ഭരണഘടന മാറ്റിയിട്ടു പോരെ...

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ മുക്തമായിട്ട് ഏകദേശം ഏഴ് പതിറ്റാണ്ടായിരിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന ഔദ്യോഗികമായി ആദ്യം പ്രസിദ്ധപ്പെടുത്തിയത് 1950 ജനുവരി ഒന്നിനാണ്.
ഇന്ത്യയെ ഈ ഭരണഘടനയിൽ വിശേഷിപ്പിക്കുന്നത് യൂണിയൻ എന്ന പദം കൊണ്ടാണ്. അല്ലാതെ ഫെഡറേഷൻ എന്നല്ല. ഇതിന് കാരണം സ്വാതന്ത്ര്യത്തിന് മുന്പുണ്ടായിരുന്ന പ്രവിശ്യകളുടെയോ, സംസ്ഥാനങ്ങളുടെയോമാത്രം ഒരു ഏകീകൃത രൂപമല്ല ഭാരതം. മറിച്ച് ഇവിടെയുള്ള ആകെ ജനങ്ങളുടെ ആന്തരികമായ ഐ
ക്യത്തെയും ഏകതയെയും അടിവരയിടുന്നതിന് വേണ്ടിയാണ് ഇന്ത്യൻ യൂണിയൻ എന്ന പേര് ഭാരതത്തിന് നൽകിയതും ഫെഡറേഷൻ എന്ന് നൽകാതിരുന്നതും. ഭരണഘടന ശിൽപ്പി ഡോ. ബി. ആർ. അംബേദ്കർ അന്ന് ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
നമ്മുടെ ഈ ഭരണഘടനയെ പറ്റി നമ്മൾ സാധാരണക്കാർക്ക് പലതും അറിയില്ല. അതിൽ ചില കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. അതിന്റെ പാർട്ട് രണ്ടിൽ അഞ്ചാം ഭാഗത്ത് ഭാരതീയ പൗരത്വം എന്നതിന്റെ നിർവ്വചനം ഇങ്ങിനെയാണ്. ഇന്ത്യാ മഹാരാജ്യത്ത്, അതായത് ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയ പൗരൻമാരാണ്. മതാപിതാക്കൻമാരിൽ ഒരാൾ ഇന്ത്യയിൽ ജനിച്ചതാണെങ്കിൽ അവരുടെ സന്താനങ്ങൾക്കും ഇന്ത്യൻ പൗരത്വം അവകാശപ്പെടാം. ഭാരതം ഒരു ജനകീയ റിപ്പബ്ലിക്കായി പ്രഖ്യാപ്പിക്കുന്നതിന് അഞ്ച് വർഷം മുന്പ് മുതൽ ഇന്ത്യയിൽ ജീവിച്ചിരുന്നവർക്കും പൗരത്വം അവകാശപ്പെടാം. ഇടയ്ക്കിടെ ചിലർ ഇവിടെയുള്ള മറ്റുള്ളവരോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഈ കാര്യം ഒന്നോർമ്മിപ്പിച്ചു എന്നു മാത്രം.
