കാരണം ജീവിതം നിങ്ങളുടേതാണ്

ഈ ആശുപത്രികളൊക്കെ പൂട്ടിക്കാൻ ഇവിടെ ആരുമില്ലേ.. ചോദ്യം ഭാര്യയുടേതായിരുന്നു. എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് അപ്പുറത്തെ ഫ്ളാറ്റിലെ മൂന്നു വയസുകാരന്റെ വയറ് വേദനയെ പറ്റി അറിഞ്ഞത്. ഇത് കാരണം വീടിനടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റിയിലാണ് അവന്റെ മാതാപിതാക്കൾ അവനെ കൊണ്ട് കാണിച്ചത്. അത്യാവശ്യം നല്ല ബിൽ തുകയും നൽകി ആ വലിയ ആതുരാലയം അവരെ തിരിച്ചയച്ചു. ആദ്യത്തെ ഗുളിക നൽകിയപ്പോൾ തന്നെ മകന്റെ വയറ് വേദന ബ്രെയ്ക്കിട്ടത് പോലെ ശമിച്ചുവെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കലശലായി. നിർത്താതെയുള്ള അവന്റെ കരച്ചിൽ കേട്ടിട്ടാണ് ഭാര്യ അവരുടെ വീട്ടിൽ പോയി നോക്കിയതും നൽകിയ ഗുളികയെ പറ്റി അന്വേഷിച്ചതും.
അവിടെ നിന്ന് ഗുളികയുടെ രാസനാമം ഗൂഗിളിൽ ഒന്ന് പരിശോധിച്ചപ്പോഴാണ് കാൻസർ രോഗികൾക്ക് നൽകുന്ന ഗുളികയാണ് ആ മൂന്ന് വയസുകാരന് നൽകിയതെന്ന കാര്യം മനസിലായത്. കുട്ടികൾക്ക് ഇത് ഹാനികരം എന്നും പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഇതറിഞ്ഞ് ഉടനെ തന്നെ ആ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞ മറുപടിയാണ് ആദ്യത്തെ വാചകം പറയാൻ ഭാര്യയെ പ്രകോപിപ്പിച്ചത്. പേരിന്റെ അറ്റത്ത് കുറെ വാലുകൾ ഉള്ള ആ മഹാ ഭിഷഗ്വരൻ പറഞ്ഞത് നിങ്ങൾക്ക് ഗൂഗിളിനെയാണ് വിശ്വാസമെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ട് വന്നതെന്നും, സ്വയമായി അങ്ങ് ചികിത്സിച്ചാൽ പോരെ എന്നുമായിരുന്നു. ഒപ്പം താൻ നൽകിയ ഗുളിക കഴിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പക്ഷെ അതൊന്നും സമ്മതിച്ച് നൽകാതെ, ഒരു പരാതിയും നൽകി ഭാര്യയും സുഹൃത്തും കുട്ടിയും തിരികെ വന്നു. പിന്നീട് ആ മരുന്ന് കൊടുക്കാതെ തന്നെ കുട്ടിയുടെ അസുഖവും ശമിച്ചു.
നമ്മുടെ ആരോഗ്യരംഗം എത്രമാത്രം ജീർണിച്ചതാണെന്ന് നേരിട്ട് മനസിലാക്കിയ ഒരു അനുഭവമായിരുന്നു ഇത്. ആശുപത്രികളിൽ നിന്ന് എന്ത് മരുന്നാണ് നമ്മൾക്ക് എഴുതി തരുന്നതെന്നോ, എന്താണ് നമ്മൾ കഴിക്കുന്നതെന്നോ ഒരു പിടിയും ആർക്കും ഇല്ല. ഡോക്ടർക്കും, പിന്നെ കമ്മീഷൻ കൂടുതൽ കൊടുക്കുന്ന മെഡിക്കൽ റെപ്പിനും മാത്രം കാര്യം അറിയാം. മെഡിക്കൽ ക്യാന്പ് എന്ന പേരിൽ നടക്കുന്ന പരിപാടികളിൽ വളരെ കുറച്ച് മാത്രമാണ് ജീവകാരുണ്യം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നത്. ഇവയിൽ 90 ശതമാനവും മാർക്‍കറ്റിംഗ് ക്യാന്പുകൾ തന്നെയാണ്. നൂറ് പേർ വന്നാൽ 30 പേരെയെങ്കിലും സ്ഥിരം രോഗികളാക്കി മാറ്റുന്ന മാർക്കറ്റിംഗ് തന്ത്രം.
