ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...

പല പല ഗ്രൂപ്പുകളിലായി കഴിയാൻ വിധിക്കപ്പെട്ടവരാണ് ഇന്ന് നമ്മൾ മനുഷ്യരൊക്കെ. നമ്മുടെ പത്ത് വിരലുകൾ ഒരുപോലെ അല്ലാത്തത് പോലെ തന്നെ നിരവധി വ്യത്യസ്തകരമായ ചിന്താധാരകൾ ഓരോ മനുഷ്യർക്കും ഉണ്ടാകുന്പോൾ ഗ്രൂപ്പുകളുടെ എണ്ണവും വർദ്ധിക്കുന്നു. സമാന മനസ്കരായവർ ഒത്തുകൂടി അവർക്ക് താത്പര്യമുള്ള കാര്യങ്ങൾ നടത്തിയെടുക്കാൻ പദ്ധതികളും തയ്യാറാക്കുന്നു. ഇത് മനുഷ്യൻ ഉള്ള കാലം മുതൽ നിലനിൽക്കുന്ന പ്രവർത്തിയാണ്. പക്വതയെത്തിയ സമൂഹത്തിൽ പല തരം ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ തന്നെയും പരസ്പരം കേൾക്കാനും, കാണാനും ഉള്ള മനസ് അവർ ബാക്കി വെയ്ക്കുന്നു. അത് ഇല്ലാത്തിടത്ത് ഭീകരമായ ശത്രുതയിലേയ്ക്ക് വരെ കാര്യങ്ങൾ നയിക്കപ്പെടുന്നു. ഇത് ഒരു വീടിനകം മുതൽ ലോക രാഷ്ട്രങ്ങൾ വരെയുള്ള ഇടങ്ങളിൽ സംഭവിക്കുന്ന കാര്യമാണ്. കുടുംബപ്രശ്നങ്ങൾ മുതൽ ലോകമഹായുദ്ധങ്ങൾ വരെയുണ്ടാക്കുന്ന വലിയൊരു പ്രശ്നം.
പുതിയ കാലത്ത് ഗ്രൂപ്പുകൾ ആർക്കും ഉണ്ടാക്കാം. അതിന്റെ ഉത്തമോദാഹരണമാണ് നമ്മുടെയൊക്കെ മൊബൈൽ ഫോണിൽ കെട്ടികിടക്കുന്ന കാക്കതൊള്ളായിരം വാട്സപ്പ് ഗ്രൂപ്പുകൾ. ഇവിടെ ആർക്കും എന്തും പറയാൻ സാധിക്കുന്നു. ഇഷ്ടമുള്ളപ്പോൾ ഗ്രൂപ്പിൽ ചേരാം, ഇഷ്ടമുള്ളപ്പോൾ ഒഴിവാക്കാം. ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും സംഖ്യകൾക്ക് പിന്നിലെ അരൂപികളായ നിഴലുകളാണെങ്കിലും അവരൊക്കെ നമ്മുടെ സ്വന്തക്കാർ. ആരൊക്കെയാണ് ഓരോ ഗ്രൂപ്പിലും ഉള്ളതെന്ന് അതിന്റെ അഡ്മിന് പോലും വലിയ നിശ്ചയമുണ്ടാകില്ല. ഇവിടെ ഏറ്റവും തരം താഴ്ന്ന തമാശകൾ മുതൽ ഉദാത്തമായ സാഹിത്യം വരെ ലോകത്തിന്റെ ഏത് കോണിലേയ്ക്കും പരസ്പരം പങ്കുവെയ്ക്കാം. ആർക്കും എന്തും പറയാം. രാഷ്ട്രീയം, കല, സാഹിത്യം, കായികം എന്നു വേണ്ട ഗ്രാന്‍റ് മാസ്റ്റർ ജി.എസ് പ്രദീപിന് അറിയാത്ത വിഷയങ്ങൾ വരെ അടിസ്ഥാനമാക്കി ആയിരകണക്കിന് ഗ്രൂപ്പുകൾ ഉണ്ടാക്കാം. ഒരു വിഷയം നൽകി കഴിഞ്ഞാൽ പിന്നെ തൊട്ടു പിറകെ പ്രതികരണങ്ങളുടെ മാലപ്പടക്കങ്ങൾ സൃഷ്ടിക്കപ്പെടും. തീയും പുകയും കോലം കത്തിക്കലും, ലാത്തിചാർജ്ജുമൊക്കെ മൊബൈലിന്റെ സ്ക്രീനിൽ തെളിഞ്ഞുനിൽക്കും. ചിലപ്പോൾ കേരള കോൺഗ്രസ്സ് പോലെ ഗ്രൂപ്പ് പിളർന്ന് പുതിയൊരു ഗ്രൂപ്പുമായേക്കാം. നമ്മുടെ നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് കാണിക്കുന്ന ഉദ്ഘാടനമഹാമഹങ്ങളെ പോലെയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങുന്പോൾ ഉണ്ടാകുന്ന ആവേശം. ലോകസമാധാനവും രക്തദാനവും തൊട്ട് ഭൂമുഖത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതക്കൽ വരെയായിരിക്കും ലക്ഷ്യങ്ങൾ. എന്നാൽ ദിവസങ്ങൾ കഴിയുന്പോൾ തിരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലേയ്ക്ക് പോയ എം.എൽ.എമാരെ പോലെയാകും ഭൂരിഭാഗം ഗ്രൂപ്പ് അംഗങ്ങളും. സ്വന്തം മണ്ധലത്തിലേയ്ക്ക് തിരിഞ്ഞു നോക്കാൻ പോലും അവർക്ക് സമയം കാണില്ല. ഭൂമി തന്നെ മാറ്റി മറിക്കുമെന്ന തരത്തിൽ വന്നിരുന്ന വിപ്ലവ ചിന്തകളുടെ സ്ഥാനത്ത് വെറും ഗുഡ്മോണിങ്ങ്, ഗുഡ് നൈറ്റ് മെസേജുകൾ നിറയും. ഒടുവിൽ പതിയെ പതിയെ ഗ്രൂപ്പിന്റെ അഡ്മിൻ ഓരോ ആളെയായി ഡിലീറ്റ് ചെയ്യും. ഒടുവിൽ പാവം ഗ്രൂപ്പിന്റെ ദയാവധം. ഒപ്പം അടുത്ത നിമിഷം തന്നെ പുതിയ പേരിൽ പുതിയ ചിഹ്നത്തിൽ ഗ്രൂപ്പിന് പുനർജന്മം.
