പാവം പാവം കാണ്ടാമ−ൃഗങ്ങൾ...

എന്നും തിരഞ്ഞെടുപ്പായിരുന്നുവെങ്കിൽ ഈ നാട് എത്ര നന്നായേനെ എന്നാണ് ഇപ്പോൾ ഏതൊരു സാമാന്യമലയാളിയും മനസിൽ പറയുന്നുണ്ടാവുക. കാരണം പത്രങ്ങളും ടെലിവിഷനിലും ഇപ്പോൾ നിറയെ ഗവൺമെന്റ് പരസ്യങ്ങളാണ്. ഉദ്ഘാടനം, ശിലയിടൽ, റോഡ് ടാറിടൽ എന്നു വേണ്ട ഈ നാടിനെ വികസിപ്പിച്ച് ഒരു വകയാക്കും എന്ന വാശിയിലാണ് നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ഗവൺമെന്റ്. ഈ ആവേശം തുടങ്ങിയിട്ട് ഇപ്പോ ഏകദേശം ഒരു മാസമാകുന്നു. ഏകദേശം രണ്ടാഴ്ച്ച, തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് വരേയ്ക്കും ഇത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം വയനാടിൽ ഒരു പാലത്തിന്റെ ഉദ്ഘാടനം നടന്നുവത്രെ. പക്ഷെ പാലത്തിന് അപ്പുറത്ത് അതുമായി കൂട്ടിമുട്ടുന്ന റോഡ് ഇതുവരെ തയ്യാറായിട്ടില്ല. അതിന്റെ ടെണ്ടർ വിളിച്ചിട്ടേയുള്ളൂ. അതായാത് ഉദ്ഘാടനം കഴിഞ്ഞ പാലത്തിന്റെ ഒരു വശത്ത് എത്തികഴിഞ്ഞാൽ പിന്നെ താഴോട്ട് എടുത്ത് ചാടുക എന്നല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നർത്ഥം. ഇതു പോലെ തന്നെ കഴിഞ്ഞ ദിവസം കണ്ണൂരിൽ പോയപ്പോഴാണ് നിർദ്ധിഷ്ഠ വിമാനത്താവളത്തിന്റെ ശരിയായ അവസ്ഥ മനസിലായത്. പേരിന് പോലും അവിടെ ഒരു കെട്ടിടത്തിന്റെ പണി മുഴുവനായും തീർന്നിട്ടില്ല. വിമാനം പോയിട്ട് ഓട്ടോറിക്ഷ തന്നെ ഓടാനുള്ള അവസ്ഥയും ഇവിടെ സംജാതമായിട്ടില്ല. ഉദ്ഘാടനം എന്ന് പറഞ്ഞ് ഹെലികോപ്ടറാണ് ഇവിടെ ഇപ്പോൾ ഇറക്കാൻ പോകുന്നത്. കൊച്ചിയിലെ സ്മാർട്ട് സിറ്റിയെ പറ്റി കുറച്ച് ദിവസം മുന്പ് എഴുതിയിരുന്നു. ഉദ്ഘാടനം വലിയ ബഹളത്തോടെ നടത്തിയെങ്കിലും ഇവിടെയും പ്രത്യേകിച്ച് ഇതുവരെയായി ഒന്നും തന്നെ പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇന്ന് കൊച്ചിൻ അന്താരാഷ്ട്ര ടെർമിനലിന്റെ ഉദ്ഘാടനമാണ്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേയ്ക്ക് സ്ഥിരമായി ഓട്ടം പോകുന്ന ടാക്സി ഡ്രൈവർ റേഡിയോയിൽ ഈ വാർത്ത കേട്ട് ചിരിച്ചപ്പോഴാണ് കാര്യം അന്വേഷിച്ചത്. അവിടെയും ഏറെ പണി തീരാനുണ്ടത്രെ. അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്ന ഒരു മന്ത്രിയെ വഴി തടയാൻ ശ്രമിച്ച പ്രതിപക്ഷത്തെ പറ്റിച്ച് ആരുമറിയാതെ അദ്ദേഹം തന്റെ മണ്ധലത്തിൽ മണിക്കൂർ വെച്ച് എന്തൊക്കെയോ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന വാർത്തകളും നമ്മുടെ നാട്ടിൽ സജീവം. ടിവിയിലും പത്രത്തിലും പരമാവധി ഫോട്ടോകൾ വരിക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയക്കാരുടെ ലക്ഷ്യം. കാരണം മണ്ധലം വിട്ടു പോയിട്ട് വർഷം അഞ്ചായല്ലോ. വോട്ട് കുത്തി പോയ പൊതുജനത്തിന് ഇങ്ങിനെയൊരാളുടെ മുഖമെങ്കിലും ഒന്ന് ഓർമ്മവരണമല്ലോ.
