എന്തിനാണി തിടുക്കം...
പ്രിയപ്പെട്ട മണി,
താങ്കളെ നേരിട്ട് ഇങ്ങിനെ വിളിക്കാവുന്ന പരിചയമൊന്നും എനിക്കില്ല. പലപ്പോഴും ബഹ്റിനിൽ േസ്റ്റജ് ഷോകളുമായി ബന്ധപ്പെട്ട് വരാറുള്ളപ്പോൾ കൂട്ടത്തിൽ ഒന്നോ രണ്ടോ ഫോട്ടോകൾ എടുത്ത ബന്ധം മാത്രം. ഒപ്പം തിരശീലകളിലും ടി.വി സ്ക്രീനിലും സമ്മാനിച്ച പൊട്ടിചിരികളും നാടൻ പാട്ടുകളും അഭിനയ മുഹൂർത്തങ്ങളും കണ്ട് ആസ്വദിച്ചിരുന്ന താങ്കളുടെ ആസ്വാദക ലക്ഷങ്ങളിൽ ഒരാൾ. എങ്കിലും ഈ അപ്രതീക്ഷിത വിടവാങ്ങലിൽ വല്ലാത്തൊരു സങ്കടം തോന്നുന്നു. ഒപ്പം താങ്കളെ ഒരു പാഠപുസ്തകമാക്കേണ്ട ആവശ്യകതയെ തിരിച്ചറിയുന്നു. ചാലക്കുടിയിൽ നിന്ന് ഓട്ടോ ഓടിച്ച് മലയാളികളുടെ നെഞ്ചിലേയ്ക്കും മനസിലേയ്ക്കും ഒരുപോലെ കയറി വന്ന് പെട്ടന്ന് ഇവിടുത്തെ വാസം മതിയാക്കി തിരികെ പോകുന്പോൾ താങ്കൾ ബാക്കി വെക്കുന്നത് താങ്കളുടെ ഇന്നലെകളും, ഇന്നും, അതുപോലെ തന്നെ വരാനിരിക്കുന്ന നാളെകളുമാണ്.
ഇന്നലെകളിൽ ഓഡിയോ കാസറ്റുകളിൽ ‘വരാതിരുന്നാലും ചേട്ടാ പരാതി തീരൂല’ എന്ന് താങ്കൾ പാടി തുടങ്ങിയപ്പോൾ അയൽപക്കത്തെ ഒരു ചേട്ടനെ മലയാളിയുടെ പൊതുസമൂഹം പതിയെ നെഞ്ചിലേയ്ക്ക് ഏറ്റെടുത്തിരുന്നു. സല്ലാപത്തിൽ തിങ്കളാഴ്ച നൊയന്പ് മുറിക്കുമെന്ന് തെങ്ങിന്റെ മുകളിൽ നിന്ന് പാടി അഭിനയിച്ചപ്പോൾ താങ്കളിലെ സാധാരണക്കാരനെ മലയാളി തിരിച്ചറിഞ്ഞു തുടങ്ങി. പതുക്കെ പതുക്കെ അഭ്രപാളികളിൽ ഹാസ്യത്തിന്റെ നറുമണം വിടർത്തി സഹനായകനായി, പ്രതിനായകനായി, ഒടുവിൽ നായകനായി കരുത്തിന്റെ പ്രതീകമായി താങ്കൾ നിറഞ്ഞാടിയപ്പോൾ അതിനൊപ്പം താളം വെക്കാൻ ആസ്വാദക ലക്ഷങ്ങൾ നിരന്നുനിന്നു. ഓരോ ഉത്സവകാലത്തും ചാനലുകൾ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പഴങ്കഥകളും, നാടൻ പാട്ടുകളും കൊണ്ട് സന്പന്നമായി. ഓരോ തവണയും വിമാനം കയറി ഗൾഫ് രാജ്യങ്ങളിൽ വന്നപ്പോഴൊക്കെ സ്വന്തം വീട്ടിൽ നിന്നാരോ വന്ന പ്രതീതിയായിരുന്നു ഞങ്ങൾ പ്രവാസികൾക്ക്. ചാലക്കുടിയിലെ മണികൂടാരത്തിനടുത്തുള്ളവർക്കും ദൂരെ ദിക്കിൽ നിന്ന് പോലും തന്നെ തേടി വരുന്നവർക്കും അന്നദാതാവായിരുന്നു താങ്കൾ.
