തീ പടർത്തരുത്
തെറ്റ് പറ്റുന്നത് മനുഷ്യസഹജം. അതിന് ക്ഷമ ചോദിച്ച് തെറ്റ് തിരുത്തിയെങ്കിൽ അത് അംഗീകരിക്കുന്നത് മനുഷ്യനിലെ നന്മ. പകരം തെറ്റിനെ മറ്റൊരു വലിയ തെറ്റ് കൊണ്ട് നേരിടാൻ ശ്രമിക്കുന്നത് ആപൽക്കരം. ഇത് ജീവിതം പഠിപ്പിക്കുന്ന വലിയൊരു പാഠം.
ലോകം വിശാലമാണ്. അനന്തം അജ്ഞാതം അവർണനീയം. അതിന്റെ മൂലയിലെവിടെയോ ഒരിടത്തിരുന്ന് നമ്മുടെ കണ്ണുകളിൽ നിറയുന്ന കാഴ്ചകളാണ് ഈ ലോകമെന്നും, നമ്മുടെ കാതുകളിൽ മുഴങ്ങുന്നതാണ് ഈ ലോകത്തെ ശബ്ദങ്ങളെന്നും തെറ്റിദ്ധരിക്കുന്പോൾ അത് നമ്മുടെ ജന്മത്തെ തന്നെ പാഴാക്കി കളയുന്നു. അനവധി വർണ്ണങ്ങൾ, വർഗങ്ങൾ, ജാതികൾ, മതങ്ങൾ, ഗോത്രങ്ങൾ സമൂഹങ്ങൾ എല്ലാം ചേർന്നുള്ള ലോകം. അവിടെ വിശ്വാസങ്ങൾക്ക് പ്രധാന്യമില്ല എന്നല്ല മറിച്ച് ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ് എന്നുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ തന്റെ വിശ്വാസം കാരണം മറ്റൊരാൾക്ക് വിഷമം ഉണ്ടാക്കുവാനോ, മനഃപ്രയാസം സൃഷ്ടിക്കുവാനോ ലോകത്ത് ഒരു മതവും പറയുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ ദിവസം മലയാളികളുടെ മുത്തശ്ശി പത്രങ്ങളിലൊന്നായ മാതൃഭൂമിയിൽ സോഷ്യൽ മീഡിയയിലെ ഒരു കുബുദ്ധിയുടെ നിലവാരമില്ലാത്ത ഭാഷയിൽ എഴുതപ്പെട്ട ഒരു കുറിപ്പ് തീരെ ജാഗ്രതയില്ലാതെ പ്രസിദ്ധീകരിച്ചതിന്റെ വിവാദം ഇപ്പോഴും കത്തിനിൽക്കുകയാണ്. ഇസ്ലാം മതവിശ്വാസികളിലും, പ്രവാചക വചനങ്ങളെ ഇഷ്ടപ്പെടുന്നവരിലും ഏറെ വേദന സൃഷ്ടിച്ച ഒരു കുറിപ്പ് തന്നെയാണിത് എന്നതിന് യാതൊരു സംശയവുമില്ല. ഈ വേദന മനസിലാക്കി തന്നെ മാതൃഭൂമി മാനേജ്മെന്റ് അവരുടെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തുകയും, ഈ തെറ്റ് വരുത്തിതീർത്തവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ അവസാനിക്കേണ്ട ഒരു പ്രശ്നത്തെ എന്നിട്ടും ആളികത്തിക്കാൻ മത്സരിക്കുന്നവരുടെ എണ്ണം നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്. സോഷ്യൽ മീഡിയകളിൽ വ്യാജ പേരുകളിൽ വരെ ആളുകൾ പരസ്പരം പോരടിക്കുന്നു, ആഹ്വാനങ്ങൾ ചെയ്യുന്നു. നിഷ്പക്ഷമായി തന്നെ നമ്മൾ ഈ വിഷയത്തെ കാണാൻ ശ്രമിക്കേണ്ടതുണ്ട്.