പഞ്ചായത്തുകളിലെ കലുങ്കും, ഇടവഴിയും മുതൽ മെട്രോ ടൗണിലെ സ്മാർട്ട് സിറ്റിയും, എയർപ്പോർട്ടും, ഒക്കെ പാതിവെന്ത അവസ്ഥയിലാണെങ്കിൽ പോലും ഉദ്ഘാടിച്ചു നാട് മുഴുവൻ ഓടി നടക്കുന്ന ശ്രീ ഉമ്മൻ ചാണ്ടിയെയും, മറ്റ് മന്ത്രി പുംഗവൻമാരെയും കാണുന്പോൾ സാധാരണ ജനത്തിന്റെ പ്രതിനിധിയെന്ന നിലയിൽ അൽപ്പനേരത്തേക്കാണെങ്കിലും എന്റെയുള്ളിലും ഒരു സന്തോഷം നുരഞ്ഞുപൊന്തുന്നുണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം പാവപ്പെട്ട പൊതുജനത്തിന്റെ വിലയേറുന്ന സന്ദർഭം അടുത്തുവരുന്ന സാഹചര്യത്തിലാണല്ലോ ഈ കാട്ടിക്കൂട്ടലുകളൊക്കെ നടന്നുവരുന്നത്. സത്യത്തിൽ ഈ രാഷ്ട്രീയക്കാരെ ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമില്ലാതെ തന്നെ കാണ്ടാമൃഗങ്ങൾ എന്ന് തന്നെയല്ലെ വിളിക്കേണ്ടത് എന്ന് സ്വാഭാവികമായും സംശയം തോന്നുന്ന നാളുകളാണ് ഇത്. ഇവരുടെ തൊലിക്കൊക്കെ ശരിക്കും എന്തൊരു കട്ടിയാണ് എന്ന് ചിന്തിച്ചു പോയാൽ തെറ്റുണ്ടോ.
ചിരിക്കാത്തവർ ചിരിച്ചും, കണ്ടാൽ മിണ്ടാത്തവർ ഇങ്ങോട്ട് വന്നു കുശലം പറഞ്ഞും, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ ആരെയും എന്തും പറയുന്നവർ ഇടയ്ക്കിടെ പറഞ്ഞതിനൊക്കെ ഖേദം പ്രകടിപ്പിച്ചും നല്ല പിള്ള ചമയുന്പോൾ ഹാ ഇതെന്തൊരു മനോഹര ലോകം എന്നല്ലാതെ എന്തോതാൻ. ഇവർ ഒരുക്കുന്ന ചതികുഴികളിലൊക്കെ വീണ്ടും ഒരിക്കൽ കൂടി വീണ് അതിൽ മുങ്ങി നീരാടി മഹാൻമാരായ നേതാക്കളെ ഒരിക്കൽ കൂടി നമുക്ക് സൃഷ്ടിച്ചെടുക്കാം. അല്ലാതെന്ത് ചെയ്യാൻ!!