ഇനി ഇതേ ഭരണഘടനയിൽ മൂന്നാം ഭാഗത്ത് പറഞ്ഞിരിക്കുന്നത് പൗരൻമാരുടെ ചില മൗലീകാവകാശങ്ങളെ കുറിച്ചാണ്. അതിൽ ഒന്നാമത്തേത് അവന്റെ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്നതാണ്്. നിയമത്തിന്റെ മുന്പിൽ ഓരോ പൗരനും മറ്റ് പൗരൻമാർക്ക് തുല്യനും, അവൻ മറ്റൊരാളുടെ പൗരാവകാശം ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്. സ്വഅഭിപ്രായം ഏത് ഭാരതീയ പൗരനും സ്വതന്ത്രമായി വെളിപ്പെടുത്താം. മാരകായുധങ്ങൾ കൂടാതെ ആളുകൾക്ക് ഒന്നിച്ച്ചേർന്ന് സമാധാനത്തോടെ യോഗങ്ങളിൽ പങ്കെടുക്കാം. സമാനമായ ആശയങ്ങളും ഉന്നതമായ ഉദ്ദേശ്യവുമുള്ള ആളുകൾക്ക് ഒന്നിച്ച് ചേരാം. ഇന്ത്യാരാജ്യത്തിന്റെ പരിധിയിൽ ഏതൊരു പൗരനും സ്വതന്ത്രമായി സഞ്ചരിക്കാം. ഇന്ത്യയുടെ ഏതൊരു ഭാഗത്തും ഏതൊരു പൗരനും സ്വന്തമായി വീട് വെച്ച് താമസിക്കാം. അതുപോലെ ഏത് പൗരനും തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് വിൽക്കുവാനും വാങ്ങുവാനും ഉള്ള പൂർണ്ണമായ അധികാരമുണ്ട്. ഏത് തരത്തിലുള്ള തൊഴിൽ സ്വീകരിക്കുന്നതിനും പ്രവൃത്തിയിൽ ഏർപ്പെടുന്നതിനും വ്യവസായം നടത്തുന്നതിനും ഏതൊരു ഭാരതീയ പൗരനും പൂർണാധികാരമുണ്ടെന്ന് ആർട്ടികിൾ 19 വ്യവസ്ഥ ചെയ്യുന്നു. മുന്നറിയിപ്പ് കൂടാതെ വ്യക്തികളെ അറസ്റ്റ് ചെയ്യാനോ തടവിൽ വെക്കാനോ പാടില്ല. നിയമത്തിന് അനുസൃതമായി മാത്രമേ ഇങ്ങിനെ ചെയ്യാൻ സാധിക്കൂ.
ഇതൊക്കെ സൂചിപ്പിക്കാനുള്ള കാര്യം നമ്മുടെ ഇടയിൽ സ്വാതന്ത്ര്യത്തെ പറ്റി തെറ്റായ പല ധാരണകളും പരക്കുന്നത് കൊണ്ടാണ്. നമുക്ക് താത്പര്യം ഇല്ലാത്താതും ഉള്ളതുമായ നിരവധി കാര്യങ്ങൾ നമ്മുടെ ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ട്. ചിലതൊക്കെ കാലഹരണപ്പെട്ടതാണെന്നും, എന്തിനാണ് ഇങ്ങിനെയൊരു നിയമമെന്നും ഒക്കെ നമ്മളിൽ പലർക്കും തോന്നാം. ആർക്കും എന്തും പറയാനുള്ള ധൈര്യം ലഭിക്കുന്നത് ഈ ഭരണഘടന കാരണമാണെന്നും വേണമെങ്കിൽ പറയാം. എന്നിട്ട് ആ ദേഷ്യത്തിന് ഈ പുസ്തകം കൂട്ടിയിട്ട് കത്തിക്കാം.
പക്ഷെ ഇവർ ഓർക്കേണ്ട ഒരു കാര്യം എത്രയോ പേരുടെ ജീവത്യാഗത്തിന്റെ ഫലമാണ് ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യവും മുകളിൽ സൂചിപ്പിച്ച തരത്തിൽ ഭരണഘടന ഈ രാജ്യത്തെ പൗരൻമാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളും എന്നതാണ്. അതൊക്കെ പറ്റുമെങ്കിൽ നിയമപ്രകാരം മാറ്റിയിട്ട് പോരേ നിലവിൽ അനുവദിച്ചിരിക്കുന്ന അവകാശങ്ങളുടെ മുകളിലേയ്ക്കുള്ള കടന്നുകയറ്റം. ഇന്ത്യ എന്നാൽ കേവലം കുറച്ച് മനുഷ്യരോ അവരുടെ വികാരങ്ങളോ മാത്രം അല്ല, മറിച്ച് ഒരു മാലയിൽ കോർത്തിട്ട പലതരം മുത്തുകളുടെ ഒത്തൊരുമയാണ് എന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയണം. അങ്ങിനെയല്ല എന്ന് കരുതുന്നവരുടെ സ്ഥാനം മൂഢൻമാരുടെ സ്വർഗത്തിലാണെന്ന് മാത്രമേ ഭാരതീയനായ ആർക്കും ഇന്ന് പറയാൻ സാധിക്കൂ!!