നമ്മുടെ നാട്ടിൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ഒരു ആരോഗ്യമേഖലയാണ് നേത്രരോഗ വിഭാഗം. ഒരു പ്രായം കഴിഞ്ഞാൽ മിക്കവർക്കും കാഴ്ച്ച ശക്തി കുറയുന്നത് സാധാരണമാണ്. അതിനെ മുതലെടുത്തു കൊണ്ടാണ് ഈ വ്യവസായം തഴച്ചു വളരുന്നത്. എട്ട് വർഷം മുന്പ് എന്റെ തന്നെ അച്ഛനെയും കൂട്ടി പ്രശസ്തമായ ഒരു ഐ ഹോസ്പിറ്റലിൽ പോയ കാര്യം ഓർക്കട്ടെ. അറുപത് കഴിഞ്ഞ അച്ഛന് ചെറിയൊരു തിമിരമുണ്ടോ എന്ന സംശയം കൊണ്ടാണ് അവിടെ പോയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കാണുന്ന തരത്തിലുള്ള സൗകര്യങ്ങളായിരുന്നു പരസ്യങ്ങളിലൂടെ സുപരിചതമായ ആ ആശുപത്രിയിൽ. അവിടെ എത്തിയ ഉടനെ ജ്യൂസും ബിസ്കറ്റുമൊക്കെ നൽകി അച്ഛന്റെ മുഴുവൻ വിവരങ്ങളും അവർ പേപ്പറിലാക്കി. അൽപ്പ നേരത്തിനുള്ളിൽ ചീഫ് ഡോക്ടറെ ഞങ്ങൾക്ക് കാണാൻ പറ്റി. പത്ത് മിനിട്ട് കൊണ്ട് തന്നെ ഫലവും പറഞ്ഞു. എത്രയും പെട്ടന്ന് ഓപ്പറേറ്റ് ചെയ്യണം. അല്ലെങ്കിൽ കാഴ്ച്ച ശക്തി നഷ്ടപ്പെടും. കൂടാതെ ഓപ്പറേഷൻ വരേയ്ക്കും ഇപ്പോൾ വെച്ച ലെൻസ് പോരാ അതും മാറ്റണം. ആശുപത്രിയുടെ താഴെ തന്നെ അത് വാങ്ങാനുള്ള സൗകര്യമുണ്ട്. രണ്ടായിരം മുതൽ മേൽപ്പോട്ടാണ് ലെൻസിന്റെ വിലയെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. അന്ന് എല്ലാത്തിനും തല കുലുക്കി സമ്മതിച്ച എന്റെ അച്ഛൻ വർഷം എട്ടു കഴിഞ്ഞിട്ടും ഒരു ഓപ്പറേഷനും നടത്താതെ ആ പഴയ ലെൻസ് മാറ്റാതെ ഇപ്പോഴും സുഖമായി കാറോടിക്കുന്നു, പുസ്തകങ്ങൾ വായിക്കുന്നു. ചിലപ്പോൾ ഭാഗ്യമാകാം അത്. എങ്കിലും ഇന്ന് ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ കാഴ്ച്ച ശക്തി തന്നെ ഇല്ലാതാകും എന്ന പച്ചകള്ളം പറയാൻ എങ്ങിനെയാണ് അഞ്ചും എട്ടും വർഷം മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ ഒരു ഡോക്ടർക്ക് സാധിക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമല്ലെ.