നിലവിൽ ഈ ലോകത്ത് ഏകദേശം നൂറ് കോടി വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഉള്ളത്. നേരത്തേ നൂറംഗങ്ങളെ മാത്രം ഉൾക്കൊള്ളാൻ സാധിച്ചിരുന്ന ഒരു ഗ്രൂപ്പിൽ ഇപ്പോൾ 256 അംഗങ്ങളെ വരെ ഉൾപ്പെടുത്താം. ഇത്തരം ഗ്രൂപ്പുകളിൽ നമ്മുടെ സ്വന്തം ഇന്ത്യ തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒന്നാം ക്ലാസിൽ ഒന്നിച്ചു പഠിച്ചവരുടെ മുതൽ ക്വട്ടേഷൻ സംഘങ്ങൾക്ക് വരെ നമ്മുടെ നാട്ടിൽ ഇന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ ഈ ഗ്രൂപ്പുകൾ പലപ്പോഴും തമ്മിലുള്ള സൗഹാർദ്ദം വളർത്തുന്നതിനെക്കാൾ ശത്രുതയും ഉണ്ടാക്കുന്നുണ്ട്. കുശുന്പ്, കുന്നായ്മ, പരദൂഷണം, അസൂയ, അത്യാഗ്രഹം, പൊങ്ങച്ചം തുടങ്ങിയ വികാരങ്ങൾ ഇടയ്ക്കിടെ പ്രകടിപ്പിക്കാനും നമ്മുടെ ഇടയിലെ പലരെയും ഇത് സഹായിക്കുന്നുണ്ട്. എന്തെങ്കിലും സമ്മാനമോ അംഗീകാരമോ ലഭിച്ചാൽ സ്വന്തം വീട്ടിൽ അറിയിക്കുന്നതിന് മുന്പ് തന്റെ എല്ലാ ഗ്രൂപ്പിലും ഇട്ടു ആളാകുന്ന എത്രയോ പേരെ നമുക്കറിയാം. ഈ ചിത്രം കാണുന്പോഴേക്കും ഗ്രൂപ്പിലെ അംഗങ്ങളുടെ തംസ് അപ്പ് കാണുന്പോൾ കിട്ടുന്ന ഒരിതുണ്ടല്ലോ അത് വേറെ എവിടെ നിന്നും കിട്ടില്ലെന്നാണ് അവർ പറയുക. എന്നാൽ ഒരു ഭാഗത്ത് തംസ് അപ്പ് ഇട്ടയാൾ മറ്റൊരു ഗ്രൂപ്പിൽ ഇവരുടെ തന്നെ കുറ്റവും പറയുന്നുണ്ടാകും.
വാൽകഷ്ണം: വാട്സ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ പല നിയമങ്ങളും ഓരോ രാജ്യവും ഉണ്ടാക്കി വരുന്നുണ്ട്. പലപ്പോഴും രാജ്യസുരക്ഷയെ അടക്കം ഇത് ബാധിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണിത്. താഴെ പറയുന്ന മുന്നറിയിപ്പ് അതു കൊണ്ട് തന്നെ ചിരിക്കാതെ എല്ലാ വാട്സാപ്പ് അഡ്മിനുകളും മനസ്സിലാക്കുക.
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ?
വാട്സ്ആപ്പ് ഗ്രൂപ്പിലെ ഫോർവാഡ് നിങ്ങൾക്ക് ദോഷകരമാണ്;
അതുപോലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും;
വാട്സ്ആപ്പ് ഗ്രൂപ്പിലെ ഫോർവാഡിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും;
പൊതുജന താൽപര്യാർത്ഥം പുറപ്പെടുവിക്കുന്നത്.