന്നവരാണിത്. എന്നാൽ മറ്റ് ചിലർ ഇങ്ങിനെയല്ല. ആരെയും പറ്റിച്ച്, എന്തും ചെയ്ത് തന്റെ ജീവിതകാലയളവിൽ ആകുന്നത്ര ഉണ്ടാക്കി അത് തനിയെ ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവരാണിവർ. അതിൽ പെട്ട ഒരാളായിട്ടാണ് വിജയ് മല്യ എന്ന ധനാഢ്യനെ നമ്മൾ മനസിലാക്കേണ്ടത്. വർഷങ്ങളായി അദ്ദേഹം ബാങ്കുകളെ പറ്റിച്ചു കൊണ്ടിരിക്കുന്നു എന്ന കേസും പരാതിയും നിലനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം നടത്തിയിരുന്ന വിമാനകന്പനി ജീവനക്കാർക്ക് ശന്പളം പോലും നൽകാനാകാതെ അടച്ചു പൂട്ടിയ വാർത്തകൾ പുറത്ത് വന്നിട്ടും ജനങ്ങളുടെ പ്രതിനിധി സഭകളിലെ ഏറ്റവും ഉയർന്ന തട്ടിൽ അദ്ദേഹം അംഗമായി തുടർന്നു. ഒടുവിൽ ഒന്പതിനായിരം കോടി രൂപ കുടിശിക വരുത്തി രാജ്യത്തെയാകെ നാണകേടിലാക്കി മല്യ രാജ്യം വിട്ടിരിക്കുന്ന സാഹചര്യത്തിൽ സത്യത്തിൽ അതിന് കളമൊരുക്കിയ ഗവണ്മെന്റ് ഇനിയെങ്കിലും ചെയ്യേണ്ടത് അന്പതിനായിരം മുതൽ ഒരു ലക്ഷം വരെ ലോണെടുത്ത് തിരിച്ചടക്കാൻ സാധിക്കാതെ കയർതുന്പിന്റെ അറ്റത്ത് ജീവനൊടുക്കാൻ കാത്തിരിക്കുന്ന പാവങ്ങളെ ദത്തെടുക്കുകയും അവരുടെ കടങ്ങൾ ഉടനെ തന്നെ എഴുതിതള്ളുകയുമാണ്. അങ്ങിനെയെങ്കിലും ഈ പാപകർമ്മത്തിന് കുറച്ചെങ്കിലും പരിഹാരമുണ്ടാകട്ടെ. ഒപ്പം ഇന്ത്യയിലേയ്ക്ക് വരാൻ സമയമായിട്ടില്ലെന്ന് പറഞ്ഞു നൂറ് കോടി ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്ന മല്യയോട് അപേക്ഷ ഇത്ര മാത്രം... വരാന്ന് പറഞ്ഞിട്ട് ചേട്ടാ വരാതിരിക്കരുതെ...