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹത്തെ പറ്റിയും, രക്തസമ്മർദ്ദത്തെ പറ്റിയും, കൊളസ്ട്രോളിനെ പറ്റിയും, കാൻസറിനെ പറ്റിയുമൊക്കെ നമ്മൾ ദിവസവും കേൾക്കുന്നുണ്ട്. പലപ്പോഴും ഒരാളെയോ അല്ലെങ്കിൽ ഒരു കുടുംബത്തിനെയോ സാന്പത്തിക്കമായി ഇല്ലാതാക്കാൻ വരെ ഈ അസുഖങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്രയധികം പണം ചിലവഴിക്കുന്ന മേഖലയിൽ എത്ര പേർക്കാണ് മരുന്നുകൾ കഴിക്കുന്നത് കൊണ്ട് മാത്രം ജീവിതം തിരികെ ലഭിച്ചിട്ടുള്ളതെന്ന ഒരു ചോദ്യം ഉയർന്നാൽ അതിന് ശാസ്ത്രീയമായി എന്താണ് ഉത്തരമുള്ളത്. പത്തിൽ അഞ്ച് പേരുടെയെങ്കിലും അസുഖം പൂർണമായും മാറുന്നുണ്ടോ. ഒരു അസുഖം വന്നാൽ എത്ര രൂപയുടെ ചികിത്സയായിരിക്കണം ഒരാൾ നടത്തേണ്ടത്. ചികിത്സ നടത്തിയാലും രോഗി രക്ഷപ്പെടും എന്നുറപ്പുണ്ടോ. എന്തൊക്കെ ഗുളികകളും ചികിത്സകളുമാണ് ഓരോ രോഗത്തിനും ഒരു രോഗിയിൽ പരീക്ഷിക്കുന്നത്. അതറിയാനുള്ള അവകാശം പണം മുടക്കുന്ന രോഗിക്കില്ലെ. ചോദ്യങ്ങൾ അനവധിയാണ്. പലപ്പോഴും മരണഭയം എന്ന ഒറ്റ വികാരത്തിൽ നമ്മെ ഡോക്ടർമാർ കെട്ടിയിടുന്പോൾ ഈ ചോദ്യങ്ങളൊക്കെ മനസിനുള്ളിൽ ഒതുക്കി വെക്കാനാണ് സാധാരണക്കാർ പഠിച്ചിട്ടുള്ളത്.
ഈ ഒരു അവസ്ഥ മാറിയെങ്കിൽ മാത്രമേ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരിൽ കുറച്ച് പേരെങ്കിലും ദൈവ തുല്യരാണെന്ന് പറയാൻ സാധിക്കൂ. അല്ലെങ്കിലും അവരെയും കച്ചവടക്കാർ എന്ന് തന്നെ വിളിക്കേണ്ടി വരും. എന്തായാലും ആദ്യത്തെ അനുഭവത്തിന് ശേഷം അലോപതി മരുന്നുകളാണ് കഴിക്കേണ്ടി വരുന്നതെങ്കിൽ അതിന്റെ രാസനാമം ഒരിക്കല്ലെങ്കിലും ഗൂഗിളിൽ ചെക്ക് ചെയ്യാനുള്ള ഒരു സമാന്യ ബോധം എനിക്കുണ്ടായിട്ടുണ്ട്. നിങ്ങളും പറ്റുമെങ്കിൽ അതു ചെയ്യുക. കാരണം നിങ്ങളുടേതാണ് ജീവൻ. അത് നിങ്ങൾക്ക് തന്നെയാണ് ഏറ്റവുമധികം പ്രധാനം. മറ്റുള്ളവർക്ക് നിങ്ങൾ ക്ലയിന്റോ പേഷ്യന്റോ മാത്രമാണ്. മരിച്ചു പോയെങ്കിൽ കേവലം ബോഡിയും.