മതനിരപേക്ഷതയുടെയും പുരോഗമന ആശയങ്ങളുടെയും വിള നിലമായിരുന്ന കേരളത്തിൽ ഇന്ന് ജാതിമത ഭേദമന്യേ എന്തുകൊണ്ടാണ് വികാരങ്ങൾ ഇത്രയധികം വ്രണപ്പെടുന്നത് എന്ന് ചിന്തിക്കേണ്ടതും ഈ കാലത്തിന്റെ ആവശ്യമാണ്. സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശങ്ങൾ പരസ്പരം പടർത്തേണ്ട മതങ്ങളുടെ അനുയായികളിൽ പലരും ഇന്ന് മദപ്പാടിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കാള പെറ്റു എന്നു കേൾക്കുന്പോഴേക്കും കയറെടുക്കാൻ തുനിഞ്ഞിറങ്ങുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും വർദ്ധിക്കുന്നു. ഒപ്പം ഇതാണ് പറ്റിയ അവസരം എന്ന് കരുതി സടകുടഞ്ഞെഴുന്നേൽക്കുന്ന വിഷസർപ്പങ്ങളും സജീവമായിരിക്കുന്നു. ഏത് വിഭാഗത്തിൽപ്പെട്ടവർ ആയാലും മനുഷ്യർക്കിടയിൽ പരസ്പരം അവിശ്വാസത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകുന്നതിൽ മത്സരിക്കുന്നവരാണ് ഇത്തരം ആളുകൾ. വിവേകത്തിന്റെയും പൊരുത്തപ്പെടലിന്റെയും ഭാഷ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.
എതിർപ്പുകളുടെ ഒരു ചെറിയ കാറ്റടിക്കുന്പോൾ തന്നെ കടപുഴകി വീഴുന്നതല്ല നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഈ മഹത്തായ മതങ്ങൾ എന്ന് തിരിച്ചറിയാൻ പോലും ആരും മിനക്കെടുന്നില്ല. ഒരിക്കൽ കൈവിട്ടു പോയാൽ നമ്മുടെ നാട് പലതായി പകുത്തുപോകും എന്ന് മനസിലാക്കാനും സാധിക്കുന്നില്ല. വോട്ട് രാഷ്ട്രീയത്തിൽ കുറച്ച് നേട്ടങ്ങൾ ഉണ്ടാക്കാനുള്ള വേദികളായിട്ടാണ് പലരും ഇത്തരം വിവാദങ്ങൾ കെട്ടിയുണ്ടാക്കുന്നത്. തീർച്ചയായും ഇത് നമ്മുടെ ഇന്നലെകളോടുള്ള വെല്ലുവിളിയാണ്. നാളെകൾക്ക് നൽകുന്ന പാപഭാരങ്ങളാണ്.
മരണങ്ങളല്ല, ജീവിതങ്ങളാണ് നമ്മൾ പകുത്തെടുക്കേണ്ടത്. വികാരങ്ങളല്ല, വിശ്വാസങ്ങളാണ് നമ്മെ മനുഷ്യനാക്കേണ്ടത്. എന്റെയും നിന്റെയും കൈയിലോടുന്നത് രക്തം തന്നെയാണെന്ന ചിന്തയാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടത്. ഇടുങ്ങിയ ചിന്തകൾ കൊണ്ട് വിഷമൊഴുക്കുന്നവരെ ദൂരേക്ക് തള്ളി മാറ്റി നിർത്താനുള്ള തന്റേടമാണ് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതൃത്വങ്ങളും ഇന്ന് കാണിക്കേണ്ടത്.
ദയവ് ചെയ്ത് തീ പടർത്തരുത്. അണയ്ക്കാൻ ചിലപ്പോൾ തലമുറകൾക്ക് തന്നെ സാധിച്ചുവെന്ന് വരില്ല!!