ശരിയാണ്, താങ്കൾ രാജാവിനെ പോലെ തന്നെ ജീവിച്ചു, പക്ഷെ ഈശ്വരൻ തൊട്ടനുഗ്രഹിച്ച പ്രതിഭയുടെ ധാരാളിത്തത്തെ എങ്ങിനെയാണ് നിലനിർത്തേണ്ടത് എന്നറിയാതെ എവിടെയോ കാലിടറി പോയോ താങ്കൾക്ക് എന്നാണ് എന്റെയും ചിലപ്പോൾ താങ്കളെ സ്നേഹിക്കുന്ന പലരുടെയും മനസിൽ ഇന്ന് ഉയരുന്ന ചോദ്യം. താങ്കൾക്ക് ചുറ്റും ഉപഗ്രഹങ്ങൾ നിരവധിയുണ്ടായിരുന്നു. സൗഹൃദത്തിന്റെ മേലങ്കിയണിഞ്ഞു വന്ന പലർക്കും താങ്കൾ വെറുമൊരു സെലിബ്രേറ്റഡ് വിഗ്രഹമായിരുന്നു എന്ന് തിരിച്ചറിയാൻ താങ്കൾ വൈകിയെന്ന് തോന്നുന്നു. പ്രവാസലോകത്ത് പരിപാടികൾ അവതരിപ്പിക്കാൻ വരുന്പോൾ മണിചേട്ടനെ കുടിപ്പിച്ചു കിടത്തിയിരിക്കുകയാണെന്ന് പലപ്പോഴും ഞങ്ങൾ പത്രക്കാർക്ക് കേൾക്കേണ്ടി വന്നത് ഓർക്കട്ടെ. ഓരോ തവണയും േസ്റ്റജിന്റെ പുറകിൽ മദ്യകുപ്പികളുമായി കാത്തിരുന്ന താങ്കളുടെ ആ സുഹൃത്തുക്കളെയും വേദനയോടെ ഓർക്കട്ടെ. ചിലപ്പോൾ ആ സ്നേഹം കുറച്ചൊക്കെ നിരസിക്കാൻ താങ്കൾക്ക് സാധിച്ചിരുന്നെങ്കിൽ അൽപ്പകാലം കൂടി ആ മണികിലുക്കം ഞങ്ങളുടെ കാതുകളിൽ മുഴങ്ങിയേനെ.
കലാകാരൻ എന്നാൽ കുത്തഴിഞ്ഞ് ജീവിക്കുന്നവൻ ആയിരിക്കണം എന്ന തോന്നൽ നമ്മുടെ ഇടയിൽ നിന്ന് മാറേണ്ടിയിരിക്കുന്നു എന്ന വലിയ പാഠമാണ് താങ്കളുടെ മരണത്തിലൂടെ മലയാളി പഠിക്കേണ്ടത്. കഷ്ടപ്പാടും, ദാരിദ്ര്യവും നിറഞ്ഞ താങ്കളുടെ ഇന്നലെകൾ ഞങ്ങളുടെയും ജീവിതത്തിന്റെ വഴിത്താരകളെ ഓർമ്മപ്പെടുത്തുന്നവയാണ്. ആ വിയർപ്പിന്റെ ഫലമാണ് ഞങ്ങളുടെ ഇന്നിന്റെ ആഘോഷങ്ങൾ എന്നും താങ്കൾ മനസിലാക്കി തന്നു. അതോടൊപ്പം ആ ആഘോഷങ്ങളുടെ ധാരാളിത്തം സമ്മാനിക്കുന്നത് ആയുസെത്താത്ത മരണം മാത്രമാണെന്നും താങ്കൾ പഠിപ്പിച്ചിരിക്കുന്നു. തിടുക്കത്തിൽ നടന്നു പോയ താങ്കൾക്ക് പിന്നാലെ സിനിമാ മേഖലകളിൽ ഇനിയും എത്രയോ പേരുണ്ട്. സങ്കടമുണ്ട്, വേദനയുണ്ട്, ഇങ്ങിനെ നിങ്ങളൊക്കെ പോയ് മറയുന്നതിൽ..
ഒത്തിരി സ്നേഹത്തോടെ...