കീലേരി അച്ചുമാരുടെ ശ്രദ്ധയ്ക്ക്...
കൂടുതൽ കളിച്ചാൽ തട്ടികളയും! ഇങ്ങിനെയൊരു സന്ദേശം വന്നത് അഞ്ചെട്ട് വർഷം മുന്പ് ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായി ജോലി ചെയ്യുന്പോഴായിരുന്നു. ബഹ്റിനിലെ ഒരു ലേബർ പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ റിപ്പോർട്ടിങ്ങിന്റെ ഭാഗമായിട്ടായിരുന്നു ആ കന്പനിയിലെ മലയാളി മാനേജരുടെ ഈ സ്നേഹാന്വേഷണം.
അന്ന് അത് അർഹിക്കുന്ന അവഞ്ജയോടെ തള്ളി കളഞ്ഞ് അദ്ദേഹത്തിന്റെ ഭീഷണിയുടെ കാര്യം കൂടി റിപ്പോർട്ട് ചെയ്യുകയായിരുന്നു ഞാൻ ചെയ്തത്. തുടർന്ന് പോലീസ് കേസാവുകയും അദ്ദേഹത്തിന്റെ ജോലി പോവുകയുമൊക്കെ ചെയ്തു. ബഹ്റിൻ പോലുള്ള രാജ്യത്തെ ശക്തമായ നിയമങ്ങളാണ് അതിന് സഹായകരമായത്. അതിന് ശേഷം പലപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഫോർ പി.എം ആരംഭിച്ചത് മുതൽ ഇന്നലെ വരെ ഇത്തരം ഭീഷണികൾ പല സ്വരങ്ങളിലായി എന്നും തേടി വരുന്നുമുണ്ട്. തട്ടികളയും എന്നു തുടങ്ങി പത്രത്തിന്റെ സബ്സ്ക്രിപ്ഷൻ നിർത്തുമെന്ന് വരെയുള്ള ഭീഷണികൾ ആണ് ഇങ്ങിനെ ഞങ്ങളെ പോലുള്ള പത്രപ്രവർത്തകരെ തേടി എത്താറുള്ളത്. കുറേ വർഷമായി ഇതേ ജോലി ചെയ്യുന്നത് കൊണ്ടാകാം ആദ്യത്തെ ഭീഷണിയുടെ ത്രില്ലൊന്നും ഇപ്പോൾ അനുഭവപ്പെടാറില്ല എന്നതാണ് സത്യം. കൂടാതെ എല്ലാത്തിനും പ്രതികരിക്കാനും പോകാറില്ല. കാരണം ഭീഷണികൾ എന്നത് ജീവനുള്ള മനുഷ്യർക്ക് പരസ്പരം ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യങ്ങളിലൊന്നാണെന്ന തിരിച്ചറിവ് ഈ കാലത്തിനിടയ്ക്ക് ലഭിച്ചിട്ടുമുണ്ട്.
ബുദ്ധി ഉറയ്ക്കുന്ന പ്രായം മുതൽക്ക് തന്നെ ചെറുത് മുതൽ വലിയ ഭീഷണികൾ വരെ പരസ്പരം ഉയർത്തിയവരായിരിക്കും നമ്മളിലെ മഹാഭൂരിപഷം പേരും. അമ്മയോട് പറഞ്ഞു കൊടുക്കും എന്നു തുടങ്ങി, നിന്നെ ഞാൻ കാണിച്ചു തരാമെടാ എന്നും, നിനക്ക് കൊച്ചിയിലെ ക്വട്ടേഷൻ ടീമിനെ അറിയുമോടാ എന്നുമൊക്കെ ചിലപ്പോൾ ചോദിച്ചും കാണും. കിരീടം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ അവതരിപ്പിച്ച കഥാപത്രത്തിന്റെ ഭീഷണി പോലെയാണ് മിക്ക ഭീഷണികളും. നനഞ്ഞു പോകുന്ന ഓലപടക്കങ്ങളാണവ. ആവേശം കണ്ടാൽ ഇപ്പോ ഭൂമി തല തിരിച്ചിടും എന്ന രീതി. കാര്യത്തോട് അടുക്കുന്പോൾ അല്ലെങ്കിൽ വേണ്ടാ പിന്നെയാകട്ടെ എന്ന ഭാവം.
നമ്മുടെ രാജ്യത്തും ഇപ്പോൾ ഭീഷണികളുടെ പ്രവാഹമാണ്. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ തൊട്ട് ജെഎൻയുവിലെ തീപ്പൊരി നേതാവ് കനയ്യ കുമാർ വരെയുള്ളവർക്ക് നേരെ ഭീഷണികൾ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്നു. നാവരിയാനും, തല കൊയ്യാനുമൊക്കെ പരസ്യമായി ആഹ്വാനം ചെയ്യുന്നു. പരസ്പരം കൊലപാതകമടക്കമുള്ള ഭീഷണികൾ ഈ രീതിയിൽ ഉയർത്തുന്പോൾ എങ്ങിനെയാണ് ഇതിനെ നേരിടാൻ സാധിക്കുക എന്ന കാര്യത്തെ പറ്റി സാധാരണക്കാർക്ക് വലിയ പിടിയില്ല. ഇനി അഥവാ പരാതി കൊടുത്താൽ തന്നെ ഭീഷണി ഉയർത്തിയ ആളുകളെ ഒന്നോ രണ്ടോ ദിവസം ജയിലിൽ കിടത്തി മൂന്നാമത്തെ ദിവസം ജാമ്യമെടുത്ത് അവരെ മാലയിട്ട് പുറത്ത് കൊണ്ടുവരുന്ന സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. കൂടാതെ നവ മാധ്യമങ്ങളിലും ഇത്തരം ഭീഷണികൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്.
വടക്കൻ പാട്ടുകളിൽ കേട്ടിട്ടുളളത് പോലെ ഇന്നത്തെ കാലത്തും ഒരാൾ മറ്റൊരാളുടെ ജീവന് വില പറയുന്നുണ്ടെങ്കിൽ അയാളുടെ മാനസിക നിലവാരം എത്ര മാത്രം അധമമാണെന്ന് തിരിച്ചറിയാൻ നമ്മുടെ നിയമത്തിന് ഇനിയെങ്കിലും കഴിയേണ്ടതല്ലെ. ഈ ആധുനിക കാലത്ത് അവർക്ക് വേണ്ടത് മാനസികമായ ചികിത്സയാണെന്ന ഒരു ധാരണയെങ്കിലും നമ്മുടെ നിയമജ്ഞർക്ക് ഉണ്ടാകേണ്ടതല്ലെ. പോലീസ് േസ്റ്റഷനിൽ കേവലം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ട് പുറത്തേയ്ക്ക് ഹീറോ ഇമേജുമായി ഇവർ ഇറങ്ങുന്പോൾ പക്കാ ക്രിമിനലായി അവർ മാറുകയല്ലെ എന്ന് സമൂഹം തിരിച്ചറിയേണ്ടതില്ലേ. ഇങ്ങിനെ ധാരാളം ചോദ്യങ്ങൾ നിങ്ങളുടെ മനസ് കൊണ്ടു നടക്കുന്നുണ്ടാകും. പ്രത്യേകിച്ച് ഓരോ പ്രാവശ്യവും ഇത്തരം കേസുകൾ വരുന്പോൾ നമ്മുടെ നിയമവ്യവസ്ഥ എത്രത്തോളം പഴുതുകൾ ഉള്ളതാണെന്നും നമ്മൾ മനസിലാക്കുന്നു.
ഒരാളുടെ ശബ്ദം ഇല്ലാതാക്കാൻ അയാളെ കൊന്നാൽ മതിയെന്ന രാഷ്ട്രീയം നമ്മൾ കേരളീയർക്ക് ഒരിക്കലും പുത്തരിയല്ല. കേരളത്തിലുടനീളമുള്ള ബസ് സ്റ്റോപ്പുകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ ആ രക്തസാക്ഷികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇപ്പോഴും പൊടിപിടിച്ച് ജീവിക്കുന്നു. കുരയ്ക്കുന്ന എല്ലാ പട്ടികളും കടിക്കില്ലെങ്കിലും ചിലതിന് പേ ബാധിച്ചു പോയാൽ കടിക്കും എന്നതുറപ്പാണ് എന്നതിന്റെ ഉദാഹരണമാണ് ഈ ബോർഡുകൾ. ഇവയെ എങ്ങിനെയാണ് ചങ്ങലയ്ക്കിടേണ്ടതെന്നതിനെ പറ്റിയാണ് നമ്മുടെ നിയമജ്ഞർ പൊതുസമൂഹത്തോട് ഇനിയെങ്കിലും പറയേണ്ടത്. അല്ലെങ്കിൽ മൊത്തം സമൂഹത്തിന് തന്നെ താമസിയാതെ പേ പിടിച്ചേക്കും എന്നുറപ